ഉത്തർ പ്രദേശിൽ ഒമ്പത് സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ പിടിയിൽ
text_fieldsബറേലി: (ഉത്തർപ്രദേശ്) ഉത്തർ പ്രദേശിലെ ബറേലി ജില്ലയിൽ ഒമ്പത് സ്ത്രീകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സീരിയൽ കില്ലർ ഒടുവിൽ പൊലീസ് വലയിൽ. വ്യാപകമായ തിരച്ചിലിന് ശേഷം കുൽദീപ് കുമാർ ഗാംഗ്വാർ (38) എന്നയാളാണ് അറസ്റ്റിലായത്. ലൈംഗികാവശ്യത്തിനു വേണ്ടി സ്ത്രീകളെ സമീപിക്കുന്ന ഇയാൾ ആവശ്യം നിരസിച്ചാൽ സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു പതിവ്.
മൊബൈൽ ഫോണുകളോ സോഷ്യൽ മീഡിയയോ ഉപയോഗിക്കാത്ത ഇയാളെ കണ്ടെത്താൻ പൊലീസ് വിവിധ സംഘങ്ങളായി തിരച്ചിൽ നടത്തുകയായിരുന്നുവെന്ന് ബറേലി സീനിയർ പോലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. 2023 ജൂണിനും 2024 ജൂലൈക്കും ഇടയിൽ ബറേലി ഷാഹി, ഷിഷ്ഗഡ് പോലീസ് സർക്കിളിന് കീഴിലായിരുന്നു കൊലപാതകങ്ങൾ.
ഒരു വർഷമായി പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇരകളുടെ ലിപ്സ്റ്റിക്കുകളും പൊട്ടും തിരിച്ചറിയൽ കാർഡുകളും സൂക്ഷിച്ചുവെക്കുന്നത് ഇയാളുടെ ശീലമായിരുന്നു. രണ്ടാനമ്മയുടെ ക്രൂരതകളായിരിക്കാം പ്രതിയെ ഇത്തരം സൈക്കോ അവസ്ഥയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷത്തിലേറെ നീണ്ട ശ്രമകരമായ അന്വേഷണത്തിനായി 22 പോലീസ് സംഘങ്ങളെ നിയോഗിച്ചു.
1.5 ലക്ഷം മൊബൈൽ ഫോൺ നമ്പറുകൾ ട്രാക്ക് ചെയ്ത അന്വേഷണ സംഘം 24 മണിക്കൂർ വാർ റൂമും സജ്ജമാക്കിയിരുന്നു. ഷാഹി, ഷിഷ്ഗഡ് പോലീസ് സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള 25 കിലോമീറ്റർ ചുറ്റളവിൽ പ്രതികളെ തിരിച്ചറിയുന്നതിനായി സംഘം നീക്കം നടത്തുകയായിരുന്നു. വയലുകളിലും കാട്ടുപ്രദേശങ്ങളിലും ഒറ്റയ്ക്ക് കണ്ടെത്തിയ സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നും ലൈംഗികാതിക്രമം നടത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
42 വയസ്സിനും 60നും ഇടയിലുള്ളവരാണ് കൊല്ലപ്പെട്ടത്. പ്രതിയെ മാനസികാരോഗ്യ പരിശോധനക്ക് വിധേയമാക്കുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.