അരവിന്ദ് കെജ്രിവാളിന്റെ ജാമ്യത്തിന് താൽക്കാലിക സ്റ്റേ; ഇ.ഡിയുടെ ഹരജി അടിയന്തരമായി പരിഗണിക്കും
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി ഹൈകോടതിയെ സമീപിച്ചു. ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ഇ.ഡിയുടെ ഹരജിയിൽ അടിയന്തരമായി കോടതി വാദം കേൾക്കും.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹരജി പരിഗണിക്കുന്നത് വരെ കെജ്രിവാളിന്റെ ജാമ്യത്തിന് കോടതി താൽക്കാലിക സ്റ്റേ ഏർപ്പെടുത്തി. ജസ്റ്റിസ് സുധീൻ കുമാർ ജെയിൻ, രവീന്ദർ ദുദേജ എന്നിവരുൾപ്പെടുന്ന ഹൈകോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ദില്ലി റോസ് അവന്യൂ കോടതിയാണ് മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണം എന്ന വ്യവസ്ഥയോടെയായിരുന്നു നടപടി. ജാമ്യം നൽകിയ ഉത്തരവ് 48 മണിക്കൂർ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന ഇ.ഡി ആവശ്യം കോടതി തള്ളിയിരുന്നു. അറസ്റ്റിലായി മൂന്നുമാസം തികയാനിരിക്കെയായിരുന്നു കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.
കേസിൽ പ്രതിപ്പട്ടികയിലുള്ള ചൻപ്രീത് സിങ് വ്യവസായികളിൽനിന്ന് വലിയ തുകകൾ കൈപ്പറ്റിയെന്നും കെജ്രിവാളിന്റെ ഹോട്ടൽ ബില്ലുകളടക്കം ഇയാൾ അടച്ചിരുന്നുവെന്നുമായിരുന്നു എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ വാദം. അന്വേഷണ സംഘത്തിന് തന്റെ ഫോണിന്റെ പാസ്വേഡ് നൽകുവാൻ കെജ്രിവാൾ തയാറാവുന്നില്ല. ജാമ്യം നിഷേധിക്കാൻ ഇത് മതിയായ കാരണമാണ്. കേസിൽ കുറ്റാരോപിതനായ വിജയ് നായരെ കെജ്രിവാൾ ഇടനിലക്കാരനായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇതിന് തെളിവുണ്ടെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു പറഞ്ഞു. എന്നാൽ, ഈ വാദങ്ങൾ തള്ളിയാണ് റോസ് അവന്യു കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.