'മതപരമായ കാര്യങ്ങൾ ആർ.എസ്.എസ് തീരുമാനിക്കേണ്ട'; മോഹൻ ഭാഗവതിന്‍റെ 'മന്ദിർ-മസ്ജിദ്' പരാമർശത്തിൽ ഹിന്ദുമത നേതാക്കൾക്ക് അതൃപ്തി
text_fieldsന്യൂഡൽഹി: അയോധ്യക്ക് സമാനമായ തർക്കങ്ങൾ രാജ്യത്ത് മറ്റിടങ്ങളിൽ ഉയർത്തേണ്ടെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പ്രസ്താവനയിൽ അതൃപ്തിയുമായി ഹിന്ദുമത നേതാക്കൾ. സന്യാസി സഭയായ അഖിലഭാരതീയ സാന്ത് സമിതി (എ.കെ.എസ്.എസ്) മോഹൻ ഭാഗവതിനെ വിമർശിച്ച് രംഗത്തെത്തി. മതപരമായ കാര്യങ്ങളിൽ ആർ.എസ്.എസ് തീരുമാനമെടുക്കേണ്ടെന്നും അതിന് മതനേതാക്കളുണ്ടെന്നുമാണ് എ.കെ.എസ്.എസിന്‍റെ വിമർശനം.
'മതപരമായ കാര്യങ്ങൾ ഉയർന്നുവരുമ്പോൾ അതിൽ നിലപാട് പറയേണ്ടത് മതാചാര്യന്മാരാണ്. അവർ എന്താണോ പറയുന്നത് അത് സംഘ്പരിവാറും വി.എച്ച്.പിയും അംഗീകരിക്കേണ്ടതുണ്ട്' -എ.കെ.എസ്.എസ് ജനറൽ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി പറഞ്ഞു.
56 പുതിയ സ്ഥലങ്ങളിൽ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ജിതേന്ദ്രാനന്ദ് സരസ്വതി അവകാശപ്പെട്ടു. രാഷ്ട്രീയ അജണ്ടകൾക്കപ്പുറം ജനവികാരത്തിനൊത്താണ് മതസംഘടനകൾ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, മറ്റൊരു പ്രമുഖ മതനേതാവായ ജഗദ്ഗുരു രാമഭദ്രാചാര്യയും മതകാര്യങ്ങളിൽ സംഘ്പരിവാർ അഭിപ്രായം പറയേണ്ടതില്ലെന്ന വിമർശനമുയർത്തിയിരുന്നു.
അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമായതോടെ, സമാനമായ തർക്കങ്ങൾ ഉയർത്തികൊണ്ടുവരേണ്ടതില്ലെന്നായിരുന്നു മോഹൻ ഭാഗവതിന്‍റെ പ്രസംഗം. രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉയർത്തേണ്ടതില്ല. ഇത്തരമൊരു ട്രെൻഡ് അംഗീകരിക്കാനാവില്ലെന്നും ഭാഗവത് പറഞ്ഞു. യു.പി സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീർ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന.
'മുൻകാലങ്ങളിൽ സംഭവിച്ച തെറ്റുകളിൽ നിന്ന് ഭാരതീയർ പാഠം പഠിക്കുകയും ലോകത്തിന് മുന്നിൽ രാജ്യത്തെ മാതൃകയാക്കാൻ ശ്രമിക്കുകയും വേണം. രാമക്ഷേത്രം വിശ്വാസത്തിന്റെ കാര്യമായിരുന്നു. എന്നാൽ മറ്റ് പലയിടങ്ങളിലും പുതിയ പ്രശ്‌നങ്ങൾ ഉന്നയിച്ച് വിദ്വേഷമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല'- വിശ്വ ഗുരു ഭാരത് എന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി പൂനയിൽ സംസാരിക്കുന്നതിനിടെ മോഹൻ ഭാഗവത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.