എണ്ണപ്പാടങ്ങൾ വിൽക്കണം, ഖനനം കൈമാറണം; ഒ.എൻ.ജി.സിയെ ചെറുകമ്പനികളാക്കി മുറിക്കാൻ വീണ്ടും കേന്ദ്രം
text_fieldsന്യൂഡൽഹി: പൊന്മുട്ടയിടുന്ന താറാവായ പെട്രോളിയം കമ്പനി ഒ.എൻ.ജി.സിയെ അതിവേഗം വിറ്റുതുലക്കാൻ കേന്ദ്രം വീണ്ടും. എണ്ണപ്പാടങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറാനും എണ്ണ ഖനനം ഉൾപെടെ സേവനങ്ങൾ വിവിധ കമ്പനികൾക്കായി മുറിച്ചുനൽകാനും നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ പണമാക്കിമാറ്റാനുമാണ് പെട്രോളിയം മന്ത്രാലയത്തിൻെറ നിർദേശം.
ഏപ്രിൽ ഒന്നിന് മന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറി അമർ നാഥ് അയച്ച കത്തിൽ ഒ.എൻ.ജി.സിക്ക് മുന്നിൽ വെക്കുന്നത് ഏഴിന കർമപദ്ധതിയാണ്. 2023- 24 ഓടെ എണ്ണ ഉൽപാദനം മൂന്നിലൊന്ന് ഉയർത്തുന്നതാണ് പദ്ധതിയെന്ന് കത്ത് പറയുന്നു.
പശ്ചിമ തീരങ്ങളിലെ പന്ന- മുക്ത, രത്ന, ആർ- സീരീസ് എണ്ണപ്പാടങ്ങൾ, ഗുജറാത്തിലെ ഗന്ധർ എന്നിവയിലെ ഓഹരികൾ സ്വകാര്യ മേഖലക്ക് വിൽക്കാൻ ഒ.എൻ.ജി.സിയോട് ശിപാർശ ചെയ്യുന്നു. അടുത്ത വർഷത്തോടെ ഉൽപാദനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്ന എണ്ണ സമ്പന്നമായ കെ.ജി-ഡി.ഡബ്ല്യു.എൻ-98/2, പശ്ചിമ ബംഗാളിൽ പുതുതായി ഉൽപാദനം ആരംഭിച്ച അശോക്നഗർ എണ്ണപ്പാടങ്ങളിൽ വിദേശ പങ്കാളിത്തം ക്ഷണിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഗുജറാത്ത് സർക്കാറിനുകീഴിലെ ജി.എസ്.പി.സിയിൽനിന്ന് വാങ്ങിയ ദീൻദയാൽ േബ്ലാക്കിലും സ്വകാര്യ പങ്കാളിത്തത്തിന് നിർദേശം നൽകുന്നു. എണ്ണ പര്യവേക്ഷണം, ഖനനം, അനുബന്ധ സേവനങ്ങൾ, ഡേറ്റ പ്രോസസിങ് എന്നിവയൊക്കെയും വെവ്വേറെ കമ്പനികൾക്കു കീഴിലാക്കുന്നതും മന്ത്രാലയത്തിന്‍റെ ശിപാർശകളിൽ പെട്ടതാണ്.
ഒ.എൻ.ജി.സിക്കു കീഴിലെ എണ്ണ, വാതകപാടങ്ങൾ സ്വകാര്യമേഖലക്ക് കൈമാറാൻ മോദി സർക്കാർ നടത്തുന്ന മൂന്നാം ശ്രമമാണിത്.
2017 ഒക്ടോബറിൽ ഒ.എൻ.ജി.സിക്കു കീഴിലെ 15 എണ്ണപ്പാടങ്ങളും 79.12കോടി ടൺ ക്രൂഡ് ഓയിലും 33.34 കോടി ക്യുബിക് മീറ്റർ പ്രകൃതി വാതകവും വിൽപനക്കായി മന്ത്രാലയം അടയാളപ്പെടുത്തിയിരുന്നു. ഒരു വർഷം കഴിഞ്ഞ് ഇതിന്‍റെ എണ്ണം കൂടി ചെറിയവ ഉൾപെടെ 149 എണ്ണപ്പാടങ്ങൾ ഈ ഗണത്തിൽ മന്ത്രാലയം ഉൾപെടുത്തി. ഇതുപക്ഷേ, ഒ.എൻ.ജി.സിയിൽനിന്നുള്ള കടുത്ത എതിർപ്പിൽ എവിടെയുമെത്താതെ പോയി.
2019 ഫെബ്രുവരിയിൽ വീണ്ടും കേന്ദ്ര മന്ത്രിസഭയിലെത്തിയ പദ്ധതി 64 എണ്ണപ്പാടങ്ങൾ വിൽക്കാൻ തീരുമാനിച്ചു. പക്ഷേ, അപേക്ഷകർ ചെറുതാവുകയും നിക്ഷേപ പ്രഖ്യാപനങ്ങൾ ശുഷ്കമാകുകയും ചെയ്തതോടെ അതും ഉപേക്ഷിച്ചു.
ഇതിന്‍റെ തുടർച്ചയായാണ് മൂന്നാം പ്രഖ്യാപനം വരുന്നത്. 2019ലെ പ്രഖ്യാപനം വന്ന് രണ്ടുവർഷം കഴിഞ്ഞെന്നും ഇനിയും കാത്തിരിക്കാനാകില്ലെന്നുമാണ് കേന്ദ്ര നിലപാട്.
2020-21 സാമ്പത്തിക വർഷം ഒ.എൻ.ജി.സി എണ്ണപാടങ്ങളിൽനിന്ന് 2.02 കോടി ടൺ അസംസ്കൃത എണ്ണയാണ് ഉൽപാദിപ്പിച്ചത്. 21.87 ബില്യൺ ക്യുബിക് മീറ്റർ പ്രകൃതിവാതകവും. രണ്ടു വർഷം കഴിയുേമ്പാഴേക്ക് എണ്ണ ഇരട്ടിയായും പ്രകൃതി വാതകം ഇരട്ടിയിലേറെയായും വർധിപ്പിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.