ഉന്നത വിദ്യാലയങ്ങൾക്ക് സ്വാശ്രയ വായ്പാ പദ്ധതി വിപുലമാക്കി കേന്ദ്രം
text_fieldsന്യൂഡൽഹി: കേന്ദ്ര സർവകലാശാലകൾ, എയിംസ് പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവക്ക് സ്വാശ്രയ വായ്പ അനുവദിച്ച് അടിസ്ഥാന സൗകര്യം വികസിപ്പിക്കാനുള്ള പദ്ധതി വിപുലപ്പെടുത്തി കേന്ദ്രം. ഇത്തരം കേന്ദ്ര സ്ഥാപനങ്ങളിലെ സർക്കാർ മുതൽമുടക്ക് ഘട്ടംഘട്ടമായി നിർത്തലാക്കുകയാണ് ലക്ഷ്യം. കേന്ദ്ര സ്ഥാപനങ്ങൾക്ക് വായ്പ നൽകാൻ 2022 വരെയുള്ള നാലുവർഷത്തിനിടയിൽ ലക്ഷം കോടി രൂപ സമാഹരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ ധനസഹായ ഏജൻസിയായ ‘ഹിഫ’ക്ക് മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നൽകി. ഏജൻസിയുടെ മൂലധനാടിത്തറ 10,000 കോടി രൂപയായി ഉയർത്താനും തീരുമാനിച്ചു.
10 വർഷം കഴിഞ്ഞാൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്ക് സ്വന്തംനിലക്ക് പണം കണ്ടെത്തണമെന്ന നിബന്ധനകൂടിയാണ് സർക്കാർ വിപുലപ്പെടുത്തുന്നത്. സർക്കാർ ഗ്രാൻഡ് പലിശയിനത്തിലേക്ക് നൽകും. വായ്പ ഗഡു തിരിച്ചടക്കാൻ ഇൗ സ്ഥാപനങ്ങളിൽ വളരെ ഉയർന്ന ഫീസ് ഇൗടാക്കേണ്ടിവരും.2008നും 2014നും ഇടക്ക് തുടങ്ങിയ സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ 25 ശതമാനം വായ്പത്തുക സ്വാശ്രയാടിസ്ഥാനത്തിൽ തിരിച്ചടക്കണം. 2014നുമുമ്പ് തുടങ്ങിയ കേന്ദ്രസർവകലാശാലകളുടെ കാര്യത്തിൽ 10 ശതമാനം വായ്പത്തുകയാണ് ആഭ്യന്തര വരുമാനത്തിൽ നിന്ന് തിരിച്ചടക്കേണ്ടത്.
മോദിസർക്കാർ അധികാരത്തിൽവന്നശേഷം തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്ഥിരംകാമ്പസ് നിർമിക്കുന്നതിന് ഏജൻസി വായ്പ ലഭ്യമാക്കും. കേന്ദ്രത്തിെൻറ ഗ്രാൻഡ് പലിശ, മുതൽ ഇനത്തിലേക്ക് നൽകും. ആരോഗ്യമന്ത്രാലയത്തിനു കീഴിലെ എയിംസ്, മറ്റ് ആരോഗ്യസ്ഥാപനങ്ങൾ, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ എന്നിവക്കും ഇത്തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് ഇൗ ഏജൻസി മുഖേന പണം ലഭ്യമാക്കും. സർക്കാർ ഗാരൻറിയുള്ള ബോണ്ട്, വാണിജ്യാടിസ്ഥാനത്തിലുള്ള വായ്പ എന്നിവയിലൂടെയാണ് ഏജൻസി പണം സമാഹരിക്കുക. ലാഭേതര, ബാങ്കിങ് ഇതര ധനകാര്യ കമ്പനിയായി 2017 േമയ് 31നാണ് ‘ഹിഫ’ സ്ഥാപിച്ചത്. ഇതുവരെ 2016 കോടി രൂപയുടെ ധനസഹായ പദ്ധതികൾ ‘ഹിഫ’ അംഗീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.