കോവിഡ് വ്യാപനത്തിന് കാരണം ‘നമസ്‌തേ ട്രംപ്’ പരിപാടിയെന്ന് ശിവസേന എം.പി
text_fieldsമുംബൈ: യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കാൻ ഫെബ്രുവരിയില്‍ അഹമ്മദാബാദിൽ സംഘടിപ്പിച്ച ‘നമസ്‌തേ ട്രംപ്’ പരിപാടിയാണ് ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കിയതെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്.
പിന്നീടത് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും വ്യാപിക്കുകയായിരുന്നു. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചതാണ് വ്യാപനത്തിെൻറ ആക്കം കൂട്ടിയതെന്നും അദ്ദേഹം ശിവസേന മുഖപത്രമായ സാമ്നയിലെ തെൻറ പ്രതിവാര കോളത്തില്‍ ആരോപിച്ചു.
യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് കേന്ദ്രം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും റാവത്ത് കുറ്റപ്പെടുത്തി. ഇപ്പോള്‍ ലോക്ഡൗണ്‍ നിയന്ത്രണം എടുത്തുകളയാനുള്ള ചുമതല സംസ്ഥാനങ്ങൾക്ക് നല്‍കി കേന്ദ്രം കൈയൊഴിയുകയാണ്.
‘യു.എസ് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിനെ സ്വാഗതം ചെയ്യുന്നതിനായി നടത്തിയ പൊതുസമ്മേളനമാണ് ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപിപ്പിച്ചതെന്നത് നിഷേധിക്കാനാവില്ല. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചത് അവിടങ്ങളിലും വൈറസ് വ്യാപനത്തിന് ഇടയാക്കി’- റാവത്ത് ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 24ന് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് നടത്തിയ റോഡ് ഷോ കാണാന്‍ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്. റോഡ് ഷോയ്ക്ക് ശേഷം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലധികം പേരെയാണ് ഇരുനേതാക്കളും അഭിസംബോധന ചെയ്തത്.
മാര്‍ച്ച് 20നാണ് ഗുജറാത്തിലെ ആദ്യ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്‌കോട്ടില്‍ നിന്നുള്ള ഒരാളുടെയും സൂറത്തില്‍ നിന്നുള്ള ഒരു സ്ത്രീയുടെയും സാമ്പിളുകള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിയുകയായിരുന്നു. കോവിഡ് മഹാമാരിയെ തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഉദ്ദവ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര വികാസ് അഘാഡി (എം.വി.എ) സഖ്യ സര്‍ക്കാറിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഏതൊരു നടപടിയും ആത്മഹത്യാപരമാണെന്നും റാവത്ത് അഭിപ്രായപ്പെട്ടു.
‘ആറുമാസം മുമ്പ് രാഷ്ട്രപതി ഭരണം എങ്ങനെയാണ് നടപ്പാക്കിയതെന്നും എടുത്തുകളഞ്ഞതെന്നുമുള്ള കാര്യത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചതാണ്. രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കുന്നത് കൊറോണ വൈറസ് കേസുകള്‍ കൈകാര്യം ചെയ്യുന്നത് അടിസ്ഥാനമാക്കിയാണെങ്കില്‍ ബി.ജെ.പി ഭരിക്കുന്നവ ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ അങ്ങിനെ ചെയ്യേണ്ടി വരും. വൈറസിനെ എതിരിടാൻ ആസൂത്രണം ഇല്ലാത്തതിനാല്‍ പകര്‍ച്ചവ്യാധി തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പോലും പരാജയപ്പെട്ടിരിക്കുകയാണ്. ലോക്ഡൗണ്‍ എന്തുകൊണ്ട് പരാജയപ്പെട്ടെന്നത് സംബന്ധിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മികച്ച വിശകലനം നടത്തിയിട്ടുണ്ട്. കൊറോണ വൈറസ് കേസുകളുടെ വർധനവിെൻറ കാരണം പറഞ്ഞ് മഹാരാഷ്്ട്രയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുന്നത് നടുക്കമുളവാക്കുന്നതാണ്’- റാവത്ത് പറഞ്ഞു.
കോവിഡ് വ്യാപനം നേരിടുന്നതില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിെൻറ പരാജയം കണക്കിലെടുത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബി.ജെ.പി എം.പി നാരായണ്‍ റാണെ മഹാരാഷ്ട്ര ഗവര്‍ണര്‍ ബി.എസ് കോശ്യാരിയെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടതിനെ പരാമർശിക്കുകയായിരുന്നു അദ്ദേഹം. സഖ്യകക്ഷികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടെങ്കിലും എം.വി.എ സർക്കാറിെൻറ നിലനിൽപിന് ഭീഷണിയൊന്നുമില്ലെന്ന് റാവത്ത് ചൂണ്ടിക്കാട്ടി. സർക്കാർ വീഴാതെ നോക്കേണ്ടത് തങ്ങളുടെ നിലനിൽപിന് ആവശ്യമാണെന്ന് സഖ്യകക്ഷികൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.