കുഞ്ഞ് അരിഹ വളരേണ്ടത് ഇവിടെയാണ്; ദയവായി വിട്ടുതരണം -20 മാസമായി ജർമനിയിൽ കഴിയുന്ന രണ്ടു വയസുകാരിയെ വിട്ടുകിട്ടാൻ ഇന്ത്യ
text_fieldsന്യൂഡൽഹി: 20 മാസമായി മാതാപിതാക്കളിൽ നിന്ന് വേർപെട്ട് ജർമനിയിൽ ഫോസ്റ്റർ കെയർ സംരക്ഷണത്തിൽ കഴിയുന്ന അരിഹ ഷായെ തിരികെ എത്തിക്കുന്നതിന് സാധ്യമായ നടപടികൾ സ്വീകരിക്കണമെന്ന് രാഷ്ട്രീയ നേതാക്കൾ ഇന്ത്യയിലെ ജർമൻ അംബാസഡറോട് ആവശ്യപ്പെട്ടു. ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളിലെ 59 എം.പിമാരാണ് കക്ഷിരാഷ്ട്രീയം മറന്ന് രണ്ടു വയസുകാരി അരിഹക്കായി ഒന്നിച്ചത്. അരിഹയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് എം.പിമാർ അംബാസഡർ ഫിലിപ്പ് അക്കർമാന് വെള്ളിയാഴ്ച കൈമാറിയ കത്തിൽ ആവശ്യപ്പെട്ടു.
'' ആ കുഞ്ഞിന്റെ സ്വന്തം രാജ്യം ഇതാണ്. അവളുടെ ബന്ധുക്കളും ഇവിടെയാണുള്ളത്. അവൾക്ക് ജീവിക്കാൻ ഈ സംസ്കാരവും പരിതസ്ഥിതിയും അനിവാര്യമാണ്.''-എം.പിമാർ കത്തിൽ ചൂണ്ടിക്കാട്ടി. 19 രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളാണ് കത്തിൽ ഒപ്പുവെച്ചത്.
ലോക്സഭ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി, ശശി തരൂർ, ബി.ജെ.പിയുടെ ഹേമമാലിനി, മനേക ഗാന്ധി, ഡി.എം.കെയുടെ കനിമൊഴി, എൻ.സി.പിയുടെ സുപ്രിയ സുലെ, ടി.എം.സിയുടെ മഹുവ മൊയ്ത്ര, സമാജ് വാദി പാർട്ടിയുടെ രാം ഗോപാൽ യാദവ്, ആർ.ജെ.ഡിയുടെ മനോജ് ത്സ, എ.എ.പിയുടെ സഞ്ജയ് സിങ്, ബി.എസ്.പിയുടെ കൻവർ ദാനിഷ് അലി, സി.പി.എമ്മിലെ എളമരം കരീം, ജോൺ ബ്രിട്ടാസ്, അകാലി ദളിലെ ഹർസിമ്രത് കൗർ ബാദൽ, ശിവ സേനയുടെ പ്രിയങ്ക ചതുർവേദി, സി.പി.ഐയുടെ ബിനോയ് വിശ്വം, നാഷനൽ കോൺഫറൻസിലെ ഫാറൂഖ് അബ്ദുല്ല എന്നിവരാണ് കത്തിൽ ഒപ്പുവെച്ചത്.
2018ലാണ് അരിഹയുടെ മാതാപിതാക്കളായ ധാരയും ഭവേഷ് ഷായും ജോലിയാവശ്യാർഥം ഗുജറാത്തിൽ നിന്ന് ജർമനിയിലെത്തിയത്. കഴിഞ്ഞ 21 മാസമായി മകളെ വിട്ടുകിട്ടാൻ അവർ പോരാടിക്കൊണ്ടിരിക്കുകയാണ്.2021 സെപ്റ്റംബർ 23 മുതർ ഫോസ്റ്റർ കെയറിലാണ് അരിഹ. ഏഴുമാസം പ്രായമുള്ളപ്പോൾ കളിക്കുന്നതിനിടെ കുഞ്ഞിന്റെ സ്വകാര്യ ഭാഗത്തേറ്റ ചെറിയൊരു പരുക്കിനെ ചൊല്ലിയാണ് ജർമൻ സർക്കാർ കുഞ്ഞിനെ രക്ഷിതാക്കളിൽ നിന്ന് പിരിച്ചത്. ജര്‍മന്‍ അധികാരികള്‍ കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ കുറ്റം ചുമത്തുകയും കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും കുഞ്ഞിനെ തിരിച്ചുകൊടുക്കാൻ സർക്കാർ തയ്യാറായില്ല. സംശയം ഉന്നയിച്ച ഡോക്ടര്‍മാരും നിലപാട് തിരുത്തി. എന്നാലും കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറാനുള്ള നടപടികള്‍ നീട്ടിക്കൊണ്ടു പോവുകയായിരുന്നു.
അരിഹയുടെ മാതാപിതാക്കളെ ഇന്ത്യയിലേക്ക് അയക്കുകയും ചെയ്തു.
കുട്ടിയുടെ മാതാപിതാക്കൾക്കെതിരായ കേസ് 2022 ഫെബ്രുവരിയിൽ ജർമൻ പൊലീസ് അവസാനിപ്പിച്ചതാണെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. എന്നാൽ കുട്ടിയെ മാതാപിതാക്കൾക്കൊപ്പം ഇന്ത്യയിലേക്ക് അയക്കാൻ ജർമൻ അധികൃതർ തയാറായില്ല. കുട്ടിയെ സ്ഥിരമായി വേണമെന്ന് ആവശ്യപ്പെട്ട് ജർമൻ ചൈൽഡ് കെയർ സർവീസസ് കോടതിയെ സമീപിച്ചിരുന്നു.
അരിഹയെ എത്രയും വേഗം ഇന്ത്യയിലേക്ക് അയയ്ക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ ജർമൻ അധികാരികളോട് അഭ്യർഥിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുഞ്ഞിന്റെ വളർച്ചാ കാലഘട്ടത്തിൽ ഭാഷയും സംസ്കാരവും സാമൂഹികാന്തരീക്ഷവുമെല്ലാം പ്രധാനപ്പെട്ടതാണെന്നും അതുകൊണ്ട് തന്നെ കുഞ്ഞിനെ എത്രയും പെട്ടെന്ന് കൈമാറണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻ പൗര ആയി വളരുക എന്നത് കുഞ്ഞിന്‍റെ അവകാശമാണെന്നതടക്കമുള്ള വിവരങ്ങൾ ജർമനിയെ അറിയിച്ചതായും വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ഭാഗ്ചി പറഞ്ഞു. വിദേശകാര്യ മന്ത്രാലയവും ബെർലിനിലെ ഇന്ത്യൻ എംബസിയും അരിഹയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും അരിന്ദം ഭാഗ്ചി വ്യക്തമാക്കി. എന്നാൽ കുഞ്ഞിനെ മാതാപിതാക്കളുടെ കൂടെ നല്‍കുന്നതിനേക്കാള്‍ നല്ലത് ജര്‍മന്‍ ഫോസ്റ്റര്‍ കെയറില്‍ നിര്‍ത്തുന്നതായിരിക്കുമെന്നും അവിടെ കുഞ്ഞ് സുരക്ഷിതയായിരിക്കും എന്നുമാണ് ജർമൻ അധികൃതർ വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.