മലയാളിയായ എസ്. സോമനാഥ് ഐ.എസ്.ആർ.ഒയുടെ പുതിയ മേധാവി
text_fieldsബംഗളൂരു: മലയാളിയും മുതിർന്ന റോക്കറ്റ് ശാസ്ത്രജ്ഞനുമായ ഡോ. എസ്. സോമനാഥ് ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ (ഐ.എസ്.ആർ.ഒ) പുതിയ മേധാവിയാകും. നിലവിലെ ചെയർമാൻ കെ. ശിവൻ ജനുവരി 14ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍റർ (വി.എസ്.എസ്.സി) ഡയറക്ടടറാണ് സോമനാഥ്. ആലപ്പുഴ തുറവൂർ സ്വദേശിയാണ്. നേരത്തെ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്‍റർ (എൽ.പി.എസ്.സി) മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളികളായ എം.ജി.കെ. മേനോൻ, കസ്തൂരിരംഗൻ, ജി. മാധവൻ നായർ, കെ. രാധാകൃഷ്ണൻ എന്നിവർക്കു പിന്നാലെയാണ് മറ്റൊരു മലയാളി കൂടി ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ തലപ്പത്തെത്തുന്നത്.
ഇതോടൊപ്പം സ്പേസ് ഡിപ്പാർട്ട്മെന്‍റ് സെക്രട്ടറി ചുമതലയും സോമനാഥ് ഏറ്റെടുക്കും. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ജി.എസ്.എൽ.വി മാർക്ക് മൂന്ന് ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾക്ക് രൂപം നൽകിയത് സോമനാഥിന്‍റെ നേതൃത്വത്തിലാണ്.
കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് ബി-ടെകും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് എയറോസ്പേസ് എൻജിനീയറിങ്ങിൽ സ്വർണ മെഡലോടെ മാസ്റ്റേഴ്സ് ബിരുദവും പൂർത്തിയാക്കിയ സോമനാഥ്, 1985ലാണ് വി.എസ്.എസ്.സിയിൽ ചേരുന്നത്. ഇന്ത്യയിൽ ഒരു സ്പേസ് എന്‍റർപ്രൈസ് സ്ഥാപിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഉത്തരാവാദിത്വമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.