'അതേ സാഹചര്യങ്ങൾ, അതേ കാവി പതാകകൾ'; ഗുജറാത്ത് കലാപത്തിലെ സാക്ഷികളുടെ സുരക്ഷ പിൻവലിച്ചത് പ്രതിഷ്ഠാ ചടങ്ങിന് ഒരു മാസം മുമ്പേ
text_fieldsഅഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിലെ സാക്ഷികളുടെ സുരക്ഷ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുമ്പേ പിൻവലിച്ചതായി റിപ്പോർട്ട്. കലാപത്തിലെ പ്രധാന സാക്ഷിയായ സയിദ് നൂർ ബാനു ഉൾപ്പെടെ അതീവ സുരക്ഷ വിഭാഗത്തിലുള്ള നിരവധി പേരുടെ സുരക്ഷയാണ് സർക്കാർ പിൻവലിച്ചത്. പ്രതിഷ്ടാ ചടങ്ങിന് ഒരുമാസം മുൻപായിരുന്നു നടപടി.
2002 ഗുജറാത്ത് കലാപത്തിലെ പരാതിക്കാർക്കും സാക്ഷികൾക്കും സുരക്,യൊരുക്കുന്നതിനായി സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘം സാക്ഷി സംരക്ഷണ സെൽ രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ 15വർഷത്തിന് ശേഷമാണ് നടപടി. നരോദാ പാട്യ കേസിൽ 32 പ്രതികളെ പിടികൂടാൻ സഹായിച്ച സാക്ഷികളുടെയുൾപ്പെടെ സുരക്ഷയാണ് റദ്ദാക്കിയത്.
കലാപം നടന്ന് 22 വർഷം പിന്നിട്ടിട്ടും ഹിന്ദു ആധിപത്യ മേഖലകളിലേക്ക് പോകാൻ ഭയമാണെന്നായിരുന്നു സയിദ് നൂർ ബാനുവിന്‍റെ പ്രതികരണം. നരോദാ പാട്യ സ്വദേശിയായ ബാനു ഫെബ്രുവരി 28ന് നടന്ന ഗോധ്രാ ട്രെയിൻ ദുരന്തത്തിന്‍റെയും 96 മുസ്ലിങ്ങളുടെ ക്രൂരകൊലപാതകത്തിന്‍റേയും പ്രധാന ദൃക്സാക്ഷിയായിരുന്നു. പ്രദേശത്തെ മുസ്ലിങ്ങളെ കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത നാലോളം പ്രതികളെ തിരിച്ചറിയാനും ബാനു കാരണക്കാരനായിരുന്നു.
"ഇന്ന് അതേ സാഹചര്യങ്ങൾ ഉയരുകയാണ്. അതേ കാവി പതാകകൾ. ഞങ്ങൾക്ക് പേടി തോന്നുന്നു", ബാനു കൂട്ടിച്ചേർത്തു.
കലാപത്തിന്‍റെയും മുസ്ലിങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളുടെയും സാക്ഷികളാക്കി തങ്ങളുടെ ജീവിതത്തേയും ആക്രമത്തിലേക്ക് തുറന്നുകാട്ടുകയാണ് സുരക്ഷ പിൻവലിച്ചത് പിന്നിലെ ഉദ്ദേശമെന്നാണ് മറ്റൊരു സാക്ഷിയായ മുഹമ്മദ് അബ്ദുൾ ഹമീദ് ഷെയ്ഖിന്റെ പ്രതികരണം. അഹമ്മദാബാദിലെ സിറ്റിസൺ നഗറിലാണ് ഹമീദ് ഷെയ്ഖ് ഉൾപ്പെടെ കലാപത്തെ അതിജീവിച്ച അൻപതിലധികം മുസ്ലിം കുടുംബങ്ങൾ 22 വർഷമായി താമസിക്കുന്നത്. മേൽവിലാസത്തിന് പുറമെ സി.ഐ.എസ്.എഫ് 22 എന്ന സംരക്ഷിത സാക്ഷിയുടേതെന്ന ലേബലും ഷെയ്ഖിന്‍റെ വീടിനുണ്ട്.
“ഞങ്ങളെ ആരു കേൾക്കും? ഞങ്ങളുടെ സുരക്ഷാ പുനസ്ഥാപിക്കാൻ പ്രേരിപ്പിച്ചാലും അത് ഒരു മാറ്റവും ഉണ്ടാക്കുമെന്ന് കരുതുന്നില്ല," ഷെയ്ഖ് പറഞ്ഞു.
ഷെയ്ഖിനും ബാനുവിനും പുറമെ ഇന്ന് അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടത്തിയ അതേ വ്യക്തി വർഷങ്ങൾക്ക് മുൻപ് കലാപത്തിന് വഴിതെളിച്ചതിനെ കുറിച്ചുള്ള ചിന്ത തങ്ങളിലെ ഭീതി ഇരട്ടിയാക്കുന്നുണ്ടെന്നും അതിജീവിതർ കൂട്ടിച്ചേർക്കുന്നുണ്ട്.
സംരക്ഷണം പിൻവലിച്ചതിന് പിന്നാലെ കുടുംബത്തെയോർത്ത് ഭയമുണ്ടെന്നായിരുന്നു സാക്ഷിയായ മറൂഫ് പത്താന്‍റെ പ്രതികരണം. ഭയത്തോടെ ജീവിക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടുവെന്നും ജീവിതത്തിൽ ആശങ്കയുണ്ടെന്നും പത്താൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.