മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: എക്നാഥ് ഷിൻഡെ അർധരാത്രി ഗുജറാത്തിലെത്തി ബി.ജെ.പി നേതാക്കളെ കണ്ടു
text_fieldsഗുവാഹത്തി: മഹാരാഷ്ട്ര സർക്കാറിനെ പ്രതിസന്ധിയിലാക്കിയ ശിവസേന വിമതൻ ഏക്നാഥ് ഷിൻഡെ ഗുജറാത്തിലെ വഡോദരയിൽ ബി.ജെ.പിയുടെ ദേവേന്ദ്ര ഫട്നാവിസുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് കൂടിക്കാഴ്ച നടന്നത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ സാധ്യതയെ കുറിച്ചാണ് ചർച്ചകൾ നടന്നതെന്ന് റിപ്പോർട്ടുകളുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും കഴിഞ്ഞ രാത്രി വഡോദരയിൽ ഉണ്ടായിരുന്നു.
അസമിലെ ഗുവാഹത്തിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഷിൻഡെ വഡോദരയിൽ എത്തിയത്. മഹാരാഷ്ട്രയുടെ മുൻ മുഖ്യമന്ത്രിയായിരുന്ന ഫട്നാവിസുമായി ചർച്ച നടത്തിയ ശേഷം ഷിൻഡെ അസമിലേക്ക് തന്നെ തിരിച്ച് പോയി.
അതേസമയം, വിമത നീക്കത്തിന് പിന്നിൽ പ്രവർത്തിച്ച ഷിൻഡെ ഉൾപ്പെടെ ശിവസേനയിലെ 16 എം.എൽ.എമാർക്ക് അയോഗ്യരാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ തിങ്കളാഴ്ചക്കകം അറിയിക്കണമെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നോട്ടീസ് നൽകിയിട്ടുണ്ട്.
ഷിൻഡെയും സംഘവും ബി.ജെ.പിയുമായി സഖ്യം ചേർന്ന് സർക്കാർ രൂപീകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വിമതർ ശിവസേനയുടെ പുതിയ ഘടകത്തെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ശിവസേന ബാൽ താക്കറെ എന്നതാണ് പുതിയ ഘടകമെന്നാണ് വിമത പക്ഷം. ഉദ്ധവ് താക്കറെയുടെ പിതാവായ ബാൽതാക്കറെയാണ് ശിവ സേനയുടെ സ്ഥാപക നേതാവ്. അദ്ദേഹത്തിന്റെ ആശയങ്ങളാണ് തങ്ങൾ പിൻപറ്റുന്നതെന്നാണ് വിമത പക്ഷത്തിന്റെ അവകാശ വാദം.
എന്നാൽ നിങ്ങളുടെ പാർട്ടിക്ക് നിങ്ങളുടെ പിതാവിന്റെ പേരിട്ടാൽ മതിയെന്നും തന്റെ പിതാവിന്റെ പേര് ഉപയോഗിക്കേണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.