'രാജ്യം തന്നെ വിൽപ്പനക്ക്, പി.എം കെയേഴ്സ് സി.എ.ജി ഓഡിറ്റിന് വിധേയമാക്കണം' -തൃണമൂൽ നേതാവ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം തന്നെ വിൽപ്പനക്കുവെച്ചിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ്. കോവിഡ് 19നെ തുടർന്ന് രൂപീകരിച്ച പി.എം കെയേഴ്സ് ഫണ്ട് സി.എ.ജി ഓഡിറ്റിന് വിധേയമാക്കണമെന്നും ലോക്സഭ എം.പി കകോലി ഘോഷ് ആവശ്യപ്പെട്ടു.
എട്ടുമാസമായി ബി.എസ്.എൻ.എൽ ജീവനക്കാർക്ക് ശമ്പളം നൽകാത്ത പ്രശ്നം ഉന്നയിച്ചുകൊണ്ടായിരുന്നു എം.പിയുടെ പ്രതികരണം. 'രാജ്യം തന്നെ വിൽപ്പനക്ക് വെച്ചിരിക്കുകയാണെന്ന് തോന്നുന്നു. പി.എം കെയേഴ്സ് ഓഡിറ്റിന് വിധേയമാക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെടുന്നു. കേന്ദ്രസർക്കാർ ഇതിന് ഉത്തരം നൽകണം' -കകോലി ഘോഷ് പറഞ്ഞു.
കോവിഡ് 19ൻെറ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാർച്ചിൽ രൂപീകരിച്ച ദുരിതാശ്വാസ നിധിയാണ് പി.എം കെയേഴ്സ് ഫണ്ട്. ദുരിതാശ്വാസ നിധിയിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനായി വിവരാവകാശ നിയമത്തിൻെറ പരിധിയിൽ കൊണ്ടുവരണമെന്നും സി.എ.ജി ഓഡിറ്റിന് വിധേയമാക്കണമെന്നും പ്രതിപക്ഷം തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറായില്ല.
ബി.ജെ.പി പഞ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വളഞ്ഞ് ആക്രമിക്കുകയാണെന്നും കകോലി ഘോഷ് ആരോപിച്ചു. ഇതുകൊണ്ടൊന്നും ബംഗാളിനെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസ് അച്ചടക്കമുള്ള പാർട്ടിയാണ്. മമത ബാനർജിയുടെ പ്രത്യയ ശാസ്ത്രത്തെ വിശ്വസിക്കുന്നവർ പാർട്ടിയുമായി അത്രയധികം ബന്ധം സൂക്ഷിക്കുന്നു. തൃണമൂലിനെ ഭയപ്പെടുത്തുകയെന്നതാണ് ബി.ജെ.പിയുടെ പദ്ധതിയെങ്കിൽ അവർക്ക് തെറ്റുപറ്റിയിരിക്കുന്നു. രാജ്യത്തിൻെറ ഫെഡറൽ ഘടന പൂർണമായും തകർത്തു. സംസ്ഥാന സർക്കാർ അധികാരികളെയും ഭയപ്പെടുത്താനാണ് അവരുടെ നീക്കം' -ഘോഷ് കൂട്ടിച്ചേർത്തു.
മമത ബാനർജിയെ വിശ്വസിക്കുന്നവർ ഇപ്പോഴും പാർട്ടിക്കൊപ്പം നിൽക്കുന്നുണ്ടെന്നും ഒരു പാർട്ടിയിൽനിന്ന് മറ്റൊരു പാർട്ടിയിലേക്ക് ചാടിക്കളിക്കുന്നവർക്ക് അവസാന ഫലം ലഭിക്കിെല്ലന്നും അദ്ദേഹം പറഞ്ഞു. ബിജെ.പിയിൽ എത്തിയ ശേഷം വിജയം കൈവരിക്കാമെന്ന് നേതാക്കൾ കരുതുന്നുണ്ടെങ്കിൽ ബംഗാളിലെ ജനങ്ങൾ അധാർമികത അംഗീകരിക്കില്ലെന്നും അവരെ സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസിൽനിന്ന് രണ്ടുദിവസത്തിനിടെ നാലു നേതാക്കൾ രാജിവെച്ചിരുന്നു. ബി.ജെ.പിയിൽ ചേരാനാണ് നീക്കമെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ പുകയുന്നതിനിടെ ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ശനിയാഴ്ച ബംഗാൾ സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.