തോക്ക് ചൂണ്ടി ജീവനക്കാരുടെ കൈകാലുകൾ കെട്ടിയിട്ടു; മുത്തൂറ്റ് ഫിനാൻസിൽനിന്ന് കൊള്ളയടിച്ചത് ഏഴ് കോടിയുടെ സ്വർണം
text_fieldsചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ മുത്തൂറ്റ് ഫിനാൻസിെൻറ ഹൊസൂർ ശാഖയിൽനിന്ന് പട്ടാപ്പകൽ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ജീവനക്കാരെ കെട്ടിയിട്ട് 7.41 കോടി രൂപയുടെ സ്വർണം കൊള്ളയടിച്ചു. ഹൊസൂർ ബസ്സ്റ്റാൻഡിന് സമീപം ജനത്തിരക്കേറിയ ബഗലൂർ റോഡിലെ കെട്ടിടത്തിൽ ഒന്നാം നിലയിലുള്ള സ്ഥാപനത്തിൽ വെള്ളിയാഴ്ച രാവിലെ പത്തിനാണ് സംഭവം.
ആറംഗ സായുധ മുഖംമൂടി സംഘം ശാഖ മാനേജർ ഉൾപ്പെടെ നാല് ജീവനക്കാരെ തോക്കും കത്തികളും കാണിച്ച് ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു. ജീവനക്കാരെ മർദിച്ച് കൈകാലുകൾ കെട്ടിയിട്ട് വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു. പിന്നീട്, താക്കോലുകൾ കൈക്കലാക്കി ലോക്കറുകൾ കൊള്ളയടിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.
മാനേജർ ശ്രീനിവാസ രാഘവ, ജീവനക്കാരായ മാരുതി, പ്രശാന്ത്, രാജേന്ദ്രൻ എന്നിവരാണ് ആക്രമണത്തിനിരയായത്. 25,091 ഗ്രാം സ്വർണവും 96,000 രൂപയും നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. സ്വർണാഭരണങ്ങൾ മൂന്ന് ബാഗുകളിൽ നിറച്ച് പ്രതികൾ ബൈക്കുകളിലാണ് രക്ഷപ്പെട്ടത്. പിന്നീട് വന്ന ചില ഉപഭോക്താക്കളാണ് ജീവനക്കാരെ രക്ഷിച്ചത്.
എസ്.പി ബണ്ടി ഗംഗാധറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. വിരലടയാള വിദഗ്ധർ പരിശോധന നടത്തി. സ്ഥാപനത്തിനകത്തും പുറത്തുമുള്ള സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വടക്കേ ഇന്ത്യയിൽനിന്നെത്തിയ കൊള്ളസംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ജീവനക്കാരെയും ചോദ്യം ചെയ്തു. പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേക പൊലീസ് ടീമുകളെ നിയോഗിച്ചതായി എസ്.പി അറിയിച്ചു.
ഇതിനിടെ സ്വർണം പണയംവെച്ച ഇടപാടുകാർ സ്ഥാപനത്തിനു മുന്നിൽ തടിച്ചുകൂടി ബഹളംവെച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് ഇടെപട്ട് ഇവരെ ആശ്വസിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.