കണ്ടത് കൂട്ട ഭീരുത്വം; വേണ്ടത് കൂട്ടുത്തരവാദിത്തം -കർണാടക ഹൈകോടതി
text_fieldsബംഗളൂരു: ബെളഗാവിയിൽ വീട്ടമ്മയെ നഗ്നയാക്കി മർദിച്ച സംഭവത്തിൽ ഗ്രാമവാസികളുടെ നിഷ്ക്രിയത്വത്തെ വിമർശിച്ച് കർണാടക ഹൈകോടതി. രണ്ടു മണിക്കൂറോളം വീട്ടമ്മ മർദനത്തിനിരയായിട്ടും ഗ്രാമവാസികളാരും അവരുടെ രക്ഷക്കെത്താതിരുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമർശനം. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈകോടതി തിങ്കളാഴ്ച കേസ് പരിഗണിക്കവെയാണ് സമൂഹത്തിലെ നിഷ്ക്രിയത്വം ചൂണ്ടിക്കാട്ടിയത്.
‘നിരവധി പേർ അവിടെ കാഴ്ചക്കാരായുണ്ടായിരുന്നു. ആരും ഒന്നും ചെയ്തില്ല. ഇത് കൂട്ട ഭീരുത്വമാണ്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടുത്തരവാദിത്തം കാണിക്കേണ്ട സമയമാണിത്’ -ഹൈകോടതി പറഞ്ഞു.
ഗ്രാമവാസികളുടെ നിഷ്ക്രിയത്വത്തിന് അവരിൽനിന്ന് പണം ഈടാക്കണമെന്ന് കോടതി പറഞ്ഞു. അക്രമം തടയുന്നതിൽ പരാജയപ്പെട്ടതിനാൽ അവരിൽനിന്ന് ഗ്രാമപഞ്ചായത്ത് പണം പിരിച്ച് നഷ്ടപരിഹാരമായി ഇരക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
സംഭവത്തിൽ പൊലീസ് കാര്യക്ഷമമായി ഇടപെട്ടതായും 11 പേരെ ഉടൻ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഒരാൾ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. വീട്ടമ്മക്ക് ലഭിക്കുന്ന ചികിത്സ സംബന്ധിച്ച് ബെളഗാവി പൊലീസ് കമീഷണർ കോടതിക്ക് വിവരം നൽകി. നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ ഇരയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയതായും അവർക്ക് ഭാവിയിൽ സാമൂഹികസുരക്ഷക്കായി രണ്ട് ഏക്കർ മൂന്ന് ഗുണ്ട ഭൂമി അനുവദിച്ചതായും സർക്കാർ അറിയിച്ചു.
ഡിസംബർ 31നകം ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ അടക്കം പൂർത്തിയാക്കി ഭൂമി കൈമാറും. കേസ് ജനുവരി മൂന്നാംവാരത്തിൽ വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
കേസ് സി.ഐ.ഡി ഏറ്റെടുത്തു
ബംഗളൂരു: ബെളഗാവിയിൽ വീട്ടമ്മ ക്രൂര മർദനത്തിനിരയായ സംഭവത്തിൽ കേസ് സി.ഐ.ഡി വിഭാഗം ഏറ്റെടുത്തു. രണ്ട് എസ്.പിമാരും ഒരു ഡിവൈ.എസ്.പിയും അടങ്ങുന്ന സംഘമാണ് അന്വേഷണം നയിക്കുക. തിങ്കളാഴ്ച ബെളഗാവിയിലെത്തി കേസ് ഫയലുകൾ ഏറ്റെടുത്ത സി.ഐ.ഡി സംഘം അന്വേഷണം ആരംഭിച്ചു.
ദേശീയ മനുഷ്യാവകാശ കമീഷൻ അംഗങ്ങളും ബെളഗാവിയിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.