ഭിവാനിയിൽ വോട്ടുതേടുന്നു; കേരള മോഡൽ നടപ്പാക്കാൻ
text_fields37 വർഷത്തിനുശേഷം നിയമസഭയിൽ പാർട്ടിയുടെ സാന്നിധ്യം അറിയിക്കാൻ കഠിന പ്രയത്നത്തിലാണ് ഹരിയാനയിലെ സി.പി.എം നേതാക്കളും പ്രവർത്തകരും. സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ് അപ്രതീക്ഷിതമായി വിട്ടുനൽകിയ ഭിവാനി മണ്ഡലത്തിലാണ് വിജയ പ്രതീക്ഷയർപ്പിച്ച് സി.പി.എമ്മിന്റെ പോരാട്ടം. ഇതിന്റെ ആവേശം റോഹ്തകിലുള്ള പാർട്ടി ആസ്ഥാനത്തും പ്രകടമാണ്. നാളുകളായി ആളനക്കമില്ലാതിരുന്ന ഓഫിസ് സജീവമായെന്ന് സമീപത്തെ ചായക്കടക്കാരൻ സാക്ഷ്യപ്പെടുത്തുന്നു. 1987ൽ തോഹാനയിൽനിന്നും വിജയിച്ച ഹർപാൽ സിങ് ആയിരുന്നു സി.പി.എമ്മിന്റെ ഹരിയാനയിലെ അവസാന എം.എൽ.എ.
പത്രിക സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് സി.പി.എമ്മിന് ഭിവാനി സീറ്റ് വിട്ടുനൽകി കോൺഗ്രസിന്റെ അപ്രതീക്ഷിത പ്രഖ്യാപനം വരുന്നത്. സീറ്റ് മോഹികൾക്ക് പത്രിക നൽകാൻ അവസരം ലഭിക്കാതിരിക്കാൻ പ്രഖ്യാപനം വൈകിപ്പിച്ചുള്ള കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയുടെ തന്ത്രമാണിതെന്നും വിലയിരുത്തലുണ്ട്.
ഹരിയാന നിയമസഭയിൽ കനലൊരു തരിയാവാൻ സി.പി.എം ഭിവാനി ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ഓം പ്രകാശാണ് ജനവിധി തേടുന്നത്. ഉന്നത ബാങ്ക് ഉദ്യോഗം രാജിവെച്ച് പൊതു പ്രവർത്തനത്തിന് ജീവിതം മാറ്റിവെച്ച ഓം പ്രകാശ് കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളിലും തൊഴിൽ സമരങ്ങളിലും സജീവമാണ്. പൊതുവിതരണ സംവിധാനം തകർന്ന, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മുന്നിലുള്ള ഹരിയാനയിൽ കേരള മോഡൽ ചൂണ്ടിക്കാട്ടിയാണ് ഓം പ്രകാശ് വോട്ടുതേടുന്നത്. പൊതുവിതരണ, ആരോഗ്യ രംഗങ്ങളിൽ കേരളത്തിന്റെ മുന്നേറ്റത്തിനിടയാക്കിയ പദ്ധതികൾ ഹരിയാനയിലും നടപ്പാക്കുമെന്ന് പ്രചാരണ പരിപാടികളിൽ അദ്ദേഹം പറയുന്നു. കർഷകർ ഏറെയുള്ള മണ്ഡലമാണ് ഭിവാനി. അതിനാൽ അവരുടെ ഉന്നമനവും ഏറെ പ്രധാനമാണെന്ന് ഓം പ്രകാശ് ‘മാധ്യമ’ത്തോട് പറഞ്ഞു. കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ഷാളുകൾ കഴുത്തിലണിഞ്ഞും ബാഡ്ജ് ധരിച്ചും തങ്ങൾ ഒന്നാണെന്ന സന്ദേശം നൽകിയാണ് വോട്ടുപിടിത്തം. പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രചാരണത്തിൽ സജീവമാണ്. വിമതരുടെ പത്രിക കോൺഗ്രസ് നേതൃത്വം ഇടപെട്ടാണ് പിൻവലിപ്പിച്ചത്. കാലങ്ങളായി കർഷക വിഷയങ്ങളിൽ സജീവ ഇടപെടൽ നടത്തുന്ന ഓം പ്രകാശിന് കർഷക നേതാക്കൾ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും വിജയം സുനിശ്ചിതമാണെന്നും പ്രചാരണത്തിൽ അദ്ദേഹത്തോട് ഒപ്പമുള്ള അനിൽ കുമാർ പറഞ്ഞു.
മൂന്നുതവണ എം.എൽ.എയായ ബി.ജെ.പിയുടെ ഗണശ്യാമിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. ജാട്ട്, രജ്പുത് വിഭാഗങ്ങളാണ് ഇവിടെ കൂടുതലുള്ളത്. മുൻകാലങ്ങളിൽ ജാട്ട് വോട്ടുകൾ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ വിഭജിക്കുകയും ജാട്ട് ഇതര വോട്ടുകൾ ബി.ജെ.പിയിലേക്കും പോവുകയുമാണ് പതിവ്. ഇത്തവണ അതുണ്ടാവില്ലെന്നും മുൻ ബി.ജെ.പിക്കാരൻ കൂടിയായ അനിൽകുമാർ ഉറപ്പിക്കുന്നു.
വെള്ളിയാഴ്ച ഭിവാനിയിൽ നടന്ന പൊതുയോഗത്തിൽ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് അടക്കമുള്ളവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.