‘ചെങ്കോൽ’ പട
text_fieldsന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാൻ അലഹബാദ് മ്യൂസിയത്തിൽനിന്ന് പുറത്തെടുത്ത ചെങ്കോൽ മോദി സർക്കാറിനെ വെള്ളം കുടിപ്പിക്കുന്നു. ഇന്ത്യ സ്വതന്ത്രമായപ്പോൾ ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റണിൽനിന്ന് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് കൈമാറിയ അധികാര ദണ്ഡാണിതെന്ന സർക്കാർ വാദത്തിന് വ്യക്തമായ തെളിവിന്റെ പിൻബലം ഇല്ലെന്നുവന്നതോടെയാണിത്.
ചെങ്കോൽ നെഹ്റു സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നെത്തിയ സംഘമാണ് അത് കൈമാറിയത്. മൗണ്ട്ബാറ്റൺ നെഹ്റുവിന് ചെങ്കോൽ നൽകിയതായി ചരിത്രരേഖകളോ തെളിവുകളോ പത്രവാർത്തകളോ ഇല്ല. പ്രത്യേക വിമാനത്തിൽ ചെങ്കോലുമായി തമിഴ്സംഘത്തെ എത്തിച്ചുവെന്നതിനും തെളിവില്ല.
തമിഴക രാഷ്ട്രീയത്തിന് കാവിത്വം നൽകാമെന്ന ധാരണയിൽ ചെങ്കോലുമായി കളത്തിലിറങ്ങിയ ബി.ജെ.പി പക്ഷേ, പിന്മാറാൻ കഴിയാതെ പലവിധ വാദങ്ങൾ ഉയർത്തി പിടിച്ചുനിൽക്കാനുള്ള തീവ്രശ്രമത്തിൽ.
നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ സ്വാതന്ത്ര്യം നേടിയപ്പോൾ, ഉടമ്പടി ഒപ്പുവെക്കൽ പോലുള്ള വ്യവസ്ഥാപിത മാർഗങ്ങളേക്കാൾ പ്രാധാന്യത്തോടെ ചെങ്കോൽ കൈമാറ്റത്തിലൂടെയാണ് ജനാധിപത്യ ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റം നടത്തിയെന്ന മോദിസർക്കാറിന്റെ വാദം അതേപടി ഉൾക്കൊള്ളുന്നവരും വിരളം. യഥാർഥത്തിൽ രാജാധികാരത്തിന്റെ അടയാളമാണ് ചെങ്കോൽ.
ഒരു സമ്മാനം എന്നതിനപ്പുറം, അധികാരത്തിന്റെ ചെങ്കോലായി ആരും അതിനെ കണ്ടിട്ടില്ലെന്ന് കോൺഗ്രസ് വിശദീകരിച്ചു. എന്നാൽ, രാജ്യത്തിന്റെ പൈതൃകം, സംസ്കാരം എന്നിവ പിൻപറ്റാൻ കോൺഗ്രസിനെന്താണ് മടിയെന്ന ചോദ്യവുമായാണ് ആഭ്യന്തരമന്ത്രി അമിത് ഷാ അതിനെ നേരിട്ടത്.
അസാധാരണ വാർത്തസമ്മേളനം നടത്തി ചെങ്കോൽ പുരാണം കഴിഞ്ഞദിവസം വിശദീകരിച്ചത് അമിത് ഷാ ആയിരുന്നു. ധനമന്ത്രി നിർമല സീതാരാമൻ തമിഴ്നാട്ടിലെത്തിയും വാർത്തസമ്മേളനം നടത്തി.
സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിനിടയിൽ ബി.ജെ.പിപോലും ഇതുവരെ ചെങ്കോൽ പൊടിപിടിച്ചതിൽ സങ്കടപ്പെട്ട് ഒരു പ്രസ്താവനയെങ്കിലും നടത്തിയിട്ടില്ല. എന്നാൽ, പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭ സ്പീക്കറുടെ കസേരക്കു സമീപം തന്നെ ചെങ്കോൽ സ്ഥാപിക്കണമെന്ന തീരുമാനമാണ് മോദിസർക്കാർ എടുത്തത്.
ചെങ്കോലിന്റെ മഹത്വം അംഗീകരിക്കുന്നതിനേക്കാൾ, രാഷ്ട്രീയ ലക്ഷ്യങ്ങളാണ് അതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കർണാടകത്തിലും തോറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാകെ വെളിമ്പുറത്തായ ശേഷമാണ് മോദിസർക്കാർ ചെങ്കോൽ പുറത്തെടുത്തത്.
തമിഴ്നാടുമായി വൈകാരിക ബന്ധമുള്ള ചെങ്കോൽ പൊടിതട്ടിയെടുത്താൽ കർണാടക, തമിഴ്നാട് ദ്രാവിഡ രാഷ്ട്രീയത്തിൽ അനുഭാവം നേടാൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. ഡി.എം.കെയേയും കോൺഗ്രസിനെയും ചെങ്കോൽ കൊണ്ട് ആക്രമിക്കാം.
തമിഴ്നാട്ടിൽനിന്നൊരു അടയാളം പാർലമെന്റിൽ തിളങ്ങുമ്പോൾ തമിഴക അഭിമാനം ഉയരുമെന്നും ബി.ജെ.പി ചങ്ങാത്തത്തിന് താൽപര്യപ്പെടുന്ന മഠാധിപതികളെയും സവർണ ലോബിയേയും സന്തോഷിപ്പിക്കാമെന്നുമാണ് നിഗമനം. ഹിന്ദുത്വ താൽപര്യങ്ങൾക്ക് ഉതകുന്ന പ്രതീകം കൂടിയാണ് ചെങ്കോൽ.
ഹിന്ദുപുരാണങ്ങളിൽ ഭഗവാൻ ശിവന്റെ വാഹനമായ നന്ദികേശന്റെ പൂർണകായ രൂപമാണ് ചെങ്കോലിന്റെ തലക്കൽ ഉള്ളത്. കാശി, അയോധ്യ, സോമനാഥ് എന്നിവിടങ്ങളുമായി ദ്രാവിഡ സംസ്കാരത്തെ കൂട്ടിയിണക്കി കാണിക്കാനുള്ള ശ്രമം ഏറെക്കാലമായി ബി.ജെ.പി ആസൂത്രിതമായി നടത്തുന്നുമുണ്ട്.
എന്നാൽ, ഇപ്പോഴത്തെ ചൂടൻ ചർച്ചകൾക്കപ്പുറം, ബി.ജെ.പിക്ക് വേരു പടർത്താൻ ഇടംകിട്ടാത്ത തമിഴ്നാട്ടിൽ ദീർഘകാല ഫലമുണ്ടാക്കാൻ ചെങ്കോലിന് കഴിയുമോ എന്ന ചോദ്യം ബാക്കി.
ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും കോൺഗ്രസ് ഇത്രയേറെ വെറുക്കുന്നത് എന്തുകൊണ്ടാണ്? തമിഴ്നാട്ടിലെ ഒരു ശൈവ മഠം ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ പ്രതീകവത്കരിച്ച് പവിത്രമായൊരു ചെങ്കോൽ പണ്ഡിറ്റ് നെഹ്റുവിന് കൊടുത്തു. എന്നാൽ, അതൊരു ഊന്നുവടി മാത്രമാക്കി ഒരു മ്യൂസിയത്തിൽ തള്ളുകയാണ് ചെയ്തത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമയത്ത് ചെങ്കോലിന് ഉണ്ടായിരുന്ന പ്രാധാന്യം പരിശുദ്ധ ശൈവ മഠമായ തിരുവാടുതുറൈ അധീനം തന്നെ പറഞ്ഞിട്ടുണ്ട്. അധീനത്തിന്റെ ചരിത്രം വ്യാജമെന്നാണ് കോൺഗ്രസ് പറയുന്നത്. സ്വന്തം പെരുമാറ്റ രീതി കോൺഗ്രസ് സ്വയം പരിശോധിച്ചു നോക്കണം -അമിത് ഷാ
ചരിത്രത്തിന്റെ ദുർവ്യാഖ്യാനമാണ് ചെങ്കോൽകൊണ്ട് മോദി സർക്കാർ നടത്തുന്നത്. തെളിവില്ലാതെ വല്ലാത്ത വാദങ്ങൾ ഉന്നയിക്കുകയാണ് ബി.ജെ.പി-ആർ.എസ്.എസ് ദുർവ്യാഖ്യാനികൾ ചെയ്യുന്നത്. തമിഴ്നാട്ടിൽനിന്ന് ഒരു ചെങ്കോൽ നെഹ്റുവിന് 1947ൽ സമ്മാനിച്ചിട്ടുണ്ട്. എന്നാൽ, അധികാര കൈമാറ്റത്തിന്റെ പ്രതീകമായി അതിനെ മൗണ്ട് ബാറ്റണോ, രാജഗോപാലാചാരിയോ, നെഹ്റുവോ വിശേഷിപ്പിച്ചതായി തെളിവുകളില്ല. ബി.ജെ.പിയുടേത് നിർമിത ബുദ്ധിയാണ്. അതിനു ചില മാധ്യമങ്ങൾ ചെണ്ടകൊട്ടുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടിയാണ് പ്രധാനമന്ത്രിയും ചെണ്ടകൊട്ടുന്നവരും ചെങ്കോൽ ഉപയോഗിക്കുന്നത്’’-ജയ്റാം രമേശ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.