'അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ല, തീരുമാനമുണ്ടാകണം'; എം.എൽ.എമാരുടെ അയോഗ്യത ഹരജിയിൽ മഹാരാഷ്ട്ര സ്പീക്കറോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഷിൻഡെയോടൊപ്പമുള്ള വിമത ശിവസേന എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ഹരജിയിൽ നിയമസഭ സ്പീക്കർ തീരുമാനമെടുക്കുന്നത് അനന്തമായി വൈകിപ്പിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. തീരുമാനം ഇങ്ങനെ നീട്ടിക്കൊണ്ടുപോകാനാവില്ല. ഒരാഴ്ചക്കുള്ളിൽ ഹരജി പരിഗണിക്കാനും അയോഗ്യത സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് സമയക്രമം നിശ്ചയിക്കാനും സ്പീക്കർ രാഹുൽ നർവേക്കർക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് നിർദേശം നൽകി.
മുഖ്യമന്ത്രി ഷിൻഡെ അടക്കം വിമതരായി മാറിയ എം.എൽ.എമാരെ അയോഗ്യരാക്കാൻ ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് പക്ഷം സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ, ചട്ടപ്രകാരം അയോഗ്യത ഹരജികളിൽ തീർപ്പ് കൽപിക്കേണ്ടത് നിയമസഭ സ്പീക്കറാണെന്നും സമയബന്ധിതമായി ഹരജി പരിഗണിച്ച് തീർപ്പാക്കണമെന്നും കഴിഞ്ഞ മേയിൽ സുപ്രീംകോടതി ഉത്തരവിട്ടു. വിധിയിൽ അപാകതയുണ്ടെങ്കിലെ കോടതി ഇടപെടുകയുള്ളൂവെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് പറഞ്ഞിരുന്നു.
കോടതിവിധി വന്ന് മാസങ്ങൾ പിന്നിട്ടിട്ടും അയോഗ്യതയിൽ സ്പീക്കർ തീരുമാനമെടുക്കാതെ വന്നതോടെയാണ് ഉദ്ധവ് പക്ഷം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. ഇരുപക്ഷത്തുനിന്നുമായി ഫയൽ ചെയ്ത 34 ഹരജികൾ തീർപ്പ് കാത്തിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 56 എം.എൽ.എമാരുടെ അയോഗ്യതയാണ് ഹരജികളിൽ പരസ്പരം ആവശ്യപ്പെടുന്നത്.
സ്പീക്കറുടെ മുന്നിൽ ഹരജിയെത്തിയിട്ട് ഒന്നും സംഭവിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സ്പീക്കർ സ്വതന്ത്രമായ ഭരണഘടനാ പദവിയാണെങ്കിലും സുപ്രീംകോടതി ഉത്തരവുകളെ വിലമതിക്കേണ്ടതുണ്ട്. എത്രയും വേഗം നടപടിയെടുക്കാൻ കോടതി നിർദേശിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. എന്നാൽ നോട്ടീസ് അയക്കുക മാത്രമാണ് ഇതിലുണ്ടായത് -കോടതി പറഞ്ഞു. തുടർന്നാണ് ഒരാഴ്ചക്കകം ഹരജി പരിഗണിക്കാനും തുടർന്ന് ഹരജി തീർപ്പാക്കുന്നതിനുള്ള സമയക്രമം നൽകാനും കോടതി സ്പീക്കർക്ക് നിർദേശം നൽകിയത്.
ഷിൻഡെ പക്ഷത്തെ 16 എം.എൽ.എമാരാണ് അയോഗ്യത ഭീഷണി നേരിടുന്നത്. ഇവർ അയോഗ്യരാക്കപ്പെടുകയാണെങ്കിൽ ബി.ജെ.പി സഖ്യസർക്കാറിന്‍റെ നിലനിൽപ്പ് തന്നെ അപകടത്തിലാവും. ഇത് മുന്നിൽ കണ്ടാണ് ബി.ജെ.പി എൻ.സി.പിയെ പിളർത്തി അജിത് പവാറിന്‍റെ നേതൃത്വത്തിൽ എം.എൽ.എമാരെ തങ്ങളോടൊപ്പം കൂട്ടിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അജിത് പവാറടക്കം ഒമ്പത് വിമത എം.എൽ.എമാരെ അയോഗ്യരാക്കാനാവശ്യപ്പെട്ട് എൻ.സി.പി ഔദ്യോഗിക പക്ഷവും സ്പീക്കർക്ക് ഹരജി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.