എന്‍.ഡി.ടിവിയില്‍ നിന്ന് രാജിവെച്ച രവീഷ് കുമാറിന് സമൂഹമാധ്യമങ്ങളിൽ വമ്പൻ വരവേൽപ്പ്; മണിക്കൂറുകൾ കൊണ്ട് 13 ലക്ഷം സബ്സ്ക്രൈബേഴ്സ്
text_fieldsന്യൂഡൽഹി: ഭരണകൂട ഭീകരതക്കും ഹിന്ദുത്വ ഫാഷിസത്തിനുമെതിരേ എന്നും നിലപാട് സ്വീകരിച്ചിരുന്ന പ്രശസ്ത മാധ്യമപ്രവർത്തകൻ രവീഷ് കുമാറിനെ പിന്തുണച്ച് നെറ്റിസൺസ്. എന്‍.ഡി.ടിവിയില്‍ നിന്ന് രാജിവച്ച രവീഷ് കുമാറിന്റെ 'Ravish Kumar Official' എന്ന യൂ ട്യൂബ് ചാനലിന് മണിക്കൂറുകൾകൊണ്ട് ലഭിച്ചത് 13 ലക്ഷത്തിലധികം വരിക്കാരെയാണ്.
എന്‍.ഡി.ടിവിയുടെ ഉടമസ്ഥത അദാനി ഏറ്റെടുത്തതിന് പിന്നാലെയാണ് അദ്ദേഹം രാജിവെച്ചത്. രാജിവെച്ചതിനുശേഷം ഇനി മുതല്‍ തന്റെ പ്രവര്‍ത്തനമേഖല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായിരിക്കുമെന്ന് രവീഷ് കുമാര്‍ പറഞ്ഞിരുന്നു. 'രാജ്യത്തെ ജുഡീഷ്യറി തകരുകയും അധികാരത്തിലിരിക്കുന്നവര്‍ പലരുടെയും ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്ത ഒരു സമയത്ത് രാജ്യത്തെ ജനങ്ങള്‍ എനിക്ക് അളവറ്റ സ്നേഹം തന്നു. എന്റെ പ്രേക്ഷകരില്ലാതെ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. ഇനി എന്റെ പ്രവര്‍ത്തനങ്ങള്‍ യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയുമായിരിക്കും.. നിങ്ങളുടെ പിന്തുണ ഇവിടെയുമുണ്ടാകണം' -എന്ന് രവീഷ് കുമാര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. എല്ലാവരും ഗോദി മീഡിയകളുടെ അടിമത്വത്തിനെതിരെ പോരാടണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് യൂ ട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കുതിച്ചുകയറാൻ ആരംഭിച്ചത്. 2022 ജൂണ്‍ മൂന്നിന് ആരംഭിച്ച യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്‍.ഡി.ടി.വിയില്‍ നിന്നും രാജിവെച്ചതിന് കുറിച്ച് പറയുന്ന വിഡിയോ 23 ലക്ഷത്തിലേറെ പേരാണ് ഇതിനകം കണ്ടത്.
കഴിഞ്ഞ ദിവസമാണ് ചാനലിൽനിന്ന് രവീഷ് കുമാര്‍ രാജിവെച്ചത്. എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികള്‍ കൈവശമുള്ള പ്രൊമോട്ടര്‍ കമ്പനിയായ ആര്.ആര്.പി.എച്ചിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു രാജി. നേരത്തെ എന്‍.ഡി.ടി.വിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും സ്ഥാപകരും പ്രൊമോട്ടര്‍മാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചിരുന്നു.
രവീഷ് കുമാറിന്റെ രാജിയുടെ വിവരം അറിയിച്ചുകൊണ്ട് എന്‍.ഡി.ടി.വി പുറത്തുവിട്ട പ്രസ്താവനയില്‍ രാജി സ്വീകരിച്ചതായി വ്യക്തമാക്കിയിരുന്നു. 'രവീഷ് കുമാറിനെ പോലെ ജനങ്ങളെ ഇത്രമേല്‍ സ്വാധീനിച്ച മാധ്യമപ്രവര്‍ത്തകര്‍ വളരെ കുറവാണ്. ചെല്ലുന്നിടത്തെല്ലാം അദ്ദേഹം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തും നിരവധി പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്,' എന്നായിരുന്നു എന്‍.ഡി.ടി.വിയുടെ പ്രസ്താവന.
ഹം ലോഗ്, രവീഷ് കി റിപ്പോര്‍ട്ട്, ദേശ് കി ബാത്, പ്രൈം ടൈം തുടങ്ങിയ രവീഷ് കുമാര്‍ അവതരിപ്പിച്ചിരുന്ന വാര്‍ത്താ പരിപാടികള്‍ വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്‍.ഡി.ടി.വിയുടെ മുഖമായിട്ടായിരുന്നു അദ്ദേഹം അറിയിപ്പെട്ടിരുന്നത്. 2019ല്‍ മഗ്സസെ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായിരുന്നു.
1974 ഡിസംബർ അഞ്ചിന് ബിഹാറിലെ മോതിഹാരിയിൽ ജനിച്ച രവീഷ് കുമാർ പട്നയിലെ ലയോല ഹൈസ്കൂളിലായിരുന്നു പഠിച്ചത്. പിന്നീട് ഡൽഹി ദേശബന്ധു കോളജിൽനിന്ന് ബിരുദം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ ഹിന്ദി ജേണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്ക് ചേർന്നെങ്കിലും അത് വേഗം ഉപേക്ഷിച്ചു. 1996 മുതൽ മാധ്യമരംഗത്ത് സജീവം. എൻ.ഡി.ടി.വിയിൽ മാനേജിങ് എഡിറ്ററായിരുന്നു. രണ്ടു തവണ മാധ്യമപ്രവർത്തനരംഗത്തെ മികവിന് രാമനാഥ് ഗോയങ്ക പുരസ്കാരം നേടി.
ഡൽഹി ലേഡി ശ്രീറാം കോളജ് അധ്യാപികയായ നയാന ദാസ് ഗുപ്തയാണ് ഭാര്യ. ഇഷ്ക് മേൻ ഷഹർ ഹോന, ദേക്തെ രഹിയെ, രവീഷ് പാന്തി, ദ ഫ്രീ വോയ്സ്: ഓൺ ഡെമോക്രസി, കൾചർ ആൻഡ് നേഷൻ എന്നിവയാണ് പ്രധാന കൃതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.