ദേശഭക്തരെന്ന് പ്രഖ്യാപിക്കുന്നവർ ജാതി സെൻസസിനെ ഭയക്കുന്നു -രാഹുൽ
text_fieldsന്യൂഡൽഹി: ദേശഭക്തരെന്ന് പ്രഖ്യാപിക്കുന്നവർ ജാതി സെൻസസിന്റെ ‘എക്സ്റേ’യെ ഭയക്കുകയാണെന്നും അത് നടപ്പാക്കുന്നതിൽനിന്ന് ആർക്കും തങ്ങളെ തടയാനാകില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിന് ജാതിയിൽ താൽപര്യമില്ലെന്നും 90 ശതമാനം വരുന്ന ജനവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ന്യൂഡൽഹിയിൽ ‘സാമാജിക് ന്യായ് സമ്മേളനി’ൽ രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് സർക്കാർ രൂപവത്കരിച്ചാൽ ആദ്യം നടപ്പാക്കുക ജാതി സെൻസസായിരിക്കും. 16 ലക്ഷം കോടി രൂപയാണ് മോദി ഏതാനും വ്യവസായികൾക്കായി മാത്രം നൽകിയത്. ഇത് പിടിച്ചെടുത്ത് ജനങ്ങൾക്ക് വീതിച്ചുനൽകുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞത്.
രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെ അവകാശങ്ങൾക്കായി വാദിക്കുന്നവരെ മാധ്യമങ്ങൾ നിസാരവത്കരിക്കുകയാണ്. മാധ്യമങ്ങളിൽ അവതാരകരായി ഒ.ബി.സിക്കാരനെയോ ദലിതനെയോ ഗോത്രവർഗക്കാരനെയോ നിങ്ങൾക്ക് കാണാൻ കഴിയില്ല. ചരക്കുസേവന നികുതിയിൽ ഗണ്യമായ സംഭാവന നൽകുന്ന ബഹുഭൂരിഭാഗം സാധാരണക്കാർക്കും ഒരു മേഖലയിലും മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല. താൻ ഒ.ബി.സിക്കാരനാണെന്നാണ് മോദി കഴിഞ്ഞ 10 വർഷമായി അവകാശപ്പെട്ടത്. എന്നാൽ, ജാതി സെൻസസിനെക്കുറിച്ച് താൻ പറഞ്ഞപ്പോൾ രാജ്യത്ത് ജാതികളില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയെങ്കിൽ അദ്ദേഹം എങ്ങനെ ഒ.ബി.സിക്കാരനാകും.
പണക്കാരനും പാവപ്പെട്ടവനുമെന്ന ജാതികൾ മാത്രമേ രാജ്യത്തുള്ളൂവെന്നും അദ്ദേഹം അവകാശപ്പെടുന്നു. പാവപ്പെട്ടവരുടെ പട്ടിക തയാറാക്കിയാൽ അതിൽ ദലിതുകളും ആദിവാസികളും പിന്നാക്കക്കാരും മാത്രമേ ഉണ്ടാകൂ. രാമക്ഷേത്രത്തിന്റെയും പുതിയ പാർലമെന്റ് കെട്ടിടത്തിന്റെയും ഉദ്ഘാടന വേളകളിൽ പിന്നാക്കക്കാരെ കാണാനായില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.