ദുഷ്യന്ത് ദവെക്കെതിരെ ബാർ കൗൺസിൽ ചെയർമാൻ
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയുടെ പരിഗണനയിലുള്ള അതിപ്രധാനമായ പല കേസുകളും വിവിധ ബെഞ്ചുകളിലേക്ക് മാറ്റുന്നതിലെ അസ്വാഭാവികത ചൂണ്ടിക്കാണിച്ച് ചീഫ് ജസ്റ്റിസിന് തുറന്ന കത്തെഴുതിയ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെക്കെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ രംഗത്ത്. പ്രമാദമായ പല കേസുകളും താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെയടക്കം ബെഞ്ചുകളിലേക്ക് ലിസ്റ്റ് ചെയ്ത സുപ്രീംകോടതി രജിസ്ട്രിയുടെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച ദവെയുടെ കത്ത് ‘അനർഹമായ സ്വാധീനമുണ്ടാക്കാനാണെ’ന്നും ‘അനുകൂല തീരുമാനം’ ലഭിക്കാനാണെന്നും ബാർ കൗൺസിൽ ചെയർമാൻ മനാൻ മിശ്ര, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് അയച്ച കത്തിൽ ആരോപിച്ചു. ദവെയുടെ പേര് പരാമർശിച്ചിട്ടില്ലാത്ത കത്തിൽ, ഇത്തരം നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്.
ഈയടുത്ത കാലത്ത് അധികാരത്തിലിരുന്ന ചീഫ് ജസ്റ്റിസുമാർക്കെതിരെയെല്ലാം ഇത്തരം നീക്കങ്ങളുണ്ടായിട്ടുണ്ടെന്നും സ്വതന്ത്ര നീതിന്യായ സംവിധാനത്തെ സ്വാധീനിക്കാനുള്ള, നിയമവ്യവസ്ഥക്കു പുറത്തുള്ള സംവിധാനമാണിതെന്നും മിശ്ര ആരോപിച്ചു. കത്തിലെ ആരോപണങ്ങൾ വിലകുറഞ്ഞ പ്രശസ്തിക്കു വേണ്ടിയുള്ളതാണ്. അതിൽ സത്യത്തിന്റെ കണികപോലുമില്ല. ഇതുപോലുള്ള കീഴ്വഴക്കങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത്തരം ശല്യങ്ങൾ അവസാനിപ്പിക്കണമെന്നും മിശ്ര ആവശ്യപ്പെട്ടു.
സുപ്രീംകോടതി രജിസ്ട്രി കേസുകൾ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചില സംഭവവികാസങ്ങൾ ഏറെ വേദനയുളവാക്കുന്നുവെന്നായിരുന്നു സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുകൂടിയായ ദുഷ്യന്ത് ദവെ കത്തിൽ പറഞ്ഞത്. മനുഷ്യാവകാശം, അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, ഭരണഘടന സ്ഥാപനങ്ങളുടെ പ്രവർത്തനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർണായക കേസുകളാണ് ദവെ സൂചിപ്പിച്ചത്. ചീഫ് ജസ്റ്റിസിനെ കാണാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ടതിനാലാണ് ഇത്തരമൊരു തുറന്ന കത്തെഴുതേണ്ട സാഹചര്യമുണ്ടായതെന്നും ദവെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.