യു.പി.എ പുനരുജ്ജീവിപ്പിക്കണമെന്ന് രാഹുലിനോട് സഞ്ജയ് റാവുത്ത്; ശിവസേന ഭാഗമായേക്കുമെന്ന് സൂചന
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ സഖ്യമായ യു.പി.എ പുനരുജ്ജീവിപ്പിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായി ശിവസേന എം.പി സഞ്ജയ് റാവുത്ത്. ഇന്നലെ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിലാണ് തകർച്ചയിലായ യു.പി.എ സഖ്യത്തെ ശക്തിപ്പെടുത്താൻ സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടത്. ശിവസേന സഖ്യത്തിന്‍റെ ഭാഗമായേക്കുമെന്ന സൂചനയും അദ്ദേഹം നൽകി.
യു.പി.എ സഖ്യം ഇപ്പോഴില്ലെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനക്കുള്ള മറുപടി കൂടിയാണ് ശിവസേനയുടെ നിലപാടെന്നാണ് വിലയിരുത്തൽ. യു.പി.എ സഖ്യം ഇല്ലാതായിക്കഴിഞ്ഞെന്നും ബി.ജെ.പി ഫാഷിസത്തെ തോൽപ്പിക്കാൻ പുതിയ സഖ്യം വേണമെന്നുമായിരുന്നു മമത ബാനർജി എൻ.സി.പി അധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടിരുന്നത്.
മഹാരാഷ്ട്രയിൽ മിനി യു.പി.എ സർക്കാറാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ഭരണത്തിലുള്ളതെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. ഇതേ മാതൃകയിലുള്ള സഖ്യം ദേശീയതലത്തിലും ആവശ്യമാണ് -റാവത്ത് ചൂണ്ടിക്കാട്ടി. ശിവസേനയും എൻ.സി.പിയും കോൺഗ്രസും സംയുക്തമായുള്ള സഖ്യസർക്കാറാണ് മഹാരാഷ്ട്രയിൽ ഭരിക്കുന്നത്.
യു.പി.എ പുനരുജ്ജീവിപ്പിക്കുകയാണെങ്കിൽ ശിവസേന ഭാഗമായേക്കുമെന്ന സൂചനയും റാവുത്ത് നൽകി. 'എല്ലാവരേയും ക്ഷണിക്കണമെന്നാണ് ഞാൻ രാഹുലിനോട് പറഞ്ഞത്. ക്ഷണിക്കാതെ ആരും വരില്ല. ഒരു വിവാഹമോ മറ്റ് വിശേഷ ചടങ്ങോ നടക്കുമ്പോൾ നമ്മൾ ആളുകളെ ക്ഷണിക്കുകയാണല്ലോ പതിവ്. ക്ഷണം വരട്ടെ, ശിവസേന അപ്പോൾ അതിനെ കുറിച്ച് ചിന്തിക്കും. ഇക്കാര്യം ഉദ്ധവ് താക്കറെയുമായി സംസാരിച്ചിട്ടുണ്ട്' -റാവുത്ത് വ്യക്തമാക്കി.
രാഹുൽ ഗാന്ധിയെയും റാവുത്ത് പ്രകീർത്തിച്ചു. ജനങ്ങൾക്ക് രാഹുലിനെ കുറിച്ചുള്ള ചില ധാരണകൾ ശരിയല്ല. ശരിയായ ചിന്തകളുള്ള നേതാവാണ് രാഹുൽ. അദ്ദേഹത്തിന്‍റെ പാർട്ടിയിൽ ചില പാളിച്ചകളുണ്ട്. അവ പരിഹരിക്കാൻ അദ്ദേഹത്തിന് ആഗ്രഹവുമുണ്ട് -റാവുത്ത് പറഞ്ഞു.
കോൺഗ്രസ് ഇല്ലാതെ ദേശീയ തലത്തിൽ ഒരു പ്രതിപക്ഷ മുന്നണി സാധ്യമല്ലെന്ന നിലപാട് ശിവസേന നേരത്തെയും ഉയർത്തിയിട്ടുണ്ട്. അതേസമയം, ദേശീയതലത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി പുതിയൊരു സഖ്യമുണ്ടാക്കാനാണ് മമതയുടെ ശ്രമം. ഇതിന്‍റെ തുടര്‍ച്ചയായാണ് മമത മഹാരാഷ്ട്രയിലെത്തി എന്‍.സി.പി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.