ജമ്മുവിന് പ്രത്യേക റെയിൽവേ ഡിവിഷൻ -കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
text_fieldsന്യൂഡൽഹി: ജമ്മുവിന് പ്രത്യേക റെയിൽവേ ഡിവിഷൻ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ഇതു സംബന്ധിച്ച നിർദേശം റെയിൽവേ മന്ത്രാലയം അംഗീകരിച്ചതായും സിങ് പറഞ്ഞു. ജമ്മു കശ്മീരിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും ‘എക്‌സി’ലെ പോസ്റ്റുകളിൽ സിങ് പറഞ്ഞു.
ജമ്മു ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഒരു പ്രതിനിധി സംഘം പ്രസിഡന്‍റ് അരുൺ ഗുപ്തയുടെ നേതൃത്വത്തിൽ റെയിൽവേ ഡിവിഷൻ സ്ഥാപിക്കാനുള്ള നിർദേശവുമായി എന്നെ കണ്ടു.ഇക്കാര്യം റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിയുമായി ചർച്ച ചെയ്തു. റെയിൽവേ മന്ത്രാലയം നിർദേശം അംഗീകരിച്ച് അതിനുള്ള നടപടികൾ ആരംഭിച്ചുവെന്ന കാര്യം പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട് - ജമ്മു കശ്മീരിലെ ഉധംപൂരിൽ നിന്നുള്ള ലോക്‌സഭാംഗം കൂട്ടിച്ചേർത്തു.
ജമ്മുവിന് സമ്പൂർണ ഡിവിഷണൽ പദവി നൽകുന്നത് ട്രെയിനുകളുടെ ഓട്ടം കാര്യക്ഷമമാക്കുക മാത്രമല്ല, തദ്ദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പുതിയ വഴികൾ തുറക്കുമെന്നും മന്ത്രിക്ക് നൽകിയ കത്തിൽ പ്രതിനിധി സംഘം പറഞ്ഞു. വടക്കൻ റെയിൽവേയുടെ ഫിറോസ്പൂർ ഡിവിഷനു കീഴിലാണ് ജമ്മു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.