ബംഗളൂരുവിൽ അമിത് ഷാ സഞ്ചരിച്ച വഴിയിൽ സ്ഫോടനം; ഭൂമിക്കടിയിൽനിന്ന് കരിമ്പുകയും ശബ്ദവും
text_fieldsബംഗളൂരു: ബംഗളൂരു നഗരഹൃദയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച വഴിയിൽ സ്ഫോടനം. അമിത് ഷാ സഞ്ചരിച്ചിരുന്ന മൗണ്ട് കാർമൽ കോളജിന് സമീപം വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സ്ഫോടനം നടന്നത്. ചിക്ക്ബെല്ലാപൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഷാ.
സംഭവത്തിൽ അട്ടിമറിയില്ലെന്നും ഷോർട്ട് സർക്യൂട്ടാണ് സ്ഫോടനകാരണമെന്നും പൊലീസ് കണ്ടെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും സഞ്ചരിക്കുന്ന വഴികൾ സുരക്ഷാ ഉദ്യോഗസ്ഥർ നേരത്തെ തന്നെ പരിശോധിച്ച് അപകടസാധ്യതകൾ കണ്ടെത്താറുണ്ട്. എന്നാൽ, ഇന്ന് അമിത്ഷാ സഞ്ചരിക്കുന്ന വഴിയിൽ അസാധാരണമായി യാതൊന്നും കണ്ടെത്തിയിരുന്നില്ല. സ്ഫോടന ശബ്ദം കേട്ട് പൊലീസ് അന്വേഷിച്ചപ്പോഴാണ് ഭൂഗർഭ വൈദ്യുത കേബിളുകളിൽ മലിനജലം കയറി ഷോർട്ട് സർക്യൂട്ട് ആയതാണെന്ന് മനസ്സിലായത്.
അലേർട്ട് ലഭിച്ചപ്പോൾ പൊലീസ് ആദ്യം ഭയന്നെങ്കിലും അട്ടിമറി ശ്രമങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. ദൃക്സാക്ഷികൾ പകർത്തിയ വിഡിയോയിൽ ഭൂമിക്കടിയിൽ നിന്ന് കരിമ്പുക ഉയരുന്നത് കാണാം. സ്ഫോടനശബ്ദവും കേൾക്കാം. അമിത് ഷായുടെ സംരക്ഷണ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഡോഗ് സ്ക്വാഡും പ്രദേശം പരിശോധിച്ചു. സുരക്ഷാസംഘം സ്ഥലത്തെത്തി സംശയാസ്പദമായ യാതൊന്നും ഇല്ലെന്ന് ഉറപ്പാക്കിയാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.