ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ ഏഴുപേർ കൂടി അറസ്റ്റിൽ
text_fieldsമുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ ഷാറൂഖ് ഖാെൻറ മകൻ ആര്യൻ ഖാൻ അടക്കം അറസ്റ്റിലായ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ ഏഴുപേർ കൂടി പിടിയിൽ . ഡൽഹി ഇവൻറ് മാനേജ്മെൻറ് കമ്പനിയിലെ നാലുപേരും അറസ്റ്റിലായവരിൽ ഉൾപ്പെടും. ഗോപാൽജി ആനന്ദ്, സമീർ സെഹ്ഗാൾ, മാനവ് സിംഗാൾ, ഭാസ്ക്കർ അറോറ എന്നിവരാണ് ഇവൻറ് മാനേജ്മെൻറ് കമ്പനി ഉദ്യോഗസ്ഥർ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. ഗോവക്ക് വരികയായിരുന്ന കോർദേലിയ കപ്പലിൽ നിന്ന് ഒമ്പതുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മലയാളിയായ ശ്രേയസ് നായർ (23) കൂടാതെ അബ്ദുൽ ഖദീർ ശൈഖ്(30), മനീഷ് രാജ്ഗരിയ(26), അവിൻ സാഹു(30) എന്നിവരെ ചൊവ്വാഴ്ച മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഈ മാസം 11 വരെ കസ്റ്റഡിയിൽ വിട്ടു. ആര്യൻ ഖാനെയും(23) മറ്റുള്ളവരേയും തിങ്കളാഴ്ച തന്നെ കസ്റ്റഡിയിൽ വിട്ടിരുന്നു. ആര്യൻ ഖാനും മറ്റു രണ്ടുപേരും തമ്മിൽ നടന്ന വാട്സാപ് ചാറ്റ് മയക്കുമരുന്നിെൻറ അന്താരാഷ്ട്ര ബന്ധങ്ങൾ വെളിപ്പെടുത്തുന്നതാണെന്ന് എൻ.സി.ബി കോടതിയിൽ പറഞ്ഞു.
അർബാസ് മർച്ചൻറ്, മൂൺമുൺ ധമേച്ച, നൂപുർ സതീജ, ഇഷ്മീത് ഛദ്ദ, മോഹക് ജയ്സ്വാൾ, ഗോമിത് ചോപ്ര, വിക്രാന്ത് ചൊക്കർ എന്നിവരുമാണ് ഇതുവരെ അറസ്റ്റിലായത്. അർബാസ്, മൂൺമുൺ ധമേച്ച എന്നിവരിൽ നിന്ന് അഞ്ചും ആറും ഗ്രാം വീതം ചരസ് പിടിച്ചതായാണ് എൻ.സി.ബി അവകാശപ്പെട്ടത്. ആര്യനെ ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചത് നാലു ദിവസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.