ഒ.പി.എസിന്റെ ഭാവി അനിശ്ചിതത്വത്തിൽ; തമിഴ്നാട്ടിൽ ഇ.പി.എസ് അനുയായികളുടെ ആഹ്ലാദപ്രകടനം
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെയിലെ അധികാര തർക്ക കേസിൽ എടപ്പാടി പളനിസാമി (ഇ.പി.എസ്) പാർട്ടി ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ശരിവെച്ച സുപ്രീംകോടതി വിധിയോടെ ഒ. പന്നീർശെൽവത്തിന്റെ (ഒ.പി.എസ്) രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിൽ. ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെയിലെ അധികാര തർക്കത്തിന് സുപ്രീംകോടതി വിധിയോടെ വിരാമമാവുകയാണ്. വിധിക്കു പിന്നാലെ ഒ.പി.എസ്, ശശികല, ടി.ടി.വി. ദിനകരൻ എന്നിവരെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് കൂടിയായ ഇ.പി.എസ് പ്രഖ്യാപിച്ചു.
പ്രത്യേക സാഹചര്യത്തിൽ സിവിൽ കോടതിയിലുള്ള കേസുമായി ഒ.പി.എസിന് മുന്നോട്ടുപോകാമെങ്കിലും സുപ്രീംകോടതി വിധിയുടെ പഞ്ചാത്തലത്തിൽ കീഴ്കോടതിയിൽനിന്ന് മറ്റൊരു വിധി പ്രതീക്ഷിക്കാനാവില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ശശികല, ടി.ടി.വി. ദിനകരൻ ക്യാമ്പിലേക്ക് ചേക്കേറുകയാണ് മറ്റൊരു വഴി. എല്ലാ വഴികളും അടയുന്നപക്ഷം പന്നീർശെൽവം ബി.ജെ.പിയിൽ ചേരുമെന്നും അഭ്യൂഹമുണ്ട്.
തേനിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒ.പി.എസിന്റെ മകൻ പി. രവീന്ദ്രനാഥ് അണ്ണാ ഡി.എം.കെയുടെ ലോക്സഭയിലെ ഏക അംഗമാണ്. രവീന്ദ്രനാഥിനെ അംഗീകരിക്കാനും ഇ.പി.എസ് വിഭാഗം തയാറല്ല. സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഒ.പി.എസ് വിഭാഗം അറിയിച്ചു.
സുപ്രീംകോടതി വിധിയോടെ അണ്ണാ ഡി.എം.കെയുടെ പൂർണ ആധിപത്യം ഇ.പി.എസിന്റെ കൈകളിലായി. നേരത്തേ പാർട്ടി ഓഫിസിന്റെ നിയന്ത്രണം കോടതി ഇ.പി.എസിന് കൈമാറിയിരുന്നു. ഈറോഡ് ഉപതെരഞ്ഞെടുപ്പിൽ ഇ.പി.എസ് പക്ഷം നിർത്തിയ സ്ഥാനാർഥിക്ക് അണ്ണാ ഡി.എം.കെയുടെ ഔദ്യോഗിക ചിഹ്നമായ ‘രണ്ടില’ അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പാർട്ടി ജനറൽ കൗൺസിൽ വീണ്ടും വിളിച്ചുകൂട്ടി ഇ.പി.എസിനെ സ്ഥിരം ജനറൽ സെക്രട്ടറിയായി അവരോധിക്കാനാണ് നീക്കം.
കോടതിവിധി പുറത്തുവന്നതോടെ ചെന്നൈ റോയപേട്ടയിലെ അണ്ണാ ഡി.എം.കെ ആസ്ഥാനത്തും സംസ്ഥാനത്തിന്റെ മറ്റു കേന്ദ്രങ്ങളിലും പാർട്ടി പ്രവർത്തകർ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ലാദ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.