Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ആൾട്ട് ന്യൂസ്’...

‘ആൾട്ട് ന്യൂസ്’ സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ രാജ്യദ്രോഹക്കുറ്റം; സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനായി ശബ്ദമുയർത്തണമെന്ന് പ്രതിപക്ഷ എം.പിമാർ

text_fields
bookmark_border
‘ആൾട്ട് ന്യൂസ്’ സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ രാജ്യദ്രോഹക്കുറ്റം; സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനായി ശബ്ദമുയർത്തണമെന്ന് പ്രതിപക്ഷ എം.പിമാർ
cancel

ലക്നോ: വസ്തുതാ പരിശോധന വെബ്‌സൈറ്റായ ആൾട്ട് ന്യൂസി​​ന്‍റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെതിരെ രാജ്യ​ദ്രോഹക്കുറ്റം ചുമത്തി യു.പി.പൊലീസ്. കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമത്തി​ന്‍റെ പുതിയ അവതാരമെന്ന് വിമർശകർ വിശേഷിപ്പിക്കുന്ന ‘ഭാരതീയ ന്യായ സൻഹിത’യുടെ 152ാം വകുപ്പ് ഉപയോഗിച്ചാണിത്. ഹിന്ദുത്വ പുരോഹിതനായ യതി നരസിംഹനാദി​ന്‍റെ വിവാദപ്രസംഗത്തി​​ന്‍റെ ക്ലിപ്പ് പങ്കിട്ടതിന് സുബൈറിനെതിരെ ഫയൽ ചെയ്ത കേസിൽ ‘ഇന്ത്യയുടെ പരമാധികാരവും ഐക്യവും അപകടത്തിലാക്കി’ എന്ന് ആരോപിച്ച് ഉത്തർപ്രദേശ് പൊലീസ് അലഹബാദ് ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.ഗാസിയാബാദിലെ ദസ്‌ന ദേവി ക്ഷേത്രത്തിലെ പൂജാരിയായ യതി നരസിംഹാനന്ദി​ന്‍റെ അനുയായികളുടെ പരാതിയെ തുടർന്നാണ് എഫ്.ഐ.ആർ ഫയൽ ചെയ്തത്.

രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിക്കെതിരെ പ്രതിപക്ഷ ‘ഇൻഡ്യാ’ ബ്ലോക്കിലെ നേതാക്കൾ മാധ്യമപ്രവർത്തകനെ പിന്തുണച്ച് രംഗത്തെത്തി. വിഘടന ശക്തികൾക്കെതിരെ നിർഭയമായി പോരാടുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമാണിതെന്ന് ഡി.എം.കെ എം.പി കനിമൊഴി അപലപിച്ചു. സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമർത്തുന്നതിനും വിയോജിക്കാൻ ധൈര്യപ്പെടുന്ന ആളുകൾക്കെതിരെയും നിയമം എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതി​ന്‍റെ ഉദാഹരണമാണ് ഈ കേസിൽ പ്രയോഗിക്കപ്പെട്ടിരിക്കുന്ന ബി.എൻ.എസ് 152 വകുപ്പെന്നും അവർ കൂട്ടിച്ചേർത്തു. ‘ഞാനിതിനെ ശക്തമായി അപലപിക്കുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരായ ഭീഷണിക്കെതിരെ ശബ്ദമുയർത്താൻ അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും കനിമൊഴി പറഞ്ഞു.

ഇത് നിയമത്തി​ന്‍റെ നഗ്നമായ ദുരുപയോഗമാണെന്ന് ലോക്‌സഭാ എം.പിയും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശശികാന്ത് സെന്തിൽ പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾ തുറന്നുകാട്ടുന്ന ഒരു വസ്തുതാ പരിശോധകനെ ടാർഗെറ്റു ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങളുടെ അപചയത്തെ എടുത്തുകാണിക്കുന്നു. സത്യം പറയുന്നതിനെ രാജ്യദ്രോഹമായി മുദ്രകുത്തുമ്പോൾ ജനാധിപത്യം ഭീഷണിയിലാണെന്നും അദ്ദേഹം ‘എക്‌സി’ൽ എഴുതി. അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള ഈ ആക്രമണത്തിനെതിരെ നമുക്ക് ഒന്നിക്കാം. നീതിയും ഉത്തരവാദിത്തവും സംരക്ഷിക്കുന്നവരെ പിന്തുണക്കാം -കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.

‘ഉത്തർപ്രദേശ് പൊലീസ് അലഹബാദ് ഹൈകോടതിയിൽ സമർപിച്ച സത്യവാങ്മൂലത്തിൽ ഞങ്ങളുടെ സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ത​ന്‍റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അപകടപ്പെടുത്തുന്നുവെന്ന് ആരോപിച്ച’തായി ആൾട്ട് ന്യൂസ് സോഷ്യൽ മീഡിയയിലെ പോസ്റ്റിൽ പറഞ്ഞു. രാജ്യദ്രോഹ നിയമങ്ങൾ മുൻകാലങ്ങളിൽ ദുരുപയോഗം ചെയ്‌തതുപോലെ അധികാരത്തിലുള്ളവരെ വിമർശിക്കുന്ന ശബ്‌ദങ്ങളെ അടിച്ചമർത്താൻ ഈ വ്യവസ്ഥ ആയുധമാക്കുമെന്ന് വിമർശകർ പണ്ടേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതെങ്ങനെ യാഥാർത്ഥ്യമാകുന്നു എന്നതി​ന്‍റെ വ്യക്തമായ ഉദാഹരണമാണ് സുബൈറി​ന്‍റെ കേസെന്നും വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടി.

‘വിദ്വേഷവും തെറ്റായ വിവരങ്ങളും തുറന്നുകാട്ടാൻ പ്രതിജ്ഞാബദ്ധരായ വ്യക്തികളെയും സംഘടനകളെയും ഭയപ്പെടുത്താൻ ഭരണകൂട സംവിധാനം എങ്ങനെ ഉപയോഗിക്കുന്നു എന്നതി​ന്‍റെ മറ്റൊരു ഉദാഹരണമാണ് ഈ സത്യവാങ്മൂലം. പൊതു വ്യവഹാരത്തിൽ സത്യവും ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കാനുള്ള തങ്ങളുടെ ദൗത്യത്തിൽ ആൾട്ട് ന്യൂസ് ഉറച്ചുനിൽക്കുന്നു. സുബൈർ നിരന്തരം നിയമപരമായ ഭീഷണി നേരിടുന്നതിനാൽ ഞങ്ങൾ അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഈ പോരാട്ടത്തിൽ ഞങ്ങളോടൊപ്പം തുടരാൻ അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്ര പത്രപ്രവർത്തനം, വസ്തുതാ പരിശോധന എന്നിവയെ പിന്തുണക്കുന്ന എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു -പ്രസ്താവനയിൽ പറഞ്ഞു.

തീവ്ര ഹിന്ദുത്വ ഹാൻഡിലുക​ളെ പൊതുവെയും സുബ്രഹ്മണ്യൻ സ്വാമിയെ പ്രത്യേകിച്ചും വിമർശിക്കുന്ന ഒരു പാരഡി പേജി​ന്‍റെ സ്ഥാപകൻ എന്ന നിലയിലാണ് സുബൈർ ആദ്യമായി ഇന്‍റർനെറ്റ് വാർത്താ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട്, ഗുജറാത്ത് ആസ്ഥാനമായുള്ള അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ മുകുൾ സിൻഹയുടെ മകനായ ആക്ടിവിസ്റ്റ് പ്രതീക് സിൻഹക്കൊപ്പം അദ്ദേഹം ആൾട്ട് ന്യൂസ് ആരംഭിച്ചു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തുനിന്ന് ഇതാദ്യമായല്ല സുബൈർ പൊലീസ് നടപടി നേരിടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, ത​ന്‍റെ സ്‌കൂളിലെ മുസ്‍ലിം കുട്ടിയെ തല്ലാൻ മറ്റു കുട്ടികളോട് പ്രധാനാധ്യാപിക ആജ്ഞാപിക്കുന്ന വിഡിയോ പങ്കുവെച്ചതിന് യു.പി പൊലീസ് സുബൈറിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sedition casealt newsJournalist Mohammed ZubairFact-Checker M Zubair
News Summary - ‘Sedition case’ against Indian right-wing’s ‘favourite’ fact-checker Mohammed Zubair
Next Story