'ഘർ വാപ്സി'ക്ക് വാർഷിക ടാർഗെറ്റ് വേണം; പാകിസ്താനിലെ മുസ്ലീകളെ കൂടി ഹിന്ദുമതത്തിലേക്ക് എത്തിക്കണമെന്ന് തേജസ്വി സൂര്യ
text_fieldsന്യൂഡൽഹി: ഹിന്ദു മതത്തിൽ നിന്ന് പുറത്തു പോയവരെ തിരികെ കൊണ്ടുവന്ന് 'ഹിന്ദൂയിസം' ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത് ബി.ജെ.പി എം.പി തേജസ്വി സൂര്യ. പ്രധാനമായും കന്നഡയിൽ സംസാരിക്കുന്ന പ്രസംഗത്തിന്‍റെ ഒരു മണിക്കൂർ 20 മിനിറ്റ് ദൈർഘ്യമുള്ള മുഴുവൻ വീഡിയോ ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഡിസംബർ 25 ന് ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിലെ പരിപാടിയിൽവെച്ചാണ് തേജസ്വി സൂര്യ വർഗീയ ആഹ്വാനങ്ങൾ നടത്തിയത്.
'ഭീഷണികൾ കൊണ്ടും വശീകരണങ്ങൾ കൊണ്ടുമാണ് ഹിന്ദുക്കളെ മാതൃമതത്തിൽ നിന്ന് മതപരിവർത്തനം ചെയ്യിപ്പിച്ചിട്ടുള്ളത്. വിവിധ രാഷ്ട്രീയ -സാമൂഹിക, സാമ്പത്തിക കാരണങ്ങളാൽ മാതൃമതം ഉപേക്ഷിച്ച് പോയ ഹിന്ദുക്കളെ തിരികെ കൊണ്ടുവരിക മാത്രമാണ് ഈ അപാകത പരിഹരിക്കാൻ സാധ്യമായ ഒരേയൊരു വഴി' -പ്രസംഗത്തിൽ തേജസ്വി സൂര്യ പറഞ്ഞു.
പുറത്തുപോയആളുകളെ തിരികെകൊണ്ടുവരാൻ ഹിന്ദുമതസ്ഥാപനങ്ങൾ മുന്‍കൈയ്യെടുക്കണമെന്നും ഇത് വാർഷിക ലക്ഷ്യമായി കരുതി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നും സൂര്യ പറഞ്ഞു. ടിപ്പു ജയന്തി ദിനത്തിൽ 'ഹിന്ദുത്വത്തിലേക്കുള്ള പുനഃപരിവർത്തന' ത്തിന് പ്രാധാന്യം നൽകണമെന്നും 'ഘർ വാപ്സി' ഹിന്ദുക്കളുടെ ഉത്തരവാദിത്തമായി കാണണമെന്നും സൂര്യ ആഹ്വാനം ചെയ്തു. 'ഞങ്ങൾ ഈ രാജ്യത്ത് രാമക്ഷേത്രം നിർമ്മിച്ചു. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞു. അഖണ്ഡ ഭാരത് എന്ന ആശയത്തിൽ പാകിസ്താൻ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഇനി പാക്കിസ്താനിലെ മുസ്ലീകളെ കൂടി ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കാനുള്ള ശ്രമങ്ങൾ നടത്തണം' -തേജസ്വി സൂര്യ പറഞ്ഞു.
കർണാടകയിൽ ബി.ജെ.പി സർക്കാർ മതപരിവർത്തന വിരുദ്ധ നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച ചർച്ചക്ക് പിറകെയാണ് സൂര്യയുടെ പ്രസംഗങ്ങൾ വൈറലാകുന്നത്. ബില്ലിനെതിരെ കർണാടകയിലെ ക്രിസ്ത്യാനികൾ വലിയ എതിർപ്പുകൾ പ്രകടിപ്പിച്ചതുകൊണ്ട് ഹിന്ദുത്വ സംഘടനകൾ കർണാടകയിലുടനീളം ക്രിസ്മസ് ആഘോഷങ്ങളും പ്രാർഥനകളും തടസ്സപ്പെടുത്തിയിരുന്നു.
ഇതാദ്യമായല്ല തേജസ്വി സൂര്യ വർഗീയ ആഹ്വാനങ്ങൾ നടത്തുന്നത്. ഫാബ് ഇന്ത്യയുടെ ദീപാവലി പരസ്യത്തിനെതിരെ തേജസ്വി രംഗത്തെത്തിയിരുന്നു. ബെംഗളൂരുവിലെ കോവിഡ് വാർ റൂമിൽ നിന്ന് 17 മുസ്ലീം ജീവനക്കാരെ പുറത്താക്കിയും തേജസ്വി സൂര്യ വിവാദങ്ങൾ സൃഷിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.