പ്രവാചകനിന്ദക്ക് നൂപുർ ശർമയെയും സർക്കാറിനെയും നിർത്തിപ്പൊരിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രവാചകനിന്ദ നടത്തി മതവികാരം വ്രണപ്പെടുത്തുകയും ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണംകെടുത്തുകയും ചെയ്ത ബി.ജെ.പി നേതാവ് നൂപുർ ശർമയെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. നൂപുർ ശർമക്കെതിരെ നടപടി സ്വീകരിക്കാതെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാറിനെയും പൊലീസിനെയും കോടതി കടന്നാക്രമിച്ചു. പ്രവാചകനിന്ദയെ തുടർന്ന് തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നിച്ചാക്കണമെന്ന നൂപുർ ശർമയുടെ അപേക്ഷ പരിഗണിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പാർഡിവാല എന്നിവർ നടത്തിയ പരാമർശങ്ങൾ:
രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഓരോന്നിനും ഈ സ്ത്രീയാണ് ഏക ഉത്തരവാദി. ഇങ്ങനെയൊക്കെ പറയാൻ അവർക്ക് എന്താണ് കാര്യം? അവർ രാജ്യമെങ്ങും വികാരം ആളിക്കത്തിച്ച രീതി... അനന്തര ഫലങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ നിരുത്തരവാദപരമായ വായാടിത്തമാണ് അവർ നടത്തിയത്. (ഉദയ്പൂരിലെ കൊലയും സുപ്രീംകോടതി പരാമർശിച്ചു).
ഒരു ദേശീയ പാർട്ടിയുടെ വക്താവാകുന്നത് നിന്ദ്യമായ കാര്യങ്ങളെല്ലാം വിളിച്ചുപറയാനുള്ള ലൈസൻസല്ല. ഇക്കൂട്ടർക്ക് മതനിഷ്ഠയില്ല. മറ്റു മതങ്ങളോട് ആദരവുമില്ല. പ്രകോപിപ്പിക്കാനാണ് അവർ ഓരോ പരാമർശങ്ങൾ നടത്തുന്നത്. തരംതാണ പബ്ലിസിറ്റിക്കും രാഷ്ട്രീയ അജണ്ടക്കും ഹീനമായ ചെയ്തികൾക്കും വേണ്ടിയാണ് ഇത്തരമൊരു പരാമർശം നടത്തിയത്.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും അവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ, അത് അവരുടെ സ്വാധീനമാണ് കാണിക്കുന്നത്. അധികാരത്തിന്റെ പിൻബലമുണ്ടെന്നാണ് ആ സ്ത്രീയുടെ വിചാരം. അതുകൊണ്ട് നിരുത്തരവാദപരമായി പുലമ്പുന്നു. ഖേദപ്രകടനം നടത്തിയതാകട്ടെ, വളരെ വൈകിയാണ്. അതും ഉപാധിവെച്ച മട്ടിൽ 'വികാരങ്ങൾ വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ' എന്ന്. പരാമർശത്തിനെതിരെ ജനരോഷം ഉയർന്നപ്പോൾ മാത്രമാണ് അതുപോലും ഉണ്ടായത്. ടി.വിയിൽ പോയി അവർ രാജ്യത്തോട് മാപ്പുപറയണമായിരുന്നു.
ഒരു അജണ്ട പ്രോത്സാഹിപ്പിക്കാനല്ലാതെ, കോടതിയുടെ മുന്നിലുള്ള വിഷയത്തിൽ ചർച്ച നടത്താൻ ഒരു ടി.വി ചാനലിന് എന്തുകാര്യം? ചർച്ചാവേള ദുരുപയോഗിച്ചെന്ന് പരാതിയുണ്ടെങ്കിൽ ചർച്ചയിലെ ചാനൽ അവതാരകനെതിരെ നൂപുർ ശർമ പരാതി കൊടുക്കണമായിരുന്നു.
കീഴ്കോടതികളെ മറികടന്ന് നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതിനും കോടതി നൂപുർ ശർമയെ നിർത്തിപ്പൊരിച്ചു. ''ഈ രാജ്യത്തെ മജിസ്ട്രേറ്റുമാരെല്ലാം തനിക്ക് മുന്നിൽ തീരെ ചെറുതാണെന്ന മട്ടിൽ അഹങ്കാരം പുകയുന്നതാണ് അവരുടെ ഹരജി.'' നൂപുർ ശർമയുടെ പരാതി സുപ്രീംകോടതിയിൽ സ്വീകരിക്കാൻ പറ്റില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഹൈകോടതിയെ സമീപിക്കണം. ''ഇത്തരം പരാതി കേൾക്കാൻ ഈ കോടതിയുടെ വിവേകം അനുവദിക്കുന്നില്ല.'' ഈ ഘട്ടത്തിൽ കോടതി അനുമതിയോടെ പരാതി പിൻവലിച്ച് നൂപുർ ശർമയുടെ അഭിഭാഷകൻ മനീന്ദർസിങ് തലയൂരി.
പല സ്ഥലങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്നും ഒന്നിച്ചാക്കണമെന്നും അർണബ് ഗോസ്വാമിയുമായി ബന്ധപ്പെട്ട കേസ് ചൂണ്ടിക്കാട്ടി അഭിഭാഷകൻ വാദിച്ചുനോക്കിയിരുന്നു. എന്നാൽ, ഒരു പ്രത്യേക വിഷയത്തിൽ മാധ്യമപ്രവർത്തകൻ അഭിപ്രായം പറയുന്നതു പോലെയല്ല, പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കാതെ പാർട്ടി വക്താവ് നിരുത്തരവാദ പരാമർശം നടത്തി മറ്റുള്ളവരെ കടന്നാക്രമിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ മേയ് 27ന് ടൈംസ് നൗ ചാനൽ നടത്തിയ ചർച്ചയിൽ സംസാരിക്കുമ്പോഴാണ് നൂപുർ ശർമ പ്രവാചകനിന്ദ നടത്തിയത്. മുംബൈ, ഹൈദരാബാദ്, ശ്രീനഗർ എന്നിവിടങ്ങളിലായി നൂപുർ ശർമക്കെതിരെ ചുരുങ്ങിയത് മൂന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന പൊതുതാൽപര്യ ഹരജി മുൻനിർത്തി കൽക്കത്ത ഹൈകോടതി പശ്ചിമ ബംഗാൾ സർക്കാറിന്റെ അഭിപ്രായം തേടിയിട്ടുമുണ്ട്. അതേസമയം, പ്രവാചകനിന്ദ അന്താരാഷ്ട്ര പ്രതിഷേധം ഉയർത്തിയിട്ടും പൊലീസ് സംരക്ഷണത്തിൽ കഴിയുന്ന നൂപുർ ശർമയെ ബി.ജെ.പി വക്താവ് സ്ഥാനത്തുനിന്ന് മാറ്റിയതല്ലാതെ, ബി.ജെ.പിയോ കേന്ദ്രസർക്കാറോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.