ഓക്സ്ഫഡ് വാക്സിൻ പരീക്ഷണം പുനരാരംഭിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി
text_fieldsന്യൂഡൽഹി: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിെൻറ പരീക്ഷണം ഇന്ത്യയിൽ പുനഃരാരംഭിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി. പ്രത്യേക നിർദേശങ്ങൾ പാലിച്ചുകൊണ്ട് വാക്സിൻ പരീക്ഷണം പുനഃരാരംഭിക്കാമെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അറിയിച്ചു. വാക്സിൻ പരീക്ഷിച്ച ഒരു വ്യക്തിയിൽ പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓക്സ്ഫഡ് സർവകലാശാല പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും പരീക്ഷണം നിർത്തിവെക്കാൻ ഡി.സി.ജി.ഐ നിർദേശിക്കുകയായിരുന്നു.
സ്‌ക്രീനിംഗ് സമയത്ത് കൂടുതൽ ശ്രദ്ധ നൽകുക, പരീക്ഷണത്തിന് സമ്മതം നൽകുന്നവർക്ക് കൂടുതൽ വിവരങ്ങൾ നൽകുക, പരീക്ഷണത്തിലെ പ്രതികൂല സാഹചര്യങ്ങളെ കുറിച്ച് നിരീക്ഷണം നടത്തുകയും തുടർപഠനങ്ങൾ നടത്തുകയും ചെയ്യണം തുടങ്ങിയ നിർദേശങ്ങൾ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയിട്ടുണ്ട്.
പ്രതികൂല സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള പ്രോട്ടോക്കോൾ അനുസരിച്ച് ഉപയോഗിക്കുന്ന മരുന്നുകളുടെ വിശദാംശങ്ങൾ ഡി.സി.ജി.ഐയുടെ ഓഫീസിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വാക്സിൻ പ്രതികൂല ഫലമുണ്ടാക്കിയെന്ന റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സെപ്തംബർ 11ന് ഡി.സി.ജി.ഐ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് നോട്ടീസ് അയക്കുകയും പരീക്ഷണവും ട്രയലിന് വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നതും അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്ര സെനക്കയും ചേർന്ന് വികസിപ്പിച്ച 'കോവിഷീൽഡ്' എന്ന കോവിഡ് പ്രതിരോധ വാക്സിൻെറ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നൽകുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്. കോവിഷീൽഡ് വാക്സിൻ പരീക്ഷിച്ച ഒരാളിൽ അജ്ഞാത രോഗം കണ്ടതിനെ തുടർന്ന് ഒക്സ്ഫഡ് പരീക്ഷണം നിർത്തിവെച്ചതായി ആസ്ട്ര സെനക അറിയിച്ചിരുന്നു. ഇതെ തുടർന്നാണ് ഇന്ത്യയിലെ പരീക്ഷണത്തിനും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. വാക്സിൻെറ അവസാന ഘട്ട പരീക്ഷണമാണ് ഇന്ത്യ അടക്കം ഏഴിടങ്ങളിൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.