ഇതിലും ഭേദം ജമ്മു-കശ്മീർ സംസ്ഥാനമായിരുന്നു -ലഡാക് നേതാക്കൾ
text_fieldsന്യൂഡൽഹി: ലഡാക് ജനതയെ വിഡ്ഢികളാക്കാനാണ് കേന്ദ്രസർക്കാർ നോക്കുന്നതെന്നും ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി നിലനിർത്തുന്നതിലും ഭേദം പഴയതുപോലെ ജമ്മു-കശ്മീർ സംസ്ഥാനത്ത് കഴിയുകയായിരുന്നെന്നും നേതാക്കൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപവത്കരിച്ച ഉന്നതാധികാര സമിതിയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചാണ് ലഡാക് നേതാക്കൾ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. സംസ്ഥാന പദവിക്കായി ഒരുവർഷമായി ലഡാക്കിലെ ജനങ്ങൾ നടത്തുന്ന സമരം അവസാനിപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അധ്യക്ഷനായ സമിതിയുണ്ടാക്കിയത്.
ലഡാക്കിന് സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവി തുടങ്ങിയ തങ്ങളുടെ പ്രധാന ആവശ്യങ്ങൾ അജണ്ടയാക്കാതെ കേന്ദ്ര സമിതിയുമായി സഹകരിക്കില്ലെന്ന് ലഡാക്കിലെയും കാർഗിലിലെയും ജനാധിപത്യ സഖ്യത്തിന്റെ മേലധികാര സമിതി വ്യക്തമാക്കി. ലഡാക് ലഫ്റ്റനന്റ് ഗവർണർ, ലഡാക് എം.പി, ആഭ്യന്തര മന്ത്രാലയ പ്രതിനിധി സമരം നയിക്കുന്ന ലഡാക്കിലെയും കാർഗിലിലെയും ജനാധിപത്യ സഖ്യത്തിന്റെ ഒമ്പത് പ്രതിനിധികൾ എന്നിവരെയാണ് സമിതി അംഗങ്ങളായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്.
നിലവിലെ അവസ്ഥയിൽ ജമ്മു-കശ്മീർ സംസ്ഥാനത്തിന്റെ ഭാഗമായിരിക്കുകയായിരുന്നു ഇതിലും ഭേദമെന്ന് തോന്നുകയാണെന്ന് വിശാല സഖ്യത്തിന്റെ ഭാഗമായ ലഡാക് ബുദ്ധിസ്റ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ചെറിങ് ഡോർജയ് അഭിപ്രായപ്പെട്ടു. ലഡാക് ജനതയെ വിഡ്ഢികളാക്കാനാണ് കേന്ദ്രസർക്കാർ നോക്കുന്നത്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവിയും നൽകുന്നതിന് കേന്ദ്രം എതിരാണെന്ന് തങ്ങൾ മനസ്സിലാക്കുന്നു. ഭരണഘടനയുടെ ഏത് വകുപ്പ് വെച്ചാണ് ലഡാക്കിലെ ജനങ്ങളുടെ ഭൂമിയും തൊഴിലും അസ്തിത്വവും സംരക്ഷിക്കാൻ പോകുന്നതെന്ന് അവർ പറയുന്നില്ലെന്നും മുൻ ബി.ജെ.പി നേതാവ് കൂടിയായ ഡോർജയ് പറഞ്ഞു.
ലഡാക്കിലെ നിയന്ത്രണരേഖയിൽ ചൈനയുമായി അതിർത്തി സംഘർഷം നടന്നുകൊണ്ടിരിക്കുമ്പോൾ ഒരുവർഷമായി ലഡാക്കിലെ ജനങ്ങൾ പ്രക്ഷോഭത്തിലിരിക്കുന്നത് കേന്ദ്രത്തിന് തലേവദനയായിരിക്കുകയാണ്.
ലഡാക്കിനെ പ്രത്യേക കേന്ദ്ര ഭരണപ്രദേശമാക്കുന്നതോടെ ദശകങ്ങളായുള്ള വിവേചനം അവസാനിക്കുമെന്നും വികസനം വരുമെന്നുമായിരുന്നു കേന്ദ്രവും ബി.ജെ.പിയും അവകാശപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.