ചെന്നൈയിലെ കുപ്രസിദ്ധ ഗുണ്ട സീസിങ് രാജ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
text_fieldsചെന്നൈ: കൊലപാതകം ഉൾപ്പെടെ മുപ്പതോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ചെന്നൈയിലെ കുപ്രസിദ്ധ ഗുണ്ട സീസിങ് രാജ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച ആന്ധ്രപ്രദേശിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയ രാജ തെളിവെടുപ്പിനിടയിൽ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് സ്വയരക്ഷയ്ക്കുവേണ്ടി പൊലീസ് തിരിച്ച് വെടിവെക്കുന്നതിനിടയിൽ കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകം, കൊലപാതകശ്രമം, കൊള്ള തുടങ്ങിയ കേസുകൾ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ഇയാൾക്കെതിരെ ഉണ്ട്.
ജൂലൈയിൽ ബി.എസ്.പിയുടെ തമിഴ്നാട് പ്രസിഡന്റ് കെ. ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളെയും അന്വേഷിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് ആന്ധ്രാപ്രദേശിലെ കടപ്പയ്ക്കും രാജമുണ്ട്രിയ്ക്കും ഇടയിൽ നിന്നാണ് പ്രത്യേക ദൗത്യസംഘം രാജയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ചോദ്യം ചെയ്യുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോയി.
അടുത്ത ദിവസം രാവിലെ ആയുധങ്ങളുടെ ശേഖരം വീണ്ടെടുക്കാൻ പോലീസ് റെസിഡൻഷ്യൽ ഏരിയയിലേക്ക് കൊണ്ടുപോയി. രാജ രക്ഷപ്പെടാൻ ശ്രമിക്കുകയും റിവോൾവർ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നെന്ന് പൊലീസ് അവകാശപ്പെട്ടു.
വെടിയേറ്റ ശേഷം രാജയെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.