രാജ്യദ്രോഹക്കുറ്റം: പുതിയ വകുപ്പിനെതിരെ നിയമവിദഗ്ധർ
text_fieldsന്യൂഡൽഹി: സുപ്രീംകോടതി മരവിപ്പിച്ച രാജ്യദ്രോഹക്കുറ്റത്തിന് പകരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച പുതിയ ബില്ലിലെ ‘രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള’ വകുപ്പിനെതിരെ നിയമവിദഗ്ധർ രംഗത്ത്.രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന വ്യക്തികൾ ആരെന്ന് കൃത്യമായി നിർവചിക്കാത്തത് ദുരുപയോഗ സാധ്യതയേറ്റുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
പുതിയ ബില്ലിലെ ഈ വകുപ്പ് എതിരാളികളെ നിശ്ശബ്ദരാക്കാനുള്ളതാണെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും രാജ്യസഭ എം.പിയുമായ കപിൽ സിബൽ കുറ്റപ്പെടുത്തി.ചോദ്യം ചെയ്യാൻ പരമാവധി 15 ദിവസം പൊലീസ് കസ്റ്റഡിയിൽ വിടുന്ന നിലവിലെ നിയമത്തിനു പകരം 60ഉം 90ഉം ദിവസം വരെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അനുവദിക്കുന്ന പുതിയ വകുപ്പിനെ സിബൽ ചോദ്യം ചെയ്തു.
രാഷ്ട്രീയ ലക്ഷ്യത്തിനായി പൊലീസിന്റെ അധികാരം നിർദയം ഉപയോഗിക്കാൻ അനുവദിക്കുകയാണ് ഇതിലൂടെയെന്ന് അദ്ദേഹം പറഞ്ഞു.രാജ്യദ്രോഹക്കുറ്റത്തിന്റെ വ്യവസ്ഥകളേക്കാൾ കടുത്തതാണ് പുതിയ നിയമത്തിലെ 150ാം വകുപ്പെന്ന് അഭിഭാഷകയും ഗവേഷകയുമായ സുരഭി കർവ ചൂണ്ടിക്കാട്ടി. നിലവിൽ മൂന്നുവർഷമോ ജീവപര്യന്തമോ തടവ് ലഭിക്കാവുന്ന കുറ്റമാണ് രാജ്യദ്രോഹം.
എന്നാൽ പുതിയ ബില്ലിൽ മൂന്നുവർഷത്തിനു പകരം ഏഴുവർഷമാണ്. ഒരു കുറ്റകൃത്യം പുതുതായി ചേർക്കുമ്പോൾ അതെന്താണെന്ന് കൃത്യമായി നിർവചിക്കേണ്ടതുണ്ട്. എന്നാൽ ‘വിധ്വംസക പ്രവർത്തനങ്ങൾ’, ‘വിഘടനവാദ പ്രവർത്തന വിചാരങ്ങൾ’ തുടങ്ങിയ കൃത്യമല്ലാത്ത എങ്ങോട്ടും വലിച്ചുനീട്ടാവുന്ന വാക്കുകളാണ് പുതിയ ബില്ലിൽ ഉപയോഗിച്ചിരിക്കുന്നതെന്നും സുരഭി ചൂണ്ടിക്കാട്ടി. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ് രാജ്യദ്രോഹക്കുറ്റത്തിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നതെന്ന് സുപ്രീംകോടതി അഭിഭാഷകൻ ചിത്രാൻഷുൽ സിൻഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.