ഇസ്ലാം വിദ്വേഷത്തിനെതിരെ നീതിയുടെ പ്രയോഗമാതൃക തീർക്കുക –ജമാഅത്തെ ഇസ്ലാമി
text_fieldsഹൈദരാബാദ്: നീതിതേടുന്ന രാജ്യത്തെ ജനകോടികളുടെ ഉൾത്തുടിപ്പുകൾ നെഞ്ചിലേറ്റി നീതിയുടെ പ്രചാരണത്തിനും പ്രയോഗത്തിനും വേണ്ടി പുനരർപ്പണം ചെയ്യാനുള്ള ആഹ്വാനവുമായി ജമാഅത്തെ ഇസ്ലാ മി അംഗങ്ങളുടെ ത്രിദിന ദേശീയ സമ്മേളനത്തിന് തുടക്കമായി.
നീതിയുടെ പ്രഭാഷണമല്ല, പ്രയോഗമാണ് സമൂഹത്തിന് ആവശ്യമെന്നും ഇസ്ലാംഭീതിയുടെ കാലത്ത് ഇസ്ലാമിന്റെ സന്തുലിതവും നീതിനിഷ്ഠവുമായ സാമൂഹികക്രമത്തിന്റെ മാതൃകകൾ സമർപ്പിക്കാൻ ജമാഅത്തെ ഇസ്ലാമി പ്രതിജ്ഞാബദ്ധമാണെന്നും ഹൈദരാബാദ് പഹാഡി ശരീഫിലെ വാദിഹുദ നഗരിയിൽ ആരംഭിച്ച സമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കി.
ആക്രമികളായ സ്വേച്ഛാധിപതികളും അവരുടെ പിണിയാളുകളും സൃഷ്ടിച്ച കുടിലതയുടെയും ഭീകരതയുടെയും കരാളതയിലൂടെ ലോകം കടന്നുപോകുമ്പോഴും ഇച്ഛാശക്തിയുടെയും ആത്മാഭിമാനത്തിന്റെയും വീരഗാഥകൾ സൃഷ്ടിച്ച് ആക്രമണത്തിനെതിരായി എങ്ങും സജീവമാകുന്ന ചെറുത്തുനിൽപുകൾ ആവേശദായകമാണെന്ന് പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിച്ച ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി അഭിപ്രായപ്പെട്ടു.
ഫലസ്തീനിലും മറ്റിടങ്ങളിലും ആക്രമികൾക്കെതിരെ കീഴടങ്ങലിനു തയാറില്ലെന്നു പ്രഖ്യാപിച്ച ജനതയുടെ ചേതോവികാരം മറന്നുകളയരുത്. വെല്ലുവിളികൾക്കിടയിലും വിജയം വിത്തെറിയുന്നത് കാണാതിരുന്നുകൂടാ. സന്തുലിതത്വത്തിന്റെയും സംയമനത്തിന്റെയും മാർഗത്തിൽനിന്ന് ലോകം ആക്രമണത്തിലേക്ക് വഴിതെറ്റി നടക്കുമ്പോൾ ഇസ്ലാമിന്റെ സമാധാനത്തിന്റെയും നീതിയുടെയും വഴി കാണിച്ചുകൊടുക്കാൻ ധീരമായി മുന്നിട്ടിറങ്ങണമെന്ന് അമീർ അംഗങ്ങളെ ഉദ്ബോധിപ്പിച്ചു. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ജമാഅത്തെ ഇസ്ലാമിയുടെ അംഗത്വനിരയിലേക്കുള്ള യുവതീയുവാക്കളുടെ കടന്നുവരവ് ആവേശദായകമാണെന്ന് അദ്ദേഹം വിലയിരുത്തി.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മാത്രം രാജ്യത്തെ 80 ലക്ഷം കുടുംബങ്ങൾക്ക് താങ്ങാവാൻ ജമാഅത്തിന് കഴിഞ്ഞു. ആത്മീയതയുടെയും മതാന്തര ആശയവിനിമയത്തിന്റെയും സാമൂഹികസേവനത്തിന്റെയും തുറകളിൽ ജമാഅത്ത് ഒരു ദശകത്തിനിടെ നടത്തിയ പ്രവർത്തനങ്ങൾ സെക്രട്ടറി ജനറൽ വിശദീകരിച്ചു. ദേശീയ സെക്രട്ടറി മൗലാന മുഹ്യിദ്ദീൻ ഗാസി ഖുർആൻ ക്ലാസെടുത്തു. സമ്മേളന കൺവീനർ അബ്ദുൽ ജബ്ബാർ സിദ്ദീഖി സ്വാഗതം പറഞ്ഞു.
ലീഡർഷിപ് സെഷനിൽ പട്ടേൽ മുഹമ്മദ് യൂസുഫ് (തമിഴ്നാട്), ഡോ. താഹാ മതീൻ (കർണാടക), അസി.സെക്രട്ടറി വാസിഖ് നദീം, ദേശീയ സമിതി അംഗങ്ങളായ ഡോ. എം. അബ്ദുസ്സലാം, ഡോ. എസ്.ക്യു.ആർ ഇൽയാസ് എന്നിവർ സംസാരിച്ചു. ആയിരങ്ങൾ അണിനിരന്ന ജുമുഅ നമസ്കാരത്തിന് മഹാരാഷ്ട്ര അമീർ മൗലാന ഇൽയാസ് ഖാൻ ഫലാഹി നേതൃത്വം നൽകി. വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, വികസനരംഗങ്ങളിൽ ജമാഅത്ത് ചെയ്ത ബൃഹദ് പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ‘ഇദ്റാക് ഷോകേസ്’ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 15000ത്തോളം അംഗങ്ങൾ പങ്കെടുക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.