അസമിൽ കാറും ട്രക്കും കൂട്ടിയിടിച്ച് കുടുംബത്തിലെ ഏഴ് പേർ മരിച്ചു
text_fieldsദിസ്പൂർ: കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. അസമിലെ ദിബ്രുഗഢിലാണ് സംഭവം. കുടുംബം സഞ്ചരിച്ച ഹരിയാന രജിസ്‌ട്രേഷൻ നമ്പറുള്ള ഇന്നോവ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സതീഷ് കുമാർ അഗർവാൾ (45), പോംപി അഗർവാൾ (42), കൃഷ്ണകുമാർ അഗർവാൾ (25), നിർമൽ കുമാർ അഗർവാൾ (70), പുഷ്പ സുരേഖ അഗർവാൾ (65), നമൽ അഗർവാൾ, ഗോലോ അഗർവാൾ എന്നിവരാണ് മരിച്ചത്. ഇവർ അസമിലെ ഗുവാഹത്തിയിലെ താമസക്കാരും ഒരു കുടുംബത്തിലുള്ളവരുമാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
അപകടത്തിൽ ട്രക്കിന്റെ മുൻഭാഗം പൂർണമായി തകർന്നു. പരിക്കേറ്റവർ ദിബ്രുഗഢിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 'അപകടസാധ്യത ഏറെയുള്ള ഒരു പ്രദേശമാണിത്. അമിത വേഗത കാരണം ഇവിടെ മുമ്പും അപകടങ്ങൾ നടന്നിട്ടുണ്ട്. വളരെ ദുഃഖകരമായ സംഭവമാണിത്. ഒരു വലിയ ശബ്ദം കേട്ട് നോക്കിയപ്പോൾ ട്രക്കും ഇന്നോവ കാറും കൂട്ടിയിടിച്ചതാണ് കണ്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചിലർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു' -പ്രദേശവാസി പറഞ്ഞു.
അമിത വേഗവും വാഹനമോടിക്കുമ്പോഴുള്ള അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണം. ഈ ആഴ്‌ചയിൽ തന്നെ അസമിലെ വിവിധ പ്രദേശങ്ങളിൽ നിരവധി അപകടങ്ങൾ നടക്കുകയും നിരവധി പേർ മരിക്കുകയും ചെയ്തിരുന്നു. വാഹനമോടിക്കുമ്പോൾ ട്രാഫിക്, സുരക്ഷാ നടപടികൾ പാലിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൽ അസം പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.