സി.എ.എ വിരുദ്ധ സമരത്തിന്റെ അനുസ്മരണം സംഘടിപ്പിച്ച അധ്യാപർക്കെതിരെ അച്ചടക്ക നടപടി; ജാമിയയിൽ പ്രതിഷേധിച്ച 10 വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു
text_fieldsന്യൂഡൽഹി: പ്രകടനം നടത്തിയെന്നാരോപിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകിയ രണ്ട് പി.എച്ച്.ഡി അധ്യാപകർക്കെതിരായ സർവകലാശാലയുടെ അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ചതിന് ജാമിയ മില്ലിയ ഇസ്‍ലാമിയ സർവകലാശാലയിലെ 10 ലധികം വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. 2019ലെ പൗരത്വ ഭേദഗതി നിയമ വിരുദ്ധ (സി.എ.എ) പ്രതിഷേധങ്ങളെ അനുസ്മരിക്കുന്ന വാർഷിക പരിപാടിയായ 2024 ഡിസംബർ 15ലെ ‘ജാമിയ പ്രതിരോധ ദിന’വുമായി ബന്ധപ്പെട്ടതാണ് അധ്യാപകർക്കെതിരായ അച്ചടക്ക നടപടികൾ.
കഴിഞ്ഞ വർഷം അനുസ്മരണം സംഘടിപ്പിച്ച രണ്ട് പി.എച്ച്.ഡി സ്കോളർമാർക്കെതിരായ സർവകലാശാലയുടെ അച്ചടക്ക നടപടിക്കെതിരെ തിങ്കളാഴ്ച ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‍ലാമിയയിലെ വിദ്യാർഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു.
ക്രമസമാധാന പാലനത്തിനായി വിദ്യാർഥികളെ സമരസ്ഥലത്തു നിന്ന് മാറ്റാൻ സർവകലാശാല, പൊലീസ് ഇടപെടൽ ആവശ്യപ്പെട്ടുവെന്നാണ് പൊലീസ് വാദം. യൂനിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്റെ അഭ്യർഥനയെത്തുടർന്ന് തങ്ങൾ പുലർച്ചെ 4 മണിയോടെ പത്തിലധികം വിദ്യാർഥികളെ നീക്കം ചെയ്തു. കൂടാതെ, ക്രമസമാധാനപാലനത്തിനായി കാമ്പസിന് പുറത്ത് കനത്ത പൊലീസ് സുരക്ഷയെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അധ്യാപകർക്കെതിരായ അച്ചടക്ക നടപടികൾ പിൻവലിക്കണമെന്നും ‘വിദ്യാർഥി ആക്ടിവിസത്തിനെതിരായ അടിച്ചമർത്തൽ’ അധികൃതർ അവസാനിപ്പിക്കണമെന്നും വിദ്യാർഥികൾ ചൊവ്വാഴ്ച നടത്തിയ പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു. ‘വിയോജിപ്പാണ് ജാമിഅയുടെ പൈതൃകം’, ‘കാമ്പസ് ജനാധിപത്യം പുനഃസ്ഥാപിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള ബാനറുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അവർ ഒത്തുചേരാനും അഭിപ്രായ പ്രകടനം നടത്താനുമുള്ള തങ്ങളുടെ മൗലികാവകാശങ്ങളെ ഭരണകൂടം അടിച്ചമർത്തുകയാണെന്ന് ആരോപിച്ചു.
വിദ്യാർഥി സംഘടനായ എ.ഐ.എസ്.എ (ഐസ)യുടെ അഖിലേന്ത്യാ പ്രസിഡന്റ് നേഹ പ്രതിഷേധക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കവെ ഡൽഹി പൊലീസ് തടഞ്ഞുവെച്ചത് സംഘർഷമുണ്ടാക്കി.
അതേസമയം, നേഹക്കെതിരെ നടപടി എടുത്തത് സർവകലാശാലയാണെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ‘ജാമിയ ഭരണകൂടം നേഹയ നീക്കം ചെയ്യുകയും ഞങ്ങൾക്ക് പരാതി നൽകാൻ പദ്ധതിയിടുകയും ചെയ്തു. ജാമിയ ഭരണകൂടമാണ് അവരെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്’ - ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ടു ചെയ്തു.
2019 ഡിസംബർ 15 ന് ജാമിയയിൽ ‘സർക്കാർ സ്‌പോൺസേർഡ് ആക്രമണം’ നടത്തിയതിന്റെ സ്മരണക്കായി വിദ്യാർഥികൾക്കെതിരായ ജാമിയ മില്ലിയ ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ നടപടികളെ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ശക്തമായി അപലപിക്കുന്നു എന്ന് തിങ്കളാഴ്ച ‘ഐസ’ പ്രസ്താവനയിൽ പറഞ്ഞു.
സി.എ.എ വിരുദ്ധ സമരകാലത്ത് 2019ൽ ഡൽഹി പൊലീസ് കാമ്പസിനുള്ളിൽ കയറി ലൈബ്രറിക്കുള്ളിൽ വിദ്യാർഥികൾക്കുനേരെ ലാത്തി വീശിയത് രാജ്യവ്യാപകമായി പ്രകോപനം സൃഷ്ടിച്ചിരുന്നു.
ജാമിയയിലെ അച്ചടക്ക സമിതി ഈ മാസം 25ന് പ്രതിഷേധത്തിൽ വിദ്യാർത്ഥികളുടെ പങ്ക് അവലോകനം ചെയ്യാൻ തീരുമാനിച്ചതായാണ് വിവരം. എന്നാൽ വിദ്യാർഥികളുടെ ആവശ്യങ്ങളോട് യൂനിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.