ഫ്രാങ്ക്ഫർട്ട്-മുംബൈ വിസ്താര വിമാനത്തിന് സുരക്ഷാഭീഷണി; ഈ ആഴ്ചയിലെ 13ാമത്തെ സംഭവം
text_fieldsന്യൂഡൽഹി: ഫ്രാങ്ക്ഫർട്ട്-മുംബൈ വിസ്താര വിമാനത്തിന് സുരക്ഷാഭീഷണി. സമൂഹമാധ്യമങ്ങൾ വഴിയാണ് വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചതെന്ന് എയർലൈൻ വക്താവ് അറിയിച്ചു. ഭീഷണി ലഭിച്ചതിന് പിന്നാലെ വിമാനം പരിശോധനക്കായി പ്രത്യേക മേഖലയിലേക്ക് മാറ്റി. മുംബൈയിലെ ഛത്രപതി ഇന്റർനാഷനൽ വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം.
കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യയിലെ വിമാനങ്ങൾക്ക് ലഭിക്കുന്ന 13ാമത്തെ ഭീഷണി സന്ദേശമാണിത്. ആഭ്യന്തര, ഇന്റർനാഷനൽ സർവീസുകൾക്കെല്ലാം ഭീഷണിയുണ്ടായിരുന്നു. എയർ ഇന്ത്യ, ഇൻഡിഗോ, അകാസ എയർ തുടങ്ങിയ കമ്പനികളെല്ലാം ഇതുമൂലം പ്രതിസന്ധിയിലായി.
വിസ്താര വിമാനം യു.കെ 028ലെ ഭീഷണിയുണ്ടായെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു. സുരക്ഷാ ഏജൻസികളുമായി തങ്ങൾ പൂർണമായും സഹകരിക്കുന്നുണ്ട്. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷക്കാണ് തങ്ങൾ വലിയ പരിഗണന നൽകുന്നതെന്നും വിസ്താര എയർലൈൻസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഏഴ് വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിൽ രണ്ടെണ്ണം അടിയന്തര ലാൻഡിങ് നടത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച മുംബൈയിലേക്കുള്ള മൂന്ന് വിമാനങ്ങളാണ് ഇതുമൂലം പ്രതിസന്ധിയിലായത്. ഇതിൽ ഒരെണ്ണം ഡൽഹിയിലേക്ക് വഴിതിരിച്ച് വിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.