ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം: രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ഉത്തരവിട്ട് ഗെഹ്ലോട്ട്
text_fieldsജയ്പൂർ: ചികിത്സക്കിടെ ഗർഭിണി മരിച്ചതിൽ ആരോപണവിധേയയായ ഡോക്ടർ ആതമഹത്യ ചെയ്ത സംഭവത്തിൽ രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഗർഭിണിയുടെ മരണത്തിൽ ദൗസയിലെ ലാൽസോട്ട് പൊലീസ് കൊലപാതക കുറ്റത്തിന് ഡോക്ടർക്കെതിരെ കേസെടുത്തിരുന്നു. ഇതേ തുടർന്നാണ് ഡോക്ടർ അർച്ചന ശർമ്മ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
ദൗസ പൊലീസ് സൂപ്രണ്ട് അനിൽ കുമാറിനെ നീക്കം ചെയ്യാനും ലാൽസോട്ട് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ) അങ്കേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാനും ഗെഹ്ലോട്ട് നിർദേശം നൽകി. ഡിവിഷണൽ കമ്മീഷണർ ദിനേശ് കുമാർ യാദവ് വിഷയത്തിൽ അന്വേഷണം നടത്തും. ബുധനാഴ്ച വൈകിട്ട് ഗെഹ്ലോട്ടിന്റെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആത്മഹത്യക്ക് പ്രേരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു.
ഇത്തരം സംഭവം ഇനിയും ആവർത്തിക്കാതിരിക്കാൻ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്നും ഗെഹ്ലോട്ട് നിർദേശിച്ചു. ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർ, പൊലീസ്, നിയമ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവരുൾപ്പെട്ട ഒരു സമിതിയെ രൂപീകരിക്കാനാണ് തീരുമാനമായത്. ഇവർ എല്ലാ നിയമവശങ്ങളും പഠിച്ച് മാർഖരേഖ തയ്യാറാക്കിയതിന് ശേഷം സംസ്ഥാനത്തുടനീളം അത് നടപ്പാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഡോ. അർച്ചന ശർമ്മ ആത്മഹത്യ ചെയ്ത സംഭവം ദൗർഭാഗ്യകരമാണെന്ന് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. ഡോക്ടർമാർ ദൈവ തുല്യരാണെന്നും രോഗിയുടെ ജീവൻ രക്ഷിക്കാൻ അവർ പരമാവധി ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത്തരം അപൂർവ്വമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഉടൻ തന്നെ അവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു. ഡോക്ടർമാരെ ഇതുപോലെ ഭയപ്പെടുത്തുകയാണെങ്കിൽ അവർക്ക് എങ്ങനെയാണ് ആത്മവിശ്വാസത്തോടെ ജോലി ചെയ്യാൻ സാധിക്കുക എന്ന് അദ്ദേഹം ചോദിച്ചു.
സംസ്ഥാന വനിതാ കമ്മീഷൻ വിഷയം ഏറ്റെടുക്കുകയും ഏഴ് ദിവസത്തിനകം പൊലീസിൽ നിന്ന് വസ്തുതാപരമായ റിപ്പോർട്ട് തേടുകയും ചെയ്തു. ചികിത്സക്കിടെ മരിച്ച ആശ ബൈർവയുടെ ബന്ധുക്കൾ അവരുടെ മൃതദേഹവുമായി ആശുപത്രിക്ക് മുൻപിൽ പ്രതിഷേധിച്ചിരുന്നു.
വീട്ടിൽ നിന്നും ഡോക്ടറുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിരുന്നു. "ഞാൻ എന്റെ ഭർത്താവിനെയും മക്കളെയും വളരെയധികം സ്നേഹിക്കുന്നു". തന്റെ മരണശേഷം ഭർത്താവിനെയും മക്കളെയും ബുദ്ധിമുട്ടിക്കരുതെന്ന് ഡോക്ടർ പറഞ്ഞു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആരേയും കൊന്നിട്ടില്ലെന്നും അവർ കത്തിൽ കൂട്ടിച്ചേർത്തു. പ്രസവാനന്തര രക്തസ്രാവത്തെ തുടർന്നാണ് യുവതി മരിച്ചത്. തന്‍റെ മരണത്തിലൂടെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുമെന്നും നിരപരാധികളെ ഉപദ്രവിക്കുന്നത് ദയവായി അവസാനിപ്പിക്കണമെന്നും ഡോക്ടർ തന്‍റെ ആത്മഹത്യ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.