കൂട്ടബലാത്സംഗം: ആൻഡമാൻ മുൻ ചീഫ് സെക്രട്ടറിക്ക് സസ്‌പെൻഷൻ; കേസിൽ ലേബർ കമീഷണറും പ്രതി
text_fieldsന്യൂഡൽഹി: കൂട്ടബലാത്സംഗ കേസിൽ പ്രതിയായ ആൻഡമാൻ നികോബാർ ദ്വീപ് സമൂഹത്തിലെ മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഓഫിസറുമായ ജിതേന്ദ്ര നരേന് സസ്പെൻഷൻ. 1990 ബാച്ച് ഐ.എ.എസുകാരനായ ജിതേന്ദ്ര നരേനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അടിയന്തരമായി സസ്‌പെൻഡ് ചെയ്തത്.
21കാരിയെ ആൻഡമാൻ നികോബാർ ദ്വീപിലെ ഔദ്യോഗിക വസതിയിൽവെച്ച് ജിതേന്ദ്ര നരേനും ലേബർ കമീഷണർ ആർ.എൽ ഋഷിയും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. ജിതേന്ദ്ര ദ്വീപിലെ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുമ്പോഴായിരുന്നു സംഭവം.
ജിതേന്ദ്ര നരേൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. വനിതകളുടെ അന്തസ്സ് കളങ്കപ്പെടുത്തുന്നവർക്കെതിരെ പദവി നോക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 2021 മാർച്ചിലാണ് ജിതേന്ദ്ര നരേൻ ആൻഡമാൻ നികോബാർ ദ്വീപിലെ ചീഫ് സെക്രട്ടറിയായി ചുമതയേറ്റത്.
കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിലായി രണ്ടു തവണ പീഡിപ്പിച്ചെന്ന് ആഗസ്റ്റിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു. ജോലി അന്വേഷിക്കുകയായിരുന്ന യുവതിയെ ഹോട്ടൽ ഉടമ വഴി പരിചയപ്പെട്ട ആർ.എൽ ഋഷിയാണ് ജിതേന്ദ്രയുടെ ഔദ്യോഗിക വസതിയിൽ എത്തിച്ചത്. വസതിയിലെത്തിയ യുവതിക്ക് ഇരുവരും മദ്യം വാഗ്ദാനം ചെയ്തെങ്കിലും നിരസിച്ചു.
സർക്കാർ ജോലി നൽകാമെന്ന് ഉറപ്പുനൽകിയ ജിതേന്ദ്രയും ഋഷിയും ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ടാഴ്ചക്ക് ശേഷം വീണ്ടും ചീഫ് സെക്രട്ടറിയുടെ വസതിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു. പീഡനവിവരം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ യുവതി ചൂണ്ടിക്കാട്ടുന്നു.
യുവതിയുടെ വിവരങ്ങൾ പുറത്തുവിട്ട പ്രാദേശിക മാധ്യമപ്രവർത്തകനും കേസ് വിവരങ്ങൾ ചോർത്തിയ പൊലീസ് ഉദ്യോഗസ്ഥനുമെതിരെ യുവതി പ്രത്യേക പരാതി നൽകിയിട്ടുണ്ട്. ജിതേന്ദ്രക്കും ഋഷിക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പരാതി അന്വേഷിക്കാൻ ആൻഡമാൻ നികോബാർ പൊലീസിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.