ലക്ഷദ്വീപിൽ പ്രതിഷേധ ബോർഡ് വെച്ചവർക്കെതിരെ രാജ്യദ്രോഹക്കുറ്റം
text_fieldsകൊച്ചി: പൗരത്വനിയമ സമരത്തിന്റെ ഭാഗമായി ലക്ഷദ്വീപിൽ പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചവരെ കുടുക്കാൻ രാജ്യദ്രോഹക്കുറ്റവും. അറസ്റ്റിലായി റിമാൻഡും കഴിഞ്ഞ് ജാമ്യം ലഭിച്ച മൂന്നുപേരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ നൽകിയ അപ്പീലിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയെന്ന് വ്യക്തമാക്കിയത്. ഒരുവർഷം മുമ്പ് സ്ഥാപിച്ച ബോർഡുകൾ നീക്കിയിരുന്നു. ഈ കേസിൽ കവരത്തി സ്വദേശികളായ കോൺഗ്രസ് നേതാവ് ആറ്റക്കോയ, സി.പി.എം പ്രവർത്തകരായ പി.പി. റഹീം, സി.പി. അഷ്കർ അലി എന്നിവർക്കെതിരെ ഗുരുതര വകുപ്പുകൾ പ്രകാരമായിരുന്നു ആദ്യം കേസെടുത്തത്. പ്രഫുൽ ഖോദ പട്ടേൽ ചുമതലയെടുത്ത േശഷം ആദ്യം ചെയ്ത നടപടികളിലൊന്നായിരുന്നു ഇത്.
റിമാൻഡിലായ ഇവർക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഉടൻ ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യദ്രോഹക്കുറ്റവും ചുമത്തി അപ്പീൽ നൽകി. ഈ കേസ് കോടതി പരിഗണിച്ചിട്ടില്ല. മുമ്പ് ഒരു രാജ്യദ്രോഹക്കുറ്റംപോലും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ലക്ഷദ്വീപിലെ ആദ്യ കേസായിരുന്നു ഇത്. കേസിലൂടെ പൂർണമായും ജനങ്ങളെ ഭയപ്പെടുത്തുകയെന്നതായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ ലക്ഷ്യം. ഒരുവർഷം മുമ്പ് ബോർഡ് സ്ഥാപിച്ചശേഷം രാഷ്ട്രപതിയടക്കം പലരും ദ്വീപിൽ വന്നുപോയിരുന്നു. അന്നൊന്നും ഉണ്ടാകാത്ത പ്രശ്നങ്ങളാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ സൃഷ്ടിച്ചതെന്ന് ദ്വീപുവാസികൾ പറഞ്ഞു.
രാജ്യത്തിെൻറ മുക്കിലും മൂലയിലും പൗരത്വനിയമത്തിൽ പ്രതിഷേധ ബോർഡുകൾ ഉയർന്നിരുന്നു. അവിടെയൊന്നുമില്ലാത്ത കേസാണ് ഇവിടെ എടുത്തതെന്നും അവർ പറഞ്ഞു. അഡ്മിനിസ്ട്രേറ്റർക്കെതിരായ പ്രതിഷേധം രൂക്ഷമാകുമ്പോൾ ജാമ്യം റദ്ദാക്കി അകത്താക്കാൻ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്നും ദ്വീപുവാസികൾ പറഞ്ഞു. പ്രതിഷേധങ്ങളെ രാജ്യദ്രോഹമാക്കി ചിത്രീകരിച്ച് ജനങ്ങളെ അഴിക്കുള്ളിലാക്കാനാണ് അധികൃതരുടെ ശ്രമം നടക്കുന്നതെന്ന വ്യാപക വിമർശനമാണ് ഉയരുന്നത്. ചാനലിൽ ബയോളജിക്കൽ വെപ്പൺ എന്ന പരാമർശം നടത്തിയതിന് സിനിമപ്രവർത്തക ആയിഷ സുൽത്താനക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.
അഗത്തി ബീച്ച് റോഡ്: ഹരജി ഹൈകോടതി തള്ളി
കൊച്ചി: ലക്ഷദ്വീപിലെ അഗത്തിയിൽ ബീച്ച് റോഡ് നിർമാണം ചോദ്യം ചെയ്യുന്ന അപ്പീൽ ഹരജി ഹൈകോടതി തള്ളി. നേരേത്ത ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹരജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രദേശവാസിയായ കാസ്മി കോയ ഉൾപ്പെടെ അഞ്ചുപേർ നൽകിയ അപ്പീലാണ് ജസ്റ്റിസുമാരായ എസ്.വി. ഭാട്ടി, മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
നേരേത്ത രണ്ട് സമാന ഹരജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെ ഒരുകക്ഷി നൽകിയ അപ്പീൽ മാർച്ച് 29ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയതാണെന്ന് ലക്ഷദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചു.
ലക്ഷദ്വീപിലെ അടിസ്ഥാനസൗകര്യ വികസനത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കും ബീച്ച് റോഡ് അനിവാര്യമാണെന്നും റോഡ് നിർമാണത്തിെൻറ ഒന്നാം ഘട്ടം പൂർത്തിയാക്കിയെന്നും വ്യക്തമാക്കി. തുടർന്നാണ് അപ്പീൽ തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.