ആറാം വിവാഹത്തിനൊരുങ്ങിയ സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ; ഹണി ട്രാപ്പിലും യുവതികളെ കുടുക്കി
text_fieldsകാൺപൂർ: മുൻ ഭാര്യമാരെ നിയമപരമായി വേർപ്പെടുത്താതെ ആറാം വിവാഹത്തിനൊരുങ്ങിയയാൾ അറസ്റ്റിൽ. ആൾദൈവമെന്ന് പരിചയപ്പെടുത്തി നിരവധി പേരെ ഇയാൾ ഹണി ട്രാപ്പിൽ പെടുത്തുകയും ചെയ്തിരുന്നു.
കാൺപൂർ ഷാജഹാൻപുരിൽ അനുജ് ചേതൻ കതേരിയയാണ് അറസ്റ്റിലായത്. ആറാം വിവാഹത്തിനൊരുങ്ങവേയാണ് ഇയാൾ കിഡ്വായ് നഗർ പൊലീസിന്‍റെ പിടിയിലാകുന്നത്.
ഭാര്യയുടെ പരാതിയിലാണ് സ്വയം ബാബയായി വിശേഷിപ്പിച്ചിരുന്നയാൾ അറസ്റ്റിലാകുന്നത്. 2005നായിരുന്നു അനുജിന്‍റെ ആദ്യ വിവാഹം.ശേഷം മെയിൻപുരി സ്വദേശിയായ യുവതിയുടെയും ഇയാളുടെയും വിവാഹമോചന കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കേ, 2010ൽ ഇയാൾ മറ്റൊരു വിവാഹവും കഴിച്ചു. ഈ വിവാഹബന്ധവും പിന്നീട് വിവാഹ മോചന കേസിലെത്തി.
നാലുവർഷത്തിന് ശേഷം ഇയാൾ അരൗലിയ ജില്ലയിൽനിന്ന് മറ്റൊരു വിവാഹം കഴിച്ചു. അതിനുപിന്നാലെ മൂന്നാംഭാര്യയുടെ ബന്ധുവിനെ നാലാമതായി വിവാഹം ചെയ്തു. പിന്നീട് നാലാംഭാര്യ മുൻ വിവാഹ ബന്ധങ്ങൾ അറിഞ്ഞതോടെ ആത്മഹത്യ ചെയ്തിരുന്നു.
2019ലായിരുന്നു ഇയാളുടെ അഞ്ചാംവിവാഹം. വിവാഹത്തിന് ശേഷം ഇയാൾ ഭാര്യയെ നിരന്തരം അപമാനിക്കാൻ തുടങ്ങി. ഇതോടെ അഞ്ചാംഭാര്യ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തുകയായിരുന്നു.
അയാൾ അഞ്ചാംഭാര്യയോട് മുൻവിവാഹങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. വിവാഹം കഴിഞ്ഞ് കുറച്ചുദിവസങ്ങൾ കഴിഞ്ഞതോടെ ഇയാൾ അവരെ ഉപദ്രവിക്കാൻ തുടങ്ങി. ഇതോടെ അവർ ചകേരി പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തുകയായിരുന്നു. ഇേപ്പാൾ അയാൾ കിഡ്വായ് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു താമസം. തുടർന്ന് അഞ്ചാമത്തെ ഭാര്യ അവിടെയും ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വിവാഹത്തട്ടിപ്പിന് പുറമെ ബലാത്സംഗ കേസിലും പ്രതിയാണ് ഇയാൾ. 2016ൽ സഹോദര ഭാര്യയെ ബലാത്സംഗം ചെയ്തതിന് ഇയാൾ അറസ്റ്റിലായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആറം വിവാഹത്തിന് തയാറെടുക്കുകയാെണന്ന വിവരം പൊലീസിന് ലഭിച്ചു. ലക്കി പാണ്ഡെയെന്ന പേരിൽ ഇയാൾ മാട്രിമോണിയൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും സർക്കാർ അധ്യാപകൻ, ബിസിനസുകാരൻ, താത്രിക് വിദഗ്ധൻ തുടങ്ങിയ നിലകളിൽ സ്വയം പരിചയപ്പെടുത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.
വെബ്സൈറ്റുകളിലൂടെ പരിചയത്തിലാകുന്ന യുവതികളോട് താൻ ബാബയാണെന്നും തന്ത്ര -മന്ത്രയെന്ന പേരിൽ ആശ്രമം നടത്തുന്നുണ്ടെന്നും വിശ്വസിപ്പിച്ചിരുന്നു. തുടർന്ന് അവരുടെ പ്രശ്ന പരിഹാരങ്ങൾക്കെന്ന പേരിൽ ഒരു പ്രേത്യക സ്ഥലത്തേക്ക് വിളിച്ചുവരുത്തിയിരുന്നതായും യുവതികളെ കുടുക്കിയിരുന്നതായും പൊലീസ് കണ്ടെത്തി. ഇത്തരത്തിൽ വെബ്സൈറ്റിലൂടെ 32 യുവതികളെയാണ് ഇയാൾ കുടുക്കിയത്. അറസ്റ്റ് ചെയ്ത അനുജിനെ കോടതിയിൽ ഹാജരാക്കിയശേഷം ജയിലിലേക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.