സേനയെ രാഷ്ട്രീയവത്കരിക്കുന്നു; രാഷ്ട്രപതിക്ക് മുൻ സൈനിക മേധാവികളുടെ നിവേദനം
text_fieldsന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനായി ഇന്ത്യൻ പ്രതിരോധ സേനയെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ രാഷ്ട്രപതിക്ക് 150 പേരുടെ നിവേദനം. കരസേന, നാവികസേന, വ്യോമസേന മുൻ മേധാവികളടക്കമുള്ള മുതിർന്ന പൗരൻമാരാണ് നിവേദനം നൽകിയിരിക്കുന്നത്.
‘മുതിർന്ന പൗരൻമാരുടെ സംഘം നമ്മുടെ സർവസൈന്യാധിപനെ അറിയിക്കുന്നത്’ എന്ന തലക്കെട്ടിലാണ് നിവേദനം തയാറാക്കിയിരിക്കുന്നത്. നിവേദനത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ ‘മോദിയുെട സേന’ എന്ന പരാമർശത്തെ രൂക്ഷമായി വിമർശിക്കുന്നുണ്ട്.
ഇന്ത്യയുടെ സർവസൈന്യാധിപൻ എന്ന നിലയിൽ അങ്ങയുെട ശ്രദ്ധ ചില കാര്യങ്ങളിലേക്ക് ക്ഷണിക്കുന്നു. ഒരിക്കലും അംഗീകരിക്കാനാവാത്ത നടപടികളാണ് രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് ഉണ്ടാകുന്നത്. ൈസനിക ഓപറേഷനുകളുടെ വിജയത്തിൽ അവകാശവാദം ഉന്നയിക്കുകയും സായുധ സേനയെ മോദിയുടെ സേന എന്നുവരെ വിളിക്കുകയും ചെയ്യുന്നു. കൂടാതെ സൈനിക യുണിഫോമുകളും ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻെറ ഫോട്ടോകളും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് നിവേദനത്തിൽ പറയുന്നു.
ഇതുപോലുള്ള പ്രവൃത്തികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടിട്ടും അവസാനമുണ്ടാകുന്നില്ല. പല തരത്തിൽ ഇവ ആവർത്തിക്കുകയാണ്. സൈന്യത്തെയോ സൈനിക യൂണിഫോമിനേയോ പ്രതീകങ്ങളേയോ സൈനികരുടെ ചിത്രങ്ങളേയോ രാഷ്ട്രീയത്തിലേക്കോ രാഷ്ട്രീയ അജണ്ടകൾ പ്രചരിപ്പിക്കുന്നതിനോ ഉപയോഗിക്കരുതെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും അടിയന്തരമായി ആവശ്യപ്പെടണം - നിവേദനത്തിൽ പറയുന്നു.
മുൻ കരസേനാ മേധാവികളായ സുനീത് ഫ്രാൻസിസ് റോഡ്രിഗസ്, ശങ്കർ റോയ് ചൗധരി, ദീപക് കപൂർ, മുൻ നാവിക സേനാ മോധവിമാരായിരുന്ന ലക്ഷ്മിനാരായൺ രാംദാസ്, വിഷ്ണു ഭാഗ്വത്, അരുൺ പ്രകാശ്, സുരേഷ് മേത്ത, മുൻ വ്യോമസേനാ മേധാവി എൻ.സി സൂരി എന്നിവരാണ് നിവേദനത്തിൽ ഒപ്പുവെച്ച മുൻ ൈസനിക മേധാവികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.