ഗാന്ധിജിക്ക് പ്രണാമമായി ബി.ജെ.പിയെ പുറത്താക്കൂ
text_fieldsമഹാത്മാ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2024ൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറന്തള്ളി രാഷ്ട്രപിതാവിന് പ്രണാമമർപ്പിക്കാനുള്ള ആഹ്വാനത്തോടെയും പാർട്ടിയുടെ കരുത്ത് തെളിയിച്ച ‘വിജയഭേരി’ റാലിയോടെയും കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഹൈദരബാദിൽ സമാപിച്ചു. സമാപന ദിവസമായ ഞായറാഴ്ച പ്രദേശ് കോൺഗ്രസ് പ്രസിഡന്റുമാരും നിയമസഭ കക്ഷിനേതാക്കളും കൂടി അടങ്ങുന്ന വിശാല പ്രവർത്തക സമിതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ബി.ജെ.പിയെ തോൽപിക്കാൻ വിശ്രമമില്ലാതെ പണിയെടുക്കാൻ ആഹ്വാനം ചെയ്തു. വൈകീട്ട് നടന്ന ‘വിജയഭേരി’ റാലിയിൽ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആറ് ഗാരണ്ടികളും പ്രഖ്യാപിച്ചു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി രാജ്യത്തൊരു ബദൽ സർക്കാറിനെ കൊണ്ടുവരുകയാണ് കോൺഗ്രസ് ലക്ഷ്യമെന്ന് ഖാർഗെ പറഞ്ഞു.
ആർജിച്ച ശക്തിയോടെയും വ്യക്തമായ സന്ദേശത്തോടെയുമാണ് തെലങ്കാനയിൽനിന്നുള്ള മടക്കം. മുന്നിലുള്ള വെല്ലുവിളികളെ കുറിച്ച് ബോധ്യം വേണം. ഈ വെല്ലുവിളി കോൺഗ്രസിനു മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തിന്റെ അതിജീവനത്തിന്റെയും ഭരണഘടനയുടെ സംരക്ഷണത്തിന്റേതുമാണ്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ രണ്ടോ മൂന്നോ മാസത്തിനകം നടക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രമാണുള്ളത്.
ജമ്മു- കശ്മീരിൽ തെരഞ്ഞെടുപ്പിനുള്ള സാധ്യതയുള്ളതിനാൽ അവിടെയും സജ്ജമാകണം. മണ്ഡലം, ബ്ലോക്ക് കമ്മിറ്റികൾ തയാറായോ എന്നും അവർക്ക് സ്ഥിരം പരിപാടികൾ നൽകുന്നുണ്ടോ എന്നും ശക്തരായ സ്ഥാനാർഥികളെ കണ്ടെത്തിയിട്ടുണ്ടോ എന്നും പ്രദേശ് കോൺഗ്രസ് പ്രസിഡന്റുമാരോടും നിയമസഭ കക്ഷി നേതാക്കളോടും ഖാർഗെ ചോദിച്ചു.
‘‘ഇത് വിശ്രമിക്കാനുള്ള സമയമല്ല. 10 വർഷത്തെ ബി.ജെ.പി ഭരണത്തിൽ സാധാരണക്കാരുടെ വെല്ലുവിളികൾ പതിന്മടങ്ങായി. പാവങ്ങളുടെയും കർഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും യുവാക്കളുടെയുമൊന്നും ആശങ്കകൾ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രി തയാറല്ല.
വ്യക്തിപരമായ ഭിന്നതകൾ മാറ്റിവെച്ച് പാർട്ടിയുടെ വിജയത്തിന് മുൻഗണന നൽകണം. നേതാക്കൾക്കും പാർട്ടിക്കുമെതിരെ മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കണം. ഐക്യം പരമപ്രധാനമാണ്. വിജയം നേടാനായി ഐക്യപ്പെട്ട് പൊരുതിയ കർണാടകയിൽ നാമത് തെളിയിച്ചതാണ്’’ -ഖാർഗെ കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് മാസന്തോറും 2500 രൂപ നൽകുന്ന മഹാലക്ഷ്മി പദ്ധതി, 500 രൂപക്ക് പാചക വാതക സിലിണ്ടർ, സംസ്ഥാനമൊട്ടുക്കും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്നീ തെലങ്കാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വിജയഭേരി റാലിയിൽ സോണിയ ഗാന്ധി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.