ഹരിയാനക്ക് കോൺഗ്രസിന്റെ ഏഴ് ഗാരന്റി
text_fieldsന്യൂഡൽഹി: ഹരിയാനയിൽ ഭരണം തിരിച്ചുപിടിക്കാൻ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി തുടങ്ങിയവ ഉൾപ്പെടെ കർഷകരെയും സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഏഴ് ഗാരന്റികളടങ്ങിയ പ്രകടനപത്രിക ബുധനാഴ്ച പാർട്ടി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പുറത്തിറക്കി.
സ്ത്രീ ശാക്തീകരണം, കാർഷിക അഭിവൃദ്ധി, സാമൂഹിക സുരക്ഷ, യുവാക്കളുടെ ഭാവി സുരക്ഷിതമാക്കൽ, പാവപ്പെട്ടവർക്ക് പാർപ്പിടം, പിന്നാക്ക വിഭാഗങ്ങളുടെ അവകാശം ഉറപ്പാക്കൽ എന്നിവയാണ് മറ്റു ഗാരന്റികൾ.
ജാതി സർവേ, വിളകൾക്ക് നിയമ പരിരക്ഷ, 500 രൂപ നിരക്കിൽ ഗ്യാസ് സിലിണ്ടർ, 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, രണ്ടു ലക്ഷം ഒഴിവുകളിൽ നിയമനം, വാർധക്യ -വികലാംഗ- വിധവ പെൻഷനുകൾ 6000 രൂപയാക്കും, പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കും, പാവങ്ങൾക്ക് മൂന്നര ലക്ഷം രൂപ ചെലവിൽ രണ്ട് മുറിയുള്ള വീട്, ക്രീമിലെയർ പരിധി 10 ലക്ഷമാക്കും, വിള നഷ്ടപരിഹാരം ഉടൻ നൽകും തുടങ്ങിയവയാണ് കോൺഗ്രസിന്റെ പ്രധാന ഉറപ്പുകൾ.
ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ്. 2014ൽ കോൺഗ്രസിൽ നിന്നും സംസ്ഥാനം പിടിച്ചെടുത്ത ബി.ജെ.പി 2019ലും ഭരണം നിലനിർത്തി. പാർട്ടിയിലെ ആഭ്യന്തര കലഹമാണ് 2019ൽ കോൺഗ്രസിന് തിരിച്ചടിയായത്. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഇക്കുറിയും സ്ഥാനാർഥി നിർണയത്തിൽ ആധിപത്യമുറപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ കുമാരി ഷെൽജ, രൺദീപ് സിങ് സുർജെവാല എന്നീ നേതാക്കൾ ഹൈകമാൻഡ് ഇടപെടലിനെ തുടർന്ന് എതിർപ്പ് പരസ്യമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.