നേതാക്കളുടെ താൽപര്യം ഒന്നാമതും പാർട്ടി താൽപര്യം രണ്ടാമതുമായി -ഹരിയാനയിലെ പരാജയത്തിൽ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഹരിയാനയിൽ പാർട്ടിക്കുണ്ടായ തിരിച്ചടി വിലയിരുത്താൻ കോൺഗ്രസ് ദേശീയ നേതൃത്വം വിളിച്ച ഉന്നതതല യോഗത്തിൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർട്ടിയുടെ താൽപര്യങ്ങളെക്കാൾ വ്യക്തി താൽപര്യങ്ങൾക്കാണ് ഹരിയാനയിലെ നേതാക്കൾ പ്രഥമ പരിഗണന നൽകിയതെന്നും തിരിച്ചടിക്ക് കാരണം ഇതല്ലാതെ മറ്റൊന്നുമല്ലെന്നും രാഹുൽ യോഗത്തിൽ തുറന്നടിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ വ്യാഴാഴ്ച നടന്ന യോഗത്തിൽ ഹരിയാനയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകരായിരുന്ന അശോക് ഗെഹ് ലോട്ട്, അജയ് മാക്കൻ എന്നിവർ തോൽവി വിലയിരുത്തി സംസാരിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ വിമർശനം.
ഭൂപീന്ദർ ഹൂഡ, കുമാരി ഷെൽജ, രൺദീപ് സിങ് സുർജെവാല, ഉദയ് ബാൻ അടക്കം ഹരിയാനയിൽനിന്നുള്ള നേതാക്കളാരും യോഗത്തിനുണ്ടായിരുന്നില്ല. ഇവരുമായി കേന്ദ്ര നേതൃത്വം ഉടൻ ചർച്ച നടത്തും. വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിലെ തുടർനടപടിയും യോഗത്തിൽ ചർച്ചയായി. വോട്ടെണ്ണലിലുണ്ടായ അപാകത പരിശോധിക്കാൻ കോൺഗ്രസ് വസ്തുതാന്വേഷണ സമിതി രൂപവത്കരിക്കും.
സ്ഥാനാർഥി നിർണയത്തിലും തെരഞ്ഞെടുപ്പ് പ്രചാരണ രീതിയിലും രാഹുലിന് എതിർപ്പുണ്ടായിരുന്നു. ദലിത്, ഒ.ബി.സി വിഭാഗത്തെ കൂടെ നിർത്തി രാഹുൽ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് നേർവിപരീതമായാണ് ഭൂപീന്ദർ ഹൂഡയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന ഘടകം പ്രവർത്തിച്ചത്.
ആദ്യഘട്ടത്തിൽ പ്രചാരണത്തിൽനിന്ന് വിട്ടുനിന്ന രാഹുൽ അവസാന ദിവസങ്ങളിലാണ് സജീവമായത്. പാർട്ടിയുടെ ദലിത് മുഖമായ മുൻ സംസ്ഥാന അധ്യക്ഷ കുമാരി ഷെൽജയെ അവഗണിച്ചായിരുന്നു ഹൂഡ സംഘത്തിന്റെ പ്രവർത്തനം. സ്ഥാനാർഥി നിർണയത്തെക്കുറിച്ച് ഷെൽജ, രൺദീപ് സുർജേവാല, അജയ് യാദവ് എന്നിവർ നൽകിയ പരാതിയിൽ ചർച്ച വേണമെന്ന് രാഹുൽ യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തിനു ശേഷം മുൻനിശ്ചയിച്ചത് പ്രകാരമല്ലാതെ, രാഹുൽ എ.ഐ.സി.സി ആസ്ഥാനത്തെത്തി പാർട്ടി പ്രവർത്തകരെ കാണുകയുംചെയ്തു.
കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് മുഴുവൻ എക്‌സിറ്റ് പോളുകളും പൊതുജനവും ഒരേ സ്വരത്തിൽ പറഞ്ഞിട്ടും തോറ്റത് ഗൗരവത്തോടെയാണ് കാണുന്നതെന്നും സൂക്ഷ്മമായി പരിശോധിക്കുമെന്നും യോഗത്തിനു ശേഷം ഗെഹ് ലോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തോൽവിക്ക് പിന്നിൽ വോട്ടിങ് യന്ത്രത്തിലെ പൊരുത്തക്കേടുകളും പാർട്ടിയിലെ വിഭാഗീയതയും ഉൾപ്പെടെ നിരവധി വിഷയങ്ങളുണ്ടെന്നും അവ ചർച്ചചെയ്യുമെന്നും അജയ് മാക്കനും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.