'കൃത്യമായ മാർഗരേഖ ആവശ്യമുണ്ട്'; മാധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് ഗൗരവതരമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മാധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ സർക്കാർ ഏജൻസികൾ പിടിച്ചെടുക്കുന്നത് ഗൗരവതരമായ കാര്യമാണെന്ന് സുപ്രീംകോടതി. മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിനായി കൃത്യമായ മാർഗനിർദേശങ്ങൾ ആവശ്യമാണെന്നും ജസ്റ്റിസ് എസ്.കെ. കൗൾ, ജസ്റ്റിസ് സുധാംശു ദൂലിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഫൗണ്ടേഷൻ ഫോർ മീഡിയ പ്രഫഷണൽസ് എന്ന സംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. അന്വേഷണ ഏജൻസികളുടെ അനാവശ്യ ഇടപെടലുകളിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് സുരക്ഷ ആവശ്യപ്പെട്ടും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിന് മാർഗരേഖ വേണമെന്നാവശ്യപ്പെട്ടുമായിരുന്നു ഹരജി.
നൂറുകണക്കിന് മാധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. സിദ്ധാർത്ഥ് അഗർവാൾ ചൂണ്ടിക്കാട്ടി. എന്തൊക്കെ പിടിച്ചെടുക്കാം എന്തൊക്കെ പരിശോധിക്കാം എന്നതിന് യാതൊരു മാർഗരേഖയുമില്ല -അദ്ദേഹം പറഞ്ഞു.
എന്നാൽ, വ്യക്തികളുടെ ഉപകരണങ്ങൾ പിടിച്ചെടുക്കാൻ സർക്കാറിന് അധികാരം നൽകുന്ന വ്യവസ്ഥകളുണ്ടെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു.
ഈ വാദത്തെ കോടതി അംഗീകരിച്ചില്ല. ഇത് ഗൗരവതരമായ കാര്യമാണെന്ന് ജസ്റ്റിസ് കൗൾ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് അവരുടെതായ വാർത്താ ഉറവിടങ്ങളും മറ്റ് വിവരങ്ങളും കാണും. ഒരു മാർഗരേഖ ആവശ്യമാണ്. നിങ്ങൾക്ക് എന്തും പിടിച്ചെടുക്കാമെന്നാണെങ്കിൽ അതിലൊരു പ്രശ്നമുണ്ട്. കൃത്യമായ മാർഗരേഖയുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കണം -കോടതി പറഞ്ഞു.
അന്വേഷണ ഏജൻസികൾ അധികാരം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് മാർഗരേഖ വേണമെന്ന് പറയുന്നത്. നിങ്ങൾ അത് ഉറപ്പാക്കിയില്ലെങ്കിൽ ഞങ്ങൾ ചെയ്യേണ്ടിവരും. നിങ്ങൾ തന്നെ മാർഗരേഖയുണ്ടാക്കൂവെന്നാണ് കോടതിക്ക് പറയാനുള്ളത്. നിങ്ങൾക്ക് സമയം തരാം, മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എന്തൊക്കെ വേണമെന്ന് നിങ്ങൾ പരിശോധിക്കൂ -ജസ്റ്റിസ് കൗൾ പറഞ്ഞു. ഹരജിയിൽ നാളെയും വാദം കേൾക്കും.
ഈയിടത്ത് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട നിരവധി മാധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു. ഇക്കാര്യത്തിൽ മാർഗരേഖ ആവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫ് ഇന്ത്യ ഉൾപ്പെടെ നിരവധി സംഘടനകൾ ചീഫ ജസ്റ്റിസിന് കത്തെഴുതിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.