വിഭജനം വേർപിരിയിച്ചു; 74 വർഷങ്ങൾക്കുശേഷം ഹബീബ് അനുജനെ കണ്ടെത്തി
text_fieldsകർതാർപുർ ഇടനാഴിയിൽ ഇളയ സഹോദരൻ മുഹമ്മദ് സിദ്ദീഖിനെ കാത്ത് ഹബീബ് എന്ന ആ വയോധികൻ നിന്നത് ഊന്നുവടിയുടെ സഹായത്താലാണ്. ഏഴ് പതിറ്റാണ്ടുകൾക്കുശേഷം ദുർബലമെങ്കിലും സ്നേഹത്തിൻ്റെ ഉറപ്പോടെ സഹോദരൻ ആശ്ലേഷിച്ചപ്പോൾ ഹബീബ് ആ ഊന്നുവടി താഴെയിട്ടു. ഇനി ശേഷിക്കുന്ന കാലം നിവർന്നു നിൽക്കാൻ സഹോദര സ്നേഹത്തിൻ്റെ താങ്ങ് മതിയെന്ന പോലെ... കണ്ടുനിന്നവരുടെയെല്ലാം കണ്ണുകൾ ഈറനണിയിച്ച് അവരിരുവരും മതിയാവോളം ചിരിച്ചു, കരഞ്ഞു, വിശേഷങ്ങൾ പങ്കുവെച്ചു.
ആ സഹോദരങ്ങളുടെ 74 വർഷങ്ങൾക്ക് ശേഷമുള്ള സമാഗമമായിരുന്നു അത്. 1947ൽ ഇന്ത്യ - പാകിസ്താൻ വിഭജനകാലത്ത് വേർപിരിയേണ്ടി വന്ന സഹോദരങ്ങളാണ് ഹബീബും സിദ്ദീഖും. സിദ്ദീഖ് അന്ന് കൈക്കുഞ്ഞാണ്. വിഭജനം കുടുംബത്തേയും രണ്ടാക്കിയപ്പോൾ ഹബീബ് എന്ന ഷെല ഇന്ത്യയിലെ പഞ്ചാബിലും അനുജൻ സിദ്ദീഖ് പാകിസ്താനിലെ ഫൈസലാബാദിലുമായി.
ഒടുവിലിപ്പോൾ സിഖ് തീർഥാടന കേന്ദ്രങ്ങളായ പഞ്ചാബിലെ ഗുരുദാസ്പുരിനെയും പാകിസ്താനിലെ ദർബാർ സാഹെബ് ഗുരുദ്വാരയെയും ബന്ധിപ്പിക്കുന്ന കർതാർപുരിലാണ് ഇവരുടെ സംഗമത്തിന് വഴിയൊരുങ്ങിയത്. ഇവരുടെ കൂടിച്ചേരലിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലുമായി.
ഇന്ത്യ - പാക് അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്ററോളം വിസയില്ലാതെ, പ്രത്യേക പെർമിറ്റോടെ സഞ്ചരിക്കാൻ കഴിയുന്ന കർതാർപുർ ഇടനാഴി 2019 നവംബറിലാണ് തുറന്നത്. ഇത് സാധ്യമാക്കിയ ഇരു രാജ്യങ്ങളുടെയും ഭരണകർത്താക്കൾക്ക് നന്ദി പറയാനും ഹബീബും സിദ്ദീഖും മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.