ഏഴര മാസത്തെ അന്യായ തടങ്കൽ; ആര് സമാധാനം പറയും?
text_fieldsന്യൂഡൽഹി: ന്യൂസ്ക്ലിക് സ്ഥാപകനും എഡിറ്റർ-ഇൻ ചീഫുമായ പ്രബീർ പുർകായസ്തയുടെ ഏഴര മാസത്തെ അന്യായ തടങ്കലിന് ആര് സമാധാനം പറയും? മോദിസർക്കാറിന് കോടതിയിൽനിന്ന് മൂന്നാമത്തെ തുടരൻ തിരിച്ചടി കിട്ടിയതിനൊപ്പം ഈ ചോദ്യം ബാക്കി.
ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തി ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിന് പുലർച്ച വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത പുർകായസ്തക്ക് വ്യക്തമായ തെളിവുകളൊന്നുമില്ലാതെ തടവിൽ കിടക്കേണ്ടിവന്നത് 226 ദിവസമാണ്. അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി പ്രഖ്യാപിക്കുമ്പോൾ പുറത്തുവന്നത് രാജ്യത്ത് നടക്കുന്ന അന്യായമായ മാധ്യമവേട്ടയുടെ ദുർമുഖം.
ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയതിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമനുവദിച്ചതിനും പിന്നാലെയാണ് ബദൽ മാധ്യമ സ്ഥാപനമായ ന്യൂസ്ക്ലിക് സ്ഥാപകന്റെ അറസ്റ്റ് നിയമത്തിന്റെ കണ്ണിൽ അസാധുവാണെന്ന് സുപ്രീംകോടതി വിധിച്ചത്. കോടതിയിൽനിന്ന് കിട്ടിയ പുതിയ പ്രഹരം ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒത്ത നടുവിൽ മോദിസർക്കാറിന്റെ പ്രതിച്ഛായ കൂടുതൽ ഉലച്ചു.
ചൈനയുടെ ഫണ്ട് വാങ്ങി ഇന്ത്യവിരുദ്ധ പ്രചാരണം നടത്തിയെന്നതു മുതൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായെന്നുവരെയുള്ള ആരോപണങ്ങളുടെ നീണ്ട പട്ടികയുമായി ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച 8,000 പേജ് വരുന്ന കുറ്റപത്രം കൂടിയാണ് സുപ്രീംകോടതി ഉത്തരവ് വന്നതോടെ ചോദ്യം ചെയ്യപ്പെടുന്നത്.
ന്യൂയോർക് ടൈംസിൽ വന്ന ഒരു റിപ്പോർട്ട് മാത്രം ആധാരമാക്കിയാണ് മതിയായ തെളിവുകളില്ലാതെ പൊലീസ് പുർകായസ്തയേയും എച്ച്.ആർ വിഭാഗം മേധാവി അമിത് ചക്രവർത്തിയെയും യു.എ.പി.എ വകുപ്പുകൾ ചുമത്തി അറസ്റ്റുചെയ്തത്. കേസ് മുന്നോട്ടുപോയതിനിടയിൽ സഹപ്രവർത്തകനായ അമിത് ചക്രവർത്തി കോടതിക്കു മുന്നിൽ പുർകായസ്തക്കെതിരെ മാപ്പുസാക്ഷിയായത് പൊലീസ് മുറയുടെ മറ്റൊരു ഉദാഹരണമായി.
പുർകായസ്തക്കോ അഭിഭാഷകനോ റിമാൻഡ് പകർപ്പ് നൽകാത്ത പൊലീസ് നടപടിയാണ് അറസ്റ്റ് അസാധുവാക്കുന്നതിന് സുപ്രീംകോടതി ആധാരമാക്കിയത്. അതുകൊണ്ട് ന്യൂസ്ക്ലിക് കേസ് പൊലീസ് അവസാനിപ്പിക്കുന്നുവെന്ന് അർഥമില്ല.
നിയമാനുസൃത നടപടി പൂർത്തിയാക്കി പുർകായസ്തയെ വീണ്ടും അറസ്റ്റു ചെയ്യാനുള്ള അടുത്ത നീക്കം പൊലീസ് നടത്താൻ സാധ്യതയേറെ. അതേസമയം, മാപ്പുസാക്ഷി മൊഴിബലത്തിനപ്പുറം, ന്യൂസ്ക്ലിക്കിനും പുർകായസ്തക്കും മേൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾക്ക് പുതിയ തെളിവുകൾ സമാഹരിക്കാൻ സാധിക്കുകയും വേണം.
കെജ്രിവാളിനെ അറസ്റ്റുചെയ്ത ഇ.ഡി നടപടിയുടെ കാര്യത്തിലെന്നപോലെ പുർകായസ്തക്കെതിരായ പൊലീസ് നടപടികൾക്കും ഡൽഹി ഹൈകോടതിയിൽനിന്നുണ്ടായ അനുകൂലമായ നിലപാടു കൂടി സുപ്രീംകോടതി ഉത്തരവോടെ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. അന്തസ്സാർന്ന ജീവിതത്തിനും സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനുമുള്ള അവകാശ വിളംബരമായി സുപ്രീംകോടതി ഉത്തരവ് മാറുകയും ചെയ്തു. സ്വതന്ത്ര മാധ്യമങ്ങൾക്ക് നല്ല ദിവസമെന്നാണ് കോടതി വിധിയോട് ന്യൂസ്ക്ലിക് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.