ചിക്കോടിയിൽ സീനിയർ -ജൂനിയർ പോരാട്ടം
text_fieldsകർണാടക-മഹാരാഷ്ട്ര അതിർത്തിയുടെ വടക്കുപടിഞ്ഞാറേ മേഖലയിലാണ് ചിക്കോടി ലോക്സഭ മണ്ഡലം. ലിംഗായത്ത് ഭൂരിപക്ഷ മണ്ണിലെ പഴയ കോൺഗ്രസ് കോട്ട. സിറ്റിങ് എം.പിയായ അണ്ണാസാഹബ് ജോലെയെയാണ് ബി.ജെ.പി ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത്. മുൻമന്ത്രി ശശികല ജോലെയുടെ ഭർത്താവ്. കോൺഗ്രസിനായി പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ 27കാരിയായ പ്രിയങ്ക ജാർക്കിഹോളിയാണ് മത്സരിക്കുന്നത്. പരിചയസമ്പന്നനും നവാഗതയും തമ്മിലാണ് പോരാട്ടം.
1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ എസ്.സി ഫെഡറേഷനുവേണ്ടി ഡി.എ. കാട്ടിയാണ് ആദ്യ എം.പിയായത്. പിന്നീട് 1962ലെ തെരഞ്ഞെടുപ്പു മുതൽ 1991വരെ വെല്ലുവിളികളില്ലാതെ കോൺഗ്രസ് മണ്ഡലം കാത്തുപോന്നു. ഇതിൽ ഏഴുതവണയും ബി. ശങ്കരാനന്ദായിരുന്നു എം.പി. എന്നാൽ, 1996 മുതൽ ചിത്രം മാറി. കർണാടകയിൽ ജെ.ഡി.എസ് തരംഗം ആഞ്ഞടിച്ച ആ തെരഞ്ഞെടുപ്പിൽ കുത്തക മണ്ഡലം കോൺഗ്രസിന് കൈവിട്ടു.
രത്നമാല ഷാവനൂർ ജനതാദൾ ടിക്കറ്റിൽ മണ്ഡലം പിടിച്ചെടുത്തു. പിന്നീട് രമേശ് ജിഗജിനാഗി പല പാർട്ടി ടിക്കറ്റിലായി മൂന്നുവട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ചെന്ന കൗതുകവുമുണ്ട്. 1998ൽ ലോക്ശക്തി, 99ൽ ജെ.ഡി.യു, 2004ൽ ബി.ജെ.പി പ്രതിനിധിയായി ജിഗജിനാഗി പാർലമെൻറിലെത്തി. ഇത്തവണയും ജിഗജിനാഗി മത്സരിക്കുന്നുണ്ട്. പക്ഷേ, സമീപമണ്ഡലമായ വിജയപുരയിലാണെന്ന് മാത്രം.
ബെളഗാവി, ബാഗൽകോട്ട് ജില്ലകളിലെ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെട്ട ചിക്കോടി മണ്ഡലത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് നേർക്കുനേർ മത്സരമെങ്കിലും എൻ.സി.പിയും ബി.എസ്.പിയും ജെ.ഡി.എസും തരക്കേടില്ലാതെ വോട്ടുപിടിക്കുന്ന മേഖല കൂടിയാണിത്. ഇത്തവണ ജെ.ഡി.എസുമായി സഖ്യമുള്ളത് ബി.ജെ.പിക്ക് അനുകൂല ഘടകമാണ്.
മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി, മൂന്നുതവണ എം.എൽ.എയായ ഗണേശ് ഹുക്കേരി, മന്ത്രി സതീഷ് ജാർക്കിഹോളി തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെ മണ്ഡലത്തിലെ സാന്നിധ്യം പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. തങ്ങളുടെ ഭരണമികവിനെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചുമാണ് ജനങ്ങളോട് സംസാരിക്കുന്നതെന്നും ബി.ജെ.പിയും അവരുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കട്ടെയെന്നുമാണ് സതീഷ് ജാർക്കിഹോളി പറയുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ അഹിന്ദ (ന്യൂനപക്ഷ-പിന്നാക്ക വർഗ- ദലിത്) വോട്ടുകൾ ഏകീകരിക്കാനുള്ള പണിയിലാണ് സതീഷ് ജാർക്കിഹോളി. ഹിന്ദുത്വ കാർഡും മോദി ബ്രാൻഡുമാണ് മണ്ഡലത്തിൽ ബി.ജെ.പിയുടെ കൈയിലുള്ള തെരഞ്ഞെടുപ്പ് ആയുധങ്ങൾ. അണ്ണാസാഹബ് ജോലെയും ഭാര്യ ശശികലയും കുറച്ച് വർഷങ്ങളായി മണ്ഡലത്തിലെ ഹിന്ദുത്വത്തിന്റെ തീവ്രമായ വക്താക്കളാണ്.
എങ്കിലും ബി.ജെ.പി ഭരണവിരുദ്ധ വികാരത്തോടൊപ്പം പ്രഭാകർ കോരെ, രമേശ് കാട്ടി, മഹന്തേശ് കാവട്ടഗിമത്ത് തുടങ്ങിയ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് പല കാരണങ്ങളാൽ മുഖം തിരിച്ചത് ക്ഷീണമാകും. സമാന പ്രതിസന്ധി കോൺഗ്രസിലുമുണ്ട്.
ഐ.എ.എസിൽനിന്ന് സ്വയം വിരമിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ ശംഭു കല്ലോലിഗർ ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റ് നൽകാമെന്ന് പറഞ്ഞ് അവസാന നിമിഷം പാർട്ടി വാഗ്ദാനത്തിൽനിന്ന് പിന്മാറിയിരുന്നു. അതിന് ചരട് വലിച്ചത് കോൺഗ്രസ് സ്ഥാനാർഥിയായ പ്രിയങ്കയുടെ അച്ഛനും മന്ത്രിയുമായ സതീഷ് ജാർക്കിഹോളിയാണ്.
സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം 3000 വോട്ടിനാണ് തോറ്റത്. കല്ലോലിഗർ കുടുംബത്തിന് നർണായക സ്വാധീനമുള്ളതു കൊണ്ടുതന്നെ കോൺഗ്രസിന് തിരിച്ചടിയാകും. മണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇരുസ്ഥാനാർഥികളും ഇതുവരെ വ്യക്തിപരമായ കാര്യങ്ങളുടെ പേരിൽ വാക്പോരിന് തുനിഞ്ഞിട്ടില്ല എന്നതാണ്.
90 ശതമാനവും ഗ്രാമീണ മേഖലയായതിനാൽ കൃഷിതന്നെയാണ് പ്രധാന ഉപജീവനമാർഗം. കരിമ്പ് കൃഷിയാണ് മുഖ്യം. വ്യവസായമായി പഞ്ചസാര ഫാക്ടറികളും. മുമ്പ് നടന്ന കരിമ്പ് കർഷകരുടെ വൻ പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രങ്ങളിലൊന്നാണ് ചിക്കോടി.
കർഷകർ സാധാരണക്കാരാണെങ്കിൽ പഞ്ചസാര ഫാക്ടറികളുടെ ഉടമകൾ രാഷ്ട്രീയ നേതാക്കളാണ്. കരിമ്പു കർഷകരുടെ വേതന പ്രതിസന്ധിക്ക് പുറമെ, വരൾച്ചയും കുടിവെള്ള ദൗർലഭ്യവും മുഖ്യ പ്രശ്നങ്ങളാണ്. അഞ്ചുനദികൾ ഒഴുകുന്ന മണ്ഡലത്തിൽ വൻകിട ജലസേചന പദ്ധതികളൊന്നുമില്ലാത്തതും കർഷകരെ പ്രയാസത്തിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.