പി.എം.ഒ ഉദ്യോഗസ്ഥനായി ചമഞ്ഞ് തട്ടിപ്പുനടത്തിയ സംഘത്തിൽ മകനും, ഗുജറാത്ത് മുഖ്യമന്ത്രിയുടെ പി.ആർ.ഒ രാജിവെച്ചു
text_fieldsശ്രീനഗർ: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനായി ചമഞ്ഞ് ജമ്മു കശ്മീർ അധികൃതരെ പറ്റിച്ച സംഭവത്തിലെ പ്രതിയുമായി മകന് ബന്ധമുള്ളതിനെ തുടർന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥൻ രാജിവെച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഹിതേഷ് പാണ്ഡ്യയാണ് രാജിവെച്ചത്.
ഇയാളുടെ മകൻ അമിത് ഹിതേഷ് പാണ്ഡ്യ വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനായി ചമഞ്ഞ കിരൺ ഭായ് പട്ടേലിന്റെ ‘ഔദ്യോഗിക സംഘ’ത്തിൽ ഉൾപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കിരൺ ഭായ് നാലുമാസത്തോളം ഇസെഡ് പ്ലസ് സുരക്ഷയിൽ കശ്മീരിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ താമസിക്കുകയും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചേർന്ന് നിരവധി യോഗങ്ങൾ നടത്തുകയും ചെയ്തത്. ഈ സംഘത്തിലാണ് ഹിതേഷ് പാണ്ഡ്യയുടെ മകനും ഉണ്ടായിരുന്നത്.
2001 മുതൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പി.ആർ.ഒ ആണ് ഹിതേഷ് പാണ്ഡ്യ. കഴിഞ്ഞ ദിവസം വൈകീട്ടാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് രാജിക്കത്ത് സമർപ്പിച്ചത്.
എന്റെ മകൻ നിരപരാധിയാണ്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും താറടിച്ചു കാണിക്കാൻ താത്പര്യമില്ലാത്തതിനാലാണ് താൻ രാജിവെക്കുന്നതെന്നാണ് രാജിക്കത്തിൽ ഹിതേഷ് പാണ്ഡ്യ പറഞ്ഞത്.
ഗുജറാത്ത് ബി.ജെ.പിയുടെ നോർത് സോൺ സോഷ്യൽ മീഡിയ വിഭാഗം ഇൻചാർജായിരുന്ന അമിത് ഹിതേഷ് പാണ്ഡ്യയെ പാർട്ടിയിൽ സസ്പെൻഡ് ചെയ്യുകയും പ്രാഥമികാംഗത്വത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കേസിൽ ജമ്മു കശ്മീർ പൊലീസ് അമിതിന്റെ പേര് പ്രതിപ്പട്ടികയിൽ ചേർത്തിട്ടില്ല. അമിതിനെയും ഗുജറാത്തിൽ നിന്നുള്ള മറ്റൊരു സഹായി ജയ് സിതാപാരയെയും സാക്ഷികളായാണ് ഉൾപ്പെടുത്തിയത്.
കഴിഞ്ഞ ആഴ്ച ഇരുവരെയും ചോദ്യം ചെയ്യാൻ പെലീസ് വിളിപ്പിച്ചിരുന്നു. ഇവർ തട്ടിപ്പുകാരന്റെ പ്രചാരണങ്ങളിൽ വീണുപോയതാണെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.