സ്കേറ്റിങ്ങിനിടെ കാറിടിച്ച് യു.പി എ.എസ്.പിയുടെ മകന് ദാരുണാന്ത്യം
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മകന് കാറിടിച്ച് ദാരുണാന്ത്യം. ലഖ്നോവിലെ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശ്വേത ശ്രീവാസ്തവയുടെ മകനാണ് സ്കേറ്റിങ് പരിശീലനത്തിനിടെ കാറിടിച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു അപകടം.
നൈമിഷ് കൃഷ്ണ (10)യാണ് സ്കേറ്റിങ് പരിശീലനത്തിനിടെയുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. അമിത വേഗതയിലെത്തിയ കാർ നൈമിക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കോളജ് വിദ്യാർഥികളായ രണ്ട് പേർ അറസ്റ്റിലായി.
അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയ രണ്ട് പേരെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്. ഒന്നാം വർഷ നിയമ ബിരുദ വിദ്യാർഥിയായ സാർത്ഥക് സിംഗ് (20), മൂന്നാം വർഷ എൻജിനിയറിംഗ് വിദ്യാർഥിയായ ദേവ്ശ്രീ വർമ്മ എന്നിവരാണ് പിടിയിലായത്.
ബന്ധുവിന്റെ വാഹനത്തിലായിരുന്നു യുവാക്കളുടെ പരാക്രമം. കാന്‍പൂരിലെ ജ്വല്ലറി വ്യാപാരിയായ ബന്ധു ഒരു ചടങ്ങിന് ലഖ്നോവിലെത്തിയ സമയത്താണ് യുവാക്കൾ വാഹനം ചോദിച്ച് വാങ്ങിയത്. സംഭവ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്നാണ് വാഹനം ഓടിച്ചവരുടെ വിവരം ലഭിച്ചത്.
ആരാണ് കൂടുതൽ വേഗത്തിൽ ഓടിക്കുകയെന്നറിയാനായി ഇരുവരും മാറിമാറി കാറോടിക്കുന്നതിനിടെയായിരുന്നു അപകടം. അപകട സമയത്ത് മണിക്കൂറിൽ 120 കിലോമീറ്റർ സ്പീഡിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്.
ലേണിംഗ് ലൈസന്‍സ് മാത്രം കൈവശമുള്ള സമയത്താണ് ഇത്രയും അശ്രദ്ധമായ രീതിയിൽ കോളേജ് വിദ്യാർഥികള്‍ വാഹനമോടിച്ചിരിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ അപകടത്തിൽ കുട്ടി രക്ഷപ്പെടില്ലെന്ന് തോന്നിയതുകൊണ്ടാണ് സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയതെന്ന് യുവാക്കള്‍ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.