അംബാനിക്ക് ഭീഷണി; ഉന്നത പൊലീസ് ഉദ്യോഗസ്ഥനും പങ്കെന്ന്
text_fieldsമുംബൈ: മുകേഷ് അംബാനിക്ക് ഭീഷണിയായി വീടിനടുത്ത് സ്ഫോടകവസ്തുക്കളുമായി കാർ കൊണ്ടിട്ട കേസിൽ മുംബൈ പൊലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കി ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) അന്വേഷണം. കേസിൽ മുംബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥെൻറ പേര് അറസ്റ്റിലായ അസി. ഇൻസ്പെകട്ർ സചിൻ വാസെ വെളിപ്പെടുത്തിയതായാണ് സൂചന. തുടർന്ന് ഉന്നത ഉദ്യോഗസ്ഥനെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് എൻ.െഎ.എ. ഡി.െഎ.ജി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥർ ഡൽഹിയിൽനിന്നെത്തിയത് ഇതിെൻറ ഭാഗമാണെന്നാണ് കരുതുന്നത്.
സചിൻ വാസെ നേതൃത്വം നൽകിയ ക്രൈം ഇൻറലിജൻസ് യൂനിറ്റ് (സി.െഎ.യു) ഒന്നാകെ അന്വേഷണം നേരിടുകയാണ്. സചിെൻറ സഹപ്രവർത്തകരായ അസി. ഇൻസ്പെക്ടർമാർ റിയാസ് ഖാസി, ഹോവാൽ എന്നിവരെ രണ്ടു ദിവസമായി എൻ.െഎ.എ ചോദ്യം ചെയ്തുവരുകയാണ്. ഇൗ സംഘമാണ് അർണബ് ഗോസ്വാമിക്കെതിരായ കേസുകൾ അന്വേഷിക്കുന്നത്. കാർ കൊണ്ടിട്ട ഡ്രൈവറെയും അയാളെ കടത്തിക്കൊണ്ടുപോയ ഇന്നോവയുടെ ഡ്രൈവറെയും തിരിച്ചറിഞ്ഞതായും അന്ന് രാത്രി പി.പി.ഇ കിറ്റിട്ട് നടന്നത് സച്ചിൻ വാസെയാണെന്ന് സംശയിക്കുന്നതായും എൻ.െഎ.എ വൃത്തങ്ങൾ പറഞ്ഞു.
കാറുകൾക്ക് ഉപയോഗിച്ച വ്യാജ നമ്പർ േപ്ലറ്റുകളുണ്ടാക്കി നൽകിയ കടയും എൻ.െഎ.എ കണ്ടെത്തി. ദുരൂഹ സാചര്യത്തിൽ മരിച്ച, സ്കോർപിയോ ഉടമ മൻസുഖ് ഹിരേനുവേണ്ടി നമ്പർ േപ്ലറ്റുകളുണ്ടാക്കി നൽകിയതായാണ് കടയുടമയുടെ മൊഴി. ഇതിനിടയിൽ, അറസ്റ്റ് ചട്ടം ലംഘിച്ചാണെന്ന് ആരോപിച്ച് സചിൻ വാസെയുടെ അഭിഭാഷകർ ബോംബെ ഹൈകോടതിയെ സമീപിച്ചു.
കഴിഞ്ഞ ദിവസം കസ്റ്റഡി ആവശ്യപ്പെട്ട് എൻ.െഎ.എ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് ഇതുവരെ സചിെൻറ അഭിഭാഷകർക്ക് നൽകിയിട്ടില്ല. സചിനെ സർക്കാർ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഖ്വാജ യൂനുസ് കസ്റ്റഡി മരണ കേസിൽ 16വർഷത്തെ സസ്പെൻഷൻ പിൻവലിച്ച് ജോലിയിൽ തിരിച്ചെത്തി ഒമ്പതു മാസം തികയും മുമ്പാണ് വീണ്ടും സസ്പെൻഷനിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.